Gulf
ജനറല്‍ ശൈഖ് മുഹമ്മദ് ചൈനീസ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉന്നത ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം ലെജിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ഖസര്‍ അല്‍ സാതിയ പാലസില്‍ ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൗഹൃദവും പരസ്പരം താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനുമുളള ചൈനീസ് നേതൃത്വത്തിന്റെ ആശംസകള്‍ ജനറല്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ കാലം മുതല്‍ ചൈനയുമായി യു എ ഇ മികച്ച ബന്ധം തുടരുന്നുണ്ടെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.