ലോക്കറുകള്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍

Posted on: May 5, 2015 7:00 pm | Last updated: May 5, 2015 at 7:26 pm

ഷാര്‍ജ: വ്യാപാര സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറി ലോക്കറുകളും കാശ് ബോക്‌സുകളും മോഷ്ടിക്കുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. സംഘാംഗങ്ങളെല്ലാം അറബ് വംശജരാണ്.
ലോക്കറുകളും കാശ് ബോക്‌സുകളും മോഷണം പോയതായി ചില വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറമെ ചില താമസ സ്ഥലങ്ങളിലും പ്രതികള്‍ മോഷണം നടത്തിയിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ച കാശ് ബോക്‌സുകളും മറ്റും സംഘം അവയിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കിയ ശേഷം ഉപേക്ഷിച്ചിരുന്നത് അജ്മാനിലെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലായിരുന്നു. ഷാര്‍ജക്കു പുറമെ അജ്മാന്‍, റാസല്‍ ഖൈമ എന്നിവടങ്ങളിലും സംഘം മോഷണം നടത്തിയതായി സമ്മതിച്ചു. അജ്മാനില്‍ മാത്രം 20 സ്ഥാപനങ്ങളില്‍ സംഘം മോഷണം നടത്തയിട്ടുണ്ട്.
സംഘം താമസിക്കുന്ന സ്ഥലം റെയ്ഡ് നടത്തിയ പോലീസ് വിലപിടിപ്പുള്ള മൊബൈലുകളുള്‍പെടെയുള്ള മോഷണ വസ്തുക്കള്‍ കണ്ടെടുത്തു. ഇതിനു പുറമെ ചില മാരകായുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മോഷണത്തിനിറങ്ങുമ്പോള്‍ സംഘം കയ്യില്‍ കരുതിയിരുന്നതായിരുന്നു ഇവയെന്ന് പോലീസ് പറഞ്ഞു.