ജുവൈനല്‍ ജസ്റ്റിസ് ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

Posted on: May 7, 2015 5:43 pm | Last updated: May 8, 2015 at 12:01 am

parliment of indiaന്യൂഡല്‍ഹി: കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഹീനമായ കൃത്യങ്ങള്‍ ചെയ്യുന്ന പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ തന്നെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബാലനിതി നിയമത്തിന് ലോക്‌സഭ അംഗീകാരം നല്‍കി. പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിശോധിച്ച് കുട്ടിയാണോ മുതിര്‍ന്നയാളാണോയെന്ന് സ്ഥിരീകരിച്ച ശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക.
നിയമവിരുദ്ധ ദത്തെടുക്കല്‍, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ക്രൂരമായ ശിക്ഷാ മുറകള്‍, തീവ്രവാദ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളും പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ബില്‍ ഉടന്‍ രാജ്യസഭയുടെ അംഗീകാരത്തിന് വരും.
സര്‍ക്കാര്‍ കൊണ്ടുവന്ന 42 ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ബില്‍ പാസ്സാക്കിയത്. എന്നാല്‍, കോണ്‍ഗ്രസിലെ ശശി തരൂര്‍, ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ തള്ളി. നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതിന് വഴിവെച്ചേക്കാമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനാണ് ബില്ലില്‍ ശ്രമിച്ചിട്ടുള്ളതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി പറഞ്ഞു. 2013ല്‍ മാത്രം 28,000 കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ 3887 പേര്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. ബില്ലില്‍ പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ച ശിപാര്‍ശകള്‍ തള്ളിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. പതിമൂന്ന് ശിപാര്‍ശകളില്‍ പതിനൊന്നും അംഗീകരിച്ചതായി മനേകാ ഗാന്ധി പറഞ്ഞു.
പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നത് വര്‍ധിച്ചുവരുന്നതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട കൊലപാതക കേസുകള്‍ 531 എണ്ണമാണ് 2012ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2013ല്‍ ഇത് 1,007 ആയി വര്‍ധിച്ചു. ബലാത്സംഗം. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തുടങ്ങിയ കേസുകളിലും ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടുണ്ടായിട്ടുള്ളത്. പ്രതിക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടില്ലെങ്കില്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പോലും നിലവിലുള്ള ബാലനീതി നിയമമനുസരിച്ച് പരമാവധി മൂന്ന് വര്‍ഷം ശിക്ഷയേ ലഭിക്കൂ.
ഡല്‍ഹിയില്‍ നിര്‍ഭയ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലാണ് ബാലനീതി നിയമം ഭേദഗതി ചെയ്തത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ച ശേഷം വിട്ടയക്കാനുള്ള ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.