Malappuram
ക്ലോറോഫോം മണപ്പിച്ച് കവര്‍ച്ച: പ്രതികള്‍ പിടിയില്‍

മഞ്ചേരി: മേലാക്കത്ത് എണ്‍പത്തഞ്ചുകാരിയെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ മൂന്നു വര്‍ഷത്തിനു ശേഷം പിടിയിലായി. തിരൂരങ്ങാടി മൂന്നിയൂര്‍ വീരാന്‍പടി കുന്നത്തുപറമ്പ് ചെമ്പന്‍ അബ്ദു സമദ്(26), വേങ്ങര പറപ്പൂര്‍ നായര്‍പടി കൂളത്ത് അബ്ദുല്‍ റഹീം (36) എന്നിവരാണ് പിടിയിലായത്.
2012 ഫെബ്രുവരി 10നായിരുന്നു മേലാക്കത്തെ കവര്‍ച്ച. മഞ്ചേരി മേലാക്കം പൂഴിക്കുത്ത് മുഹമ്മദിന്റെ ഭാര്യ കദീജുമ്മ(85)യെയാണ് അബോധാവസ്ഥയിലാക്കിയത്. വീട്ടിലെ മറ്റുള്ളവര്‍ ജുമുഅ നമസ്‌ക്കാരത്തിന് പോയ സമയത്താണ് സംഭവം. ഖദീജുമ്മ ധരിച്ചിരുന്ന മൂന്ന് വളകള്‍, കമ്മലുകള്‍, കട്ടിലില്‍ അഴിച്ചു വെച്ചിരുന്ന മാല എന്നിവയടക്കം പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. പട്ടാപകല്‍ നഗരമധ്യത്തില്‍ നടന്ന ഈ കവര്‍ച്ച നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു.
ഈ കേസിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഒന്നാം പ്രതി അബ്ദുല്‍ സമദിനെ മറ്റൊരു മോഷണ കേസില്‍ വളാഞ്ചേരി സി ഐ അറസ്റ്റ് ചെയ്യുന്നത്. പോലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി സി ഐ സണ്ണി ചാക്കോ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് കേസിന് തുമ്പായത്. മറ്റൊരു മോഷണ കേസില്‍ കൊണ്ടോട്ടി പോലീന്റെ പിടിയിലായ രണ്ടാം പ്രതി അബ്ദുല്‍ റഹീം പത്തു മാസമായി റിമാന്റിലാണ്. സമദില്‍ നിന്നാണ് റഹീമിന്റെ പങ്കാളിത്തത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇവര്‍ നടത്തിയ നിരവധി കവര്‍ച്ച കേസുകള്‍ക്ക് തുമ്പായി. 2012 മെയ് അഞ്ചിന് തിരൂരങ്ങാടി മൂന്നിയൂര്‍ പാറേക്കാവില്‍ വീടിനകത്തെ തൊട്ടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ തൊട്ടില്‍ കൊളുത്തിവലിച്ച് ഏഴര പവന്‍ സ്വര്‍ണം കവര്‍ന്ന കേസ്, രണ്ടര വര്‍ഷം മുമ്പ് പാറേക്കാവ് പത്മനാഭന്‍ നായരുടെ ഭാര്യ കമലാക്ഷിയമ്മയുടെ വീട്ടില്‍ കയറി മരുമകള്‍ ഗ്രീഷ്മയുടെ മാല പൊട്ടിച്ചോടിയ കേസ്, ഒരു മാസം കഴിഞ്ഞ് മൂന്നിയൂര്‍ ഐശ്വര്യയില്‍ ഗോപാലന്‍നായരുടെ ഭാര്യയുടെ മൂന്നു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസ്, 2012 ഡിസംബര്‍ 16ന് മൂന്നിയൂര്‍ അമ്പലശ്ശേരി താഴത്തെ വീട്ടില്‍ സാദിഖിന്റെ വീട്ടില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങള്‍, എ ടി എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ച കേസ് എന്നിവ തെളിയിക്കപ്പെട്ട കേസുകളില്‍പെടും. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ മഞ്ചേരി സി ഐ സണ്ണി ചാക്കോ, എസ് ഐ മാരായ പി വിഷ്ണു. ഗംഗാധരന്‍, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എം അസൈനാര്‍, സഞ്ജീവ്, സുബൈര്‍, ഷീബ എന്നിവരാണ് അന്വേഷണം നടത്തിയത്.