സംസ്ഥാനത്ത് ഇറച്ചിക്കോഴി വിലയില്‍ വന്‍ വര്‍ധന; കിലോക്ക് 25 രൂപ കൂടി

Posted on: May 5, 2015 3:43 am | Last updated: May 4, 2015 at 11:48 pm

chickenതിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ വിലയില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കിലോക്ക് ഇരുപത്തിയഞ്ച് രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു കിലോ കോഴിയിറച്ചിക്ക് വില 140 രൂപയായി. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ വരവ് നിലച്ചതാണ് വിലവര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷിപ്പനിയുടെ പേരില്‍ കര്‍ഷകര്‍ കോഴി വളര്‍ത്തലില്‍ നിന്ന് പിന്മാറിയതും വിലവര്‍ധനവിന് കാരണമായി. കേരളത്തിലെ ഫാമുകളിലും ഇറച്ചിക്കോഴികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ഫാമുകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളെ ഇറക്കുമതി ചെയ്യാത്തത് കോഴിക്കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ഗോവധ നിരോധം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലേക്ക് തമിഴ് നാട്ടില്‍ നിന്നുള്ള കോഴികളെ കയറ്റി അയക്കുന്നതും കുറവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഇറച്ചിക്കോഴികള്‍ക്കൊപ്പം ബീഫിന്റെ വിലയിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. കിലോക്ക് 240 രൂപയാണ് ഇപ്പോള്‍ ബീഫിന് വില. അതേസമയം, വില വര്‍ധിച്ചെങ്കിലും കേരളത്തിലെ കോഴിക്കര്‍ഷകര്‍ക്ക് അതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. കേരളത്തിലേക്ക് എത്തുന്ന ഇറച്ചിക്കോഴികളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ നാമക്കല്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്. ചെറുകിട ഫാമുകളില്‍ എത്തിക്കുന്ന കുഞ്ഞുങ്ങളെ വളര്‍ത്തി തൂക്കമെത്തുമ്പോള്‍ വിറ്റിരുന്ന കര്‍ഷകര്‍ക്കും ഇപ്പോള്‍ വലിയ തിരിച്ചടിയാണുണ്ടായത്. ശരാശരി 18 രൂപക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില മുപ്പതായി ഉയര്‍ന്നു. മാത്രമല്ല., കോഴിത്തീറ്റയുടെ വിലയില്‍ ഒരു കിലോക്ക് നാല് രൂപ മുതലുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇതിനു പുറമെ മാസങ്ങള്‍ക്കുമുമ്പ് പടര്‍ന്നുപിടിച്ച പക്ഷിപ്പനിയെത്തുടര്‍ന്ന് ഈ മേഖലയില്‍ നിന്ന് പിന്‍മാറിയവരും ഏറെ. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ റബര്‍ വിലയിടിവിനെത്തുടര്‍ന്ന് വന്‍ തോതില്‍ കര്‍ഷകര്‍ കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞിരുന്നു. എന്നാല്‍, ഇതും ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത് ശതമാനത്തിലധികം കര്‍ഷകര്‍ കോഴി വളര്‍ത്തലില്‍ നിന്ന് പിന്‍മാറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.