National
മോദി സര്‍ക്കാര്‍ ഷോക്കേസില്‍ വെക്കാന്‍ പാകത്തില്‍ ചെറുതായെന്ന് സോണിയ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കടുത്ത വിമര്‍ശം. ഒരു വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാര്‍ ഷോകേയ്‌സില്‍ ഒതുക്കാന്‍ തക്കവണ്ണം ചെറുതായെന്നാണ് സോണിയ പറഞ്ഞത്. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയായിരുന്നു വിമര്‍ശം. തിരഞ്ഞെടുപ്പ് കഴിഞ്ഞതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും തിരഞ്ഞെടുപ്പ് മൂഡില്‍ കറങ്ങിനടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശത്ത് നടത്തുന്ന പ്രസംഗങ്ങളിലൊക്കെ ഇന്ത്യയെ അപമാനിക്കാനാണ് ശ്രമം.
വിദേശ രാജ്യങ്ങളില്‍ ചെന്ന് ഇന്ത്യയിലെ മുന്‍ സര്‍ക്കാരുകളെയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യൂ പി എ സര്‍ക്കാറിനെയും വിമര്‍ശിച്ച്് മോദി നിരന്തരം താന്‍പോരിമ രാഷ്ട്രീയം കളിക്കുകയാണ്. മോദിയുടെ ഈ പ്രവൃത്തിയിലൂടെ മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ വിമര്‍ശിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് എടുത്തു കാണിക്കാന്‍ പ്രത്യേകിച്ച് നേട്ടങ്ങള്‍ ഒന്നും തന്നെ ഇല്ല.
മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഉദ്യോഗസ്ഥര്‍ പോലും ഒതുക്കപ്പെടുന്ന രീതിയാണ്. ഫയലുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരുണ കാത്ത് നില്‍ക്കേണ്ട ഗതികേടാണ്. അനാവശ്യമായ പിടിവാശിയോടെയും അഹങ്കാരത്തോടെയുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സോണിയ പറഞ്ഞു.
ജനാധിപത്യത്തിന്റെ സംഹിതയായ ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി എന്നത് ചില വിഭാഗത്തിന്റെ സര്‍ക്കാര്‍, ഒരു വ്യക്തിയാല്‍, ചിലര്‍ക്കായി എന്ന നിലയിലാണ് മോദി ഭരണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.