Malappuram
അടക്കാകുണ്ട് റോഡ് ടാറിംഗ് അനിശ്ചിതത്വത്തില്‍

കാളികാവ്: പി എം ജി എസ് വൈ പദ്ധതിയില്‍ നവീകരിക്കുന്ന ചെങ്കോട്- അടക്കാകുണ്ട്- പാറശ്ശേരി റോഡിന്റെ ടാറിംഗ് അനിശ്ചിതത്വത്തില്‍. ഏറെ കാത്തിരിപ്പിനും മുറവിളികള്‍ക്കുമൊടുവില്‍ തുടങ്ങിയ റോഡ് പ്രവൃത്തി വീതികൂട്ടി സോളിംഗ് നടത്തി ചെളിനിരത്തിയെങ്കിലും ടാറിംഗ് നടത്താന്‍ വൈകുകയാണ്. കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ ഇനി മഴക്ക് മുമ്പേ ടാറിംഗ് നടത്താന്‍ കഴിയില്ലെന്നാണ് സൂചന.
ഇതോടെ വരും ദിവസങ്ങളില്‍ റോഡിലൂടെ ഗതാഗതം ദുരിതമാവുമെന്നുറപ്പായി. ചെങ്കോട് നിന്നും തുടങ്ങി മൂന്നേ മുക്കാല്‍ കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിനെ അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറിയിലെ മുവ്വായിരത്തോളം വിദ്യാര്‍ഥികളും പാറശ്ശേരി ജി എല്‍ പി സ്‌കൂളിലെ കുരുന്നുകളും ആശ്രയിക്കുന്നു.
നേരത്തേ മെയ് 31 മുമ്പ്് ടാറിംഗ് നടത്തുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ടാറിംഗ് ഇനി ഇപ്പോള്‍ ഉണ്ടാവില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുന്ന പ്രദേശമായതിനാല്‍ സോളിംഗ് പാടെ ഇളകിപ്പോവാനും പുറമെ റോഡ് ചെളിമയമാവാനും സാധ്യതയുണ്ട്.
സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡായതിനാല്‍ പ്രദേശത്ത് യാത്രാ ദുരിതം കൂട്ടുമെന്നുറപ്പാണ്.