അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സഞ്ചാരികളുടെ മനംകവര്‍ന്ന് കേരള ടൂറിസം

Posted on: May 7, 2015 5:38 am | Last updated: May 6, 2015 at 11:39 pm

തിരുവനന്തപുരം: മണ്‍സൂണ്‍ ടൂറിസം, ആയൂര്‍വേദം, കായലോരം, ഹരിതഭംഗി തുടങ്ങിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തനത് സവിശേഷതകളെ അനാവരണം ചെയ്യുന്ന കേരള ടൂറിസത്തിന്റെ പവലിയന്‍ അറേബ്യ ട്രാവല്‍ മാര്‍ക്കറ്റിലെ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. മധ്യപൂര്‍വ്വേഷ്യന്‍ വിപണികളെ ലക്ഷ്യമിട്ട് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച മേളയിലാണ് കേന്ദ്ര വിനോദസഞ്ചാര വകുപ്പിനൊപ്പം കേരളത്തിന്റെ പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്. മേള ഇന്ന് സമാപിക്കും. 310 ചതുരശ്ര മീറ്ററിലുള്ള ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനം ഇന്ത്യയില്‍ നിന്നുള്ള യു എ ഇ സ്ഥാനപതി ‘ടി പി സീതാറാം നിര്‍വ്വഹിച്ചു. കേരള ടൂറിസം ഡയറക്ടര്‍ പി ഐ ഷെയ്ക് പരീത്, കെ ടി ഡി സി എം ഡി അലി അസ്ഗാര്‍ പാഷ എന്നിവരും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള രണ്ട് കലാകാരന്‍മാര്‍ കേരളത്തിന്റെ തനത് ദൃശ്യ കലാരൂപമായ കഥകളി അവതരിപ്പിച്ചു.

മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ കണക്ക് പരിഗണിക്കുമ്പോള്‍ സൗദി അറേബ്യ പ്രധാന വിപണിയാണെന്നും യു എ ഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും പ്രാതിനിധ്യമുണ്ടെന്നും മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. മലയാളികള്‍ക്ക് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ആയതിനാല്‍ ടൂറിസം രംഗത്ത് ശ്യംഖല രൂപപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതയുണ്ടെന്നും കേരള ടൂറിസം സെക്രട്ടറി ജി കമലവര്‍ധന റാവു പറഞ്ഞു.
വിസിറ്റ് കേരളയുടെ ഭാഗമായി കേരളത്തിലെ ഹരിതഭംഗി, മണ്‍സൂണ്‍ ടൂറിസം, ആയൂര്‍വേദം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ പ്രചാരണ പരിപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള വേദികൂടിയാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്. അനന്തര ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, കാര്‍നോസ്റ്റി ആയൂര്‍വേദ ആന്‍ഡ് വെല്‍നസ് റിസോര്‍ട്ട്, ചാണ്ടീസ് വിന്‍ഡി വൂഡ്‌സ്, ചെറുതുരുത്തി എക്കോ ഗാര്‍ഡന്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കുമരകം ലേയ്ക് റിസോര്‍ട്ട്, ലെയ്ക്ക് പാലസ് റിസോര്‍ട്ട്, നിരാമയ റിട്രീറ്റ്‌സ്, റമദ ആലപ്പി, ദ സീന വില്ലേജ് എന്നീ വ്യാപാര പങ്കാളികളും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.