Connect with us

Kerala

സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ബി എഡ് കോളജ് അംഗീകാരം റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: കെ പി സി സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയുടെ ബി എഡ് കോളജിന്റെ അംഗീകാരം റദ്ദാക്കണമെന്ന വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ടിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി.
ഫെബ്രുവരി അഞ്ചിന് സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് പൂര്‍ണമായിരുന്നെങ്കിലും ഇന്നലെയാണ് ഇതിന്റെ ആദ്യയോഗം ചേരുന്നത്. ബി എഡ് കോളജിന് അംഗീകാരം നഷ്ടമാകുന്നതോടെ ജ്യോതികുമാര്‍ ചാമക്കാലക്ക് സിന്‍ഡിക്കേറ്റ് അംഗത്വവും നഷ്ടമാകും. നോട്ടീസ് നല്‍കുക, ഹിയറിംഗ് തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത സിന്‍ഡിക്കേറ്റ് യോഗം ജ്യോതികുമാറിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കും.
അതേസമയം, സിന്‍ഡിക്കേറ്റ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജ്യോതികുമാര്‍ ചാമക്കാല വ്യക്തമാക്കി. പാര്‍ട്ടിയിലെ രൂക്ഷമായ ഗ്രൂപ്പുതര്‍ക്കമാണ് കോണ്‍ഗ്രസിന് സിന്‍ഡിക്കേറ്റ് അംഗത്വം നഷ്ടമാകാനിടയാക്കിയത്. കോണ്‍ഗ്രസ് എ ഗ്രൂപ്പ്, മുസ്്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്-എം എന്നിവരുടെ പിന്തുണയോടെ വോട്ടിനിട്ടാണ് അംഗീകാരം റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. വി സിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും ഇതിനായി വോട്ടിംഗ് നടത്തണമെന്നും സിന്‍ഡിക്കേറ്റില്‍ ആവശ്യമുന്നയിച്ചത് കെ പി സി സി ട്രഷറര്‍ കൂടിയായ ജോണ്‍സണ്‍ എബ്രഹാമാണ്. തുടര്‍ന്ന് ഡി സി സി വൈസ് പ്രസിഡന്റ് കൂടിയായ ഗോപന്‍ പിന്താങ്ങി. പിന്നീട് സി പി എം പ്രതിനിധികളും വോട്ടിംഗിനെ അനുകൂലിച്ചു. കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ നാലുപേര്‍ മാത്രമാണ് അംഗീകാരം റദ്ദാക്കാനുള്ള റിപ്പോര്‍ട്ടിനെ എതിര്‍ത്ത് വോട്ടുചെയ്തത്.
സംവരണതത്വം പാലിക്കാതെ അധ്യാപകരെ നിയമിച്ചത് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് പഠിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. 20 അധ്യാപക നിയമനങ്ങള്‍ക്കാണ് ഇത് ബാധകമാകുന്നത്. 2013 സെപ്തംബറിനുശേഷം നടത്തിയ നിയമനങ്ങളുടെ അംഗീകാരം മാറ്റിവെക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. നേരത്തെ കേരള സര്‍വകലാശാലയില്‍ അധ്യാപക നിയമനം നടന്നപ്പോള്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രാതിനിധ്യം കിട്ടത്തക്കവിധം സംവരണം പാലിക്കുന്നില്ലെന്ന് വിമര്‍ശമുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് നിലവില്‍വന്ന ശേഷവും പഴയരീതിയില്‍ സംവരണം നിശ്ചയിച്ച് നിയമനം നടത്തിയതിനെ തുടര്‍ന്നാണ് നിയമനം റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
എന്നാല്‍, നിയമനം നടത്തിയതില്‍ അപാകമില്ലെന്നും സംവരണചട്ടം പാലിച്ചാണ് നിയമനമെന്നും കാണിച്ചാണ് സര്‍വകലാശാല സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിയമനം റദ്ദാക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തില്‍ ഉറച്ചുനിന്നു. ഓര്‍ഡിനന്‍സ് വന്നതിനുശേഷമുള്ള നിയമനമായതിനാല്‍ പുതിയ വ്യവസ്ഥ പാലിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഓര്‍ഡിനന്‍സ് വരുന്നതിനുമുമ്പ് അപേക്ഷ ക്ഷണിച്ചിരുന്നുവെന്നാണ് സര്‍വകലാശാലയുടെ ന്യായം. അതേസമയം, കാലിക്കറ്റ് അടക്കമുള്ള സര്‍വകലാശാലകള്‍ ഓര്‍ഡിനന്‍സ് വന്നതിനാല്‍ മുമ്പ് ക്ഷണിച്ചിരുന്ന അപേക്ഷ റദ്ദാക്കി നിയമത്തിലെ ഭേദഗതി അംഗീകരിച്ചിരുന്നു.