Connect with us

Kozhikode

കാലിക്കറ്റില്‍ ഫീസ് കുറച്ചു

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വര്‍ധിപ്പിച്ച വിവിധ ഫീസുകള്‍ കുറക്കാന്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനം. ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇരട്ടിയായി വര്‍ധിപ്പിച്ച ഫീസ് കാലോചിതമായ വര്‍ധനവ് നടത്തി പരിഹരിക്കാമെന്ന നിര്‍ദേശമുണ്ടായത്. ഈ നിര്‍ദേശം അംഗീകരിച്ച് മാര്‍ക്ക് ലിസ്റ്റിന് 30 രൂപയായും അപേക്ഷ ഫീസ് 25 രൂപയായും കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പ് ഫീസ് 15 രൂപയായും പുനര്‍നിര്‍ണ്ണയ മൂല്യ ഫീസ് പേപ്പര്‍ ഒന്നിന് 1000 രൂപയില്‍ നിന്ന് 600 രൂപയായും കുറച്ചു.
കൂടാതെ പ്രൊജക്റ്റ് , ഡെസറ്റേഷന്‍ ഫീസ് 500 രൂപയില്‍ നിന്നും 350 രൂപയായി കുറച്ചിട്ടുണ്ട്. ഗണ്യമായി വര്‍ധിപ്പിച്ചിരുന്ന വിവിധ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഫീസും കുറച്ചു. അതേസമയം തല്‍കാല്‍ സമ്പ്രദായത്തില്‍ മൂന്ന് ദിവസം കൊണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും അതിനുളള ഫീസായി 2500 രൂപ ഈടാക്കാനും തീരുമാനിച്ചു. എന്നാല്‍ സര്‍വകലാശാലയുടെ വിദേശ സെന്ററുകളും ഓഫ് ക്യാമ്പസുകളും യു ജി സി ചട്ടങ്ങള്‍ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ഹൈകോടതിയുടെ കണ്ടെത്തല്‍ കാരണമായി അടച്ചുപൂട്ടണമെന്ന ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് വിദേശ കേന്ദ്രങ്ങളിലും ഓഫ് കാമ്പസ് സെന്ററുകളിലും രജിസ്റ്റര്‍ ചെയ്ത എസ് ഡി ഇ വിദ്യാര്‍ഥികളുടെ പരീക്ഷ മെയ് 18 മുതല്‍ ജൂണ്‍ 15 വരെയുള്ള തീയതികളില്‍ നടത്തും.
വിദൂരവിദ്യാഭ്യാസം യു ജി പരീക്ഷകളുടെ സി സി എസ് എസ് പുനര്‍മൂല്യനിര്‍ണയത്തിന് വേതനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റി ശിപാര്‍ശ അംഗീകരിച്ചു. സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നോ പ്രോഫിറ്റ്, നോ ലോസ് അടിസ്ഥാനത്തില്‍ 15 സീറ്റുകളോടെ എം ഫില്‍ കോഴ്‌സ് തുടങ്ങും.

Latest