Connect with us

Kasargod

ആലംപാടി ഉസ്താദ് സ്മാരക മന്ദിരം ഉദ്ഘാടനം 13ന്

Published

|

Last Updated

കാഞ്ഞങ്ങാട്: പണിപൂര്‍ത്തിയായ ആലംപാടി ഉസ്താദ് മെമ്മോറിയല്‍ സുന്നി സെന്റര്‍ ഉദ്ഘാടനത്തിനെത്തുന്ന അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സ്വീകരിക്കാന്‍ പഴയ കടപ്പുറം ഒരുങ്ങി.
ഈമാസം 13ന് കാഞ്ഞങ്ങാട്ടെത്തുന്ന കാന്തപുരത്തെ അതിഞ്ഞാല്‍ സമര്‍ഖന്തി മഖാം പരിസരത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പഴയ കടപ്പുറത്തേക്ക് സ്വീകരിച്ചാനയിക്കും. നാടിന്റെ മത സാമൂഹ്യ സാംസ്‌കാരിക- ജീവകാരുണ്യ സേവന മേഖലകളില്‍ നിറസാന്നിധ്യമായ സുന്നി സംഘടനകളുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന്റെ ആഹ്ലാദ ആരവങ്ങളിലാണ് പഴയകടപ്പുറത്തെ സുന്നീ പ്രവര്‍ത്തകര്‍.
ഉച്ചക്ക് ഒരു മണിക്ക് കാന്തപുരം സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്യുമ്പോള്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഉദ്ഘാടനസമ്മേളനം സമസ്ത മുശാവറ അംഗം മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിക്കും.
ബുര്‍ദ മജ്‌ലിസ്, നാത് ശരീഫ്, ദ്വിദിന മതപ്രഭാഷണം എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest