ബാബാ രാംദേവിന്റെ ആണ്‍മക്കള്‍

Posted on: May 7, 2015 6:00 am | Last updated: May 6, 2015 at 11:10 pm

baba ramdeve‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ’ എന്ന വാക്യം വാല്‍മീകി രാമായണത്തിലെ ശ്രീരാമന്റെതാണ്. പെറ്റമ്മയും പറന്ന നാടും സ്വര്‍ഗത്തേക്കാള്‍ വലുതാണ് എന്നതാണ് പ്രസ്തുത വാക്യത്തിന്റെ അര്‍ഥം. ഈ ശ്രീരാമ വാക്യത്തെ തങ്ങളുടെ ആദര്‍ശവാക്യമാക്കിവെച്ചവരാണ് സംഘ്പരിവാരക്കാര്‍ എന്നാണ് അവരുടെ അവകാശവാദം. പക്ഷേ, പിറന്ന നാടിന്റെ, റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വിദേശമൂലധന ശക്തികള്‍ക്ക് പണയപ്പെടുത്തിക്കൊടുക്കുന്ന നരേന്ദ്ര മോദി എന്ന സംഘപരിവാരക്കാരന്റെ ഭരണനയം, പിറന്ന നാടിനേക്കാളും പെറ്റമ്മയെക്കാളും പണമാണ് സംഘ്പരിവാരക്കാര്‍ക്ക് വലുതെന്നത്രേ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെയാണ്, ‘പണമേ പ്രാണന്‍’ എന്ന് തെളിയിച്ച് ജീവിക്കുന്ന ബാബാ രാംദേവിനെപ്പോലുള്ള കാവിധാരികളായ കച്ചവടക്കാര്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണക്കുന്നതും. ഈ പശ്ചാത്തലത്തില്‍ വേണം ബാബാ രാംദേവിന്റെ ‘ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള’ പച്ച മരുന്ന് കച്ചവടത്തെയും കാണാന്‍.
ആദ്യം തന്നെ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി’ എന്ന ആദര്‍ശവാക്യത്തോട് ആത്മാര്‍ഥമായി കൂറുള്ള ഒരു ഭാരതീയനും ആണ്‍കുട്ടികളെ ഉണ്ടാക്കുന്നതിനുള്ള മരുന്നിന്റെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കാനോ നീതീകരിക്കാനോ കഴിയില്ല. കാരണം, ജനനി അഥവാ പെറ്റമ്മ പെണ്ണാകാതെ വയ്യ എന്നതു തന്നെ. പെറ്റമ്മയോടും പിറന്ന നാടിനോടും യഥാര്‍ഥമായ കൂറുള്ള ദേശഭക്തര്‍ക്ക് പെണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്നിനോട് താത്പര്യം തോന്നുന്നത് തെറ്റാവില്ല. പക്ഷേ, ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്നിനോട് താത്പര്യം തോന്നുന്നത് തീര്‍ത്തും തെറ്റ് തന്നെയാകും. അതിനാലാണ് ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി’ എന്ന രാമവാക്യം നാഴികക്ക് നാല്‍പ്പത് പ്രാവശ്യം പറഞ്ഞുകൊണ്ട് നടക്കുന്ന ബി ജെ പിക്കാര്‍ ഉള്‍പ്പെടെയുള്ള സംഘ്പരിവാരം ആണ്‍കുട്ടികളെ ഉണ്ടാക്കുന്നതിനുള്ള മരുന്നുകച്ചവടത്തിനിറങ്ങിയിരിക്കുന്ന ബാബാ രാംദേവിനു ജയഘോഷം മുഴക്കുന്നതിലൂടെ തെളിയിക്കുന്നത്, സംഘ്പരിവാരത്തിന് പിറന്ന നാടിനോടോ പെറ്റമ്മയോടോ അല്ല പണത്തിനോട് മാത്രമാണ് കൂറ് എന്നാണെന്ന് പറയേണ്ടിവരുന്നത്.
ജനസംഖ്യയില്‍ ചൈനയോടൊപ്പം എത്താറായെങ്കിലും വിവാഹിതരാകുന്ന ഓരോ ഇന്ത്യന്‍ സ്ത്രീയും പുരുഷനും തങ്ങള്‍ക്ക് തങ്ങളുടെ രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ ഉണ്ടാകണമെന്ന് തന്നെ ആഗ്രഹിക്കുന്നവരാണ്. വല്ലവരുടെയും സ്വത്ത് സ്വന്തമാക്കാന്‍ അത്യുത്സാഹം കാണിക്കുന്നവരാണ് പൊതുവേ മനുഷ്യരെങ്കിലും മറ്റാരുടെയെങ്കിലും മക്കളെ തന്റെ മക്കളായി കണക്കാക്കി വളര്‍ത്താനുള്ള മനോഭാവം ഇനിയും മനുഷ്യരില്‍ വേണ്ടത്ര വളര്‍ന്നിട്ടില്ല. ഇതുകൊണ്ടാണ് സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ് എന്ന മനോഭാവത്തിന് ഇത്രയേറെ പ്രാധാന്യം നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് മക്കളെ ഉണ്ടാക്കിത്തരാം എന്ന വാഗ്ദാനവുമായി പ്രവര്‍ത്തിക്കുന്ന ധാരാളം ആശുപത്രികളും പുത്രകാമേഷ്ഠി യജ്ഞക്കാരും ഒക്കെ നാട്ടില്‍ വളരെയേറെയുണ്ട്. ഇവര്‍ക്കിടയിലേക്കാണ് ബാബാ രാംദേവ് ‘ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്ന്’ എന്ന ആശയവുമായി കടന്നുവരുന്നത്. ഇതില്‍ ‘ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്ന്’ എന്ന ആശയം പ്രസരിപ്പിക്കുന്നത് പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് നല്ലതല്ല എന്നത്രേ. ഇത്രയും സ്ത്രീവിരുദ്ധമായ സന്ദേശം പ്രസരിപ്പിക്കുന്ന ഒരു മരുന്ന്, സംസാരിക്കുന്ന ഭാഷയെ മാതൃഭാഷയെന്നും ജനിച്ച നാടിനെ മാതൃഭൂമിയെന്നും ഒക്കെ വിശേഷിപ്പിച്ച് പെണ്‍മയുടെ ഉണ്മയായ അമ്മയെ അത്യധികം ആദരിച്ചുവരുന്ന ഭാരതദേശത്ത് വില്‍ക്കാന്‍ അനുവദിക്കുന്നിടത്തോളം ഭാരതീയ സാംസ്‌കാരിക പാരമ്പര്യ വിരുദ്ധമായ മറ്റൊരു നടപടിയും ഇല്ല. ശക്തി അഥവാ പാര്‍വതി ഇല്ലെങ്കില്‍ ശിവന്‍ വെറും ശവം എന്ന് ഉദ്‌ഘോഷിക്കുന്ന ഭാരത നാട്ടില്‍, കൃഷ്ണനെ രാധാകൃഷ്ണനെന്നും ശ്രീരാമനെ സീതാപതിയെന്നും വിശേഷിപ്പിച്ചുകൊണ്ട് സ്ത്രീയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്ന ഐതിഹാസിക പാരമ്പര്യം വേരാഴ്ന്നു കിടക്കുന്ന മണ്ണില്‍, ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്ന് വില്‍പ്പനക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന കാവിധാരിയായ ബാബാ രാംദേവ് ഭാരതീയ പാരമ്പര്യത്തിന്റെ പ്രയോക്താവാണെന്ന് കരുതാന്‍ വിവരമുള്ളവര്‍ക്കൊന്നും സാധിക്കുകയില്ല.
അമ്മയെ കൊല്ലുന്നവനെയും എനിക്ക് അമ്മ വേണ്ട അച്ഛന്‍ മാത്രം മതി എന്ന നിലപാടുകാരനെയും മാതൃസ്‌നേഹി എന്ന് വിശേഷിപ്പിക്കാമെങ്കില്‍ മാത്രമേ ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്ന് കച്ചവടം ചെയ്ത് കോടികള്‍ വാരിക്കൂട്ടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ബാബാ രാംദേവിനെയും ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വക്താവും പ്രയോക്താവുമായി കരുതാനാകൂ. എന്തായാലും അമ്മമാര്‍ എന്ന ‘പെണ്‍കുട്ടികള്‍’ പ്രസവിച്ചുണ്ടായ ഒരൊറ്റ ഭാരതീയ പൗരനും ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്നിന്റെ കച്ചവടത്തെ നീതീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. നരേന്ദ്രമോദി മുതല്‍ ശശികല ടീച്ചര്‍ വരെ ഉള്‍പ്പെടുന്ന സംഘ്പരിവാരക്കാര്‍ പെണ്‍കുട്ടികളെന്ന അമ്മമാര്‍ പ്രസവിച്ചുണ്ടായവരല്ലെന്നുണ്ടോ എന്ന് ചോദിക്കേണ്ടിവരുന്നത് അവര്‍ ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്നിനെതിരെ ‘കമാ’ എന്നൊരക്ഷരം ഉരിയാടിക്കേള്‍ക്കുന്നില്ല എന്നതിനാലാണ്. അമൃതാനന്ദമയി എന്ന പെണ്ണിനെ പെറ്റമ്മയെക്കാള്‍ ആദരിക്കുന്നത് വലിയ ആധ്യാത്മികതയാണെന്നു കരുതുന്ന ആയിരക്കണക്കിന് അമ്മ ഭക്തര്‍ കേരളത്തിലുണ്ട്. അവരുടെ അമ്മഭക്തി യാഥാര്‍ഥ്യമാണെങ്കില്‍ അവരില്‍ നിന്നും ബാബാ രാംദേവിന്റെ ‘ആണ്‍കുട്ടികളെ ഉണ്ടാക്കുന്ന മരുന്നി’നെതിരെ ഒരു ചെറു പ്രതിഷേധമെങ്കിലും ഉയരേണ്ടതുണ്ട്. അതുണ്ടായി കാണുന്നില്ല എന്നതും ചിന്തനീയം തന്നെ. ഇതിലൊക്കെ സങ്കടകരമാണ് ഇന്നാട്ടിലെ സ്ത്രീപക്ഷവാദികളുടെ മൗനം. തൃശൂര്‍ പൂരത്തിനും മറ്റും പിടിയാനകളെ എഴുന്നള്ളിക്കാത്തതില്‍ പോലും പുരുഷാധിപത്യ പ്രവണത വായിച്ചെടുത്ത സ്ത്രീപക്ഷ സിംഹികളാരും തന്നെ, ബാബാ രാംദേവ് പെണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്ന് കണ്ടെത്താതിരിക്കുകയും അതേസമയം ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതിനുള്ള മരുന്ന് കണ്ടെത്തി വിപണിയിലിറക്കുകയും ചെയ്തതിലെ പുരുഷാധിപത്യ മനോഭാവത്തിനെതിരെ ഗര്‍ജിക്കാന്‍ രംഗത്തുവന്നില്ല. ഇത്രയും സ്ത്രീവിരുദ്ധമായൊരു മരുന്നിന്റെ ഉത്പാദനവും വിതരണവും തടയാന്‍ ചെറുവിരലനക്കാത്ത സ്ത്രീപക്ഷവാദം ഇന്ത്യയിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് പറയത്തക്ക എന്തെങ്കിലും സംഭാവന ചെയ്യുമെന്ന് കരുതുക വയ്യ. പര്‍ദാ ധാരണത്തെ പരിഹസിക്കുന്നതും ജീന്‍സ് ധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ സ്ത്രീപക്ഷവാദം കൊണ്ട് ഹൈന്ദവ ഫാസിസത്തിനല്ലാതെ ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് പറയത്തക്ക നേട്ടമൊന്നും ഉണ്ടാകാനിടയില്ലെന്നു ചുരുക്കം. എന്തായാലും തള്ളക്ക് പിറന്ന മക്കള്‍ക്കൊന്നും ആണ്‍കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള മരുന്നിന്റെ കച്ചവടത്തെ ചെറുക്കാതിരിക്കാനാകില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടാകുന്ന ഒരിന്ത്യയാണ് നമുക്ക് വേണ്ടത്. ആണ്‍കുട്ടികള്‍ മാത്രം ഉണ്ടാകുന്ന ഒരിന്ത്യയല്ല. അതിനാല്‍, തള്ളക്ക് പിറന്ന മക്കളാണ് നാം ഓരോരുത്തരും എന്ന ബോധത്തോടെ ബാബാ രാംദേവിന്റെ (മരുന്നിന്റെ) മുഖത്തടിക്കാന്‍ നാം ചൂലെടുക്കേണ്ടിയിരിക്കുന്നു.