അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം

Posted on: May 5, 2015 7:00 pm | Last updated: May 5, 2015 at 7:00 pm
atm-indian pavilllion
ദുബൈ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ ഇന്ത്യന്‍ പവലിയന്‍

ദുബൈ: സഞ്ചാര മേഖലയില്‍ ലോകത്തെ തന്നെ വലിയ പ്രദര്‍ശനങ്ങളിലൊന്നായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഉജ്വല തുടക്കം. ദുബൈ രാജ്യാന്തര പ്രദര്‍ശന സമ്മേളന കേന്ദ്രത്തിലാണ് പ്രദര്‍ശനം. ഈ മാസം ഏഴുവരെ നീണ്ടുനില്‍ക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,700 പ്രദര്‍ശകര്‍ പങ്കെടുക്കും. നിരവധി രാജ്യങ്ങളില്‍ നിന്ന് പവലിയനുകള്‍ എത്തിയിട്ടുണ്ട്. ഇന്ത്യ, മലേഷ്യ, തായ്‌വാന്‍, അമേരിക്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകള്‍ ശ്രദ്ധേയം. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ എയര്‍ലൈനറുകള്‍, ഫെയര്‍ മോണ്ട്, ഹില്‍ട്ടണ്‍ തുടങ്ങിയ വന്‍കിട ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിലുള്ളത്. ഏതാണ്ട് 210 കോടി ഡോളറിന്റെ ഇടപാടുകള്‍ നടക്കും. നിരവധി ഇന്ത്യന്‍ കമ്പനികളും പ്രദര്‍ശനത്തിന് എത്തി. വിവിധ മേഖലകള്‍ സംബന്ധിച്ച് സെമിനാറുകള്‍ നടന്നു.
ദേരയില്‍ 15.3 ചതുരശ്ര കിലോമീറ്ററില്‍ നിര്‍മിക്കുന്ന കൃത്രിമ ദ്വീപ് നഗരത്തില്‍ കെട്ടിട നിര്‍മാണം തകൃതി. 750 മുറികളുള്ള റിസോര്‍ട്ടുകള്‍ ഇവിടെ നഖീല്‍ ഡെവലപേര്‍സ് നിര്‍മിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അലി റാശിദ് ലൂത്ത പറഞ്ഞു. ഭരണകൂടത്തിന്റെ 2021 വിനോദ സഞ്ചാര ആസൂത്രണ പദ്ധതിയുടെ ഭാഗമായി ഇവിടെ കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ സൗകര്യങ്ങളുണ്ടാകും. ദേര ഐലന്റിനു പുറമെ പാംജുമൈറയിലും നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും പണിയും- അലി റാശിദ് ലൂത്ത അറിയിച്ചു.
രാത്രികാല ചന്തയായിരിക്കും ദേര ഐലന്റിന്റെ പ്രധാന ആകര്‍ഷണം. 5,000 വ്യാപാര സ്ഥാപനങ്ങളാണ് തുറക്കുക. രണ്ടു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും. സ്വദേശികള്‍ക്കാണ് വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം. എന്നാല്‍ നടത്തിപ്പിന് വിദേശികളെ ആവശ്യമായിവരും.