Kerala
വാല്‍വില്‍ ചോര്‍ച്ച; ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തി

പത്തനംതിട്ട: ബട്ടര്‍ഫ്‌ളൈ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. കഴിഞ്ഞ ദിവസം രാത്രി ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 8.10 ഓടെയാണ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
തകരാര്‍ പരിഹരിക്കാന്‍ അഞ്ച് ദിവസം വേണ്ടിവരുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. വാല്‍വിന് സമീപമുള്ള സ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ചതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് എന്‍ജിനിയര്‍മാര്‍ പറഞ്ഞു. ഇതിനായി ഹൈദരാബാദില്‍ നിന്നുള്ള വിദഗ്ധ സംഘം മൂഴിയാറില്‍ എത്തും. 340 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയില്‍ നിന്ന് കഴിഞ്ഞ ദിവസം 6.23 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു.
നിലയം അടച്ചെങ്കിലും സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു. ബി എസ് ഇ എസില്‍ നിന്ന് 158 മെഗാവാട്ട് വൈദ്യുതി ലഭിക്കുകയും തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്ന ഇടുക്കിയിലെ രണ്ട് ജനറേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അവിടെ ഉത്പാദനം വര്‍ധിപ്പിച്ചും നിയന്ത്രണം ഒഴിവാക്കുന്നതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കെ എസ് ഇ ബി അധികൃതര്‍.
എന്നാലും അടുത്ത ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. ശബരിഗിരിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെ നിന്ന് ഒഴുകി വരുന്ന വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അനുബന്ധ പദ്ധതികളെയും ബാധിക്കും.
ശബരിഗിരി പദ്ധതിയിലെയും കക്കാട്ടാറിലെയും ജലം ഉപയോഗിച്ച് മൂഴിയാറിന് താഴെ അഞ്ച് ചെറുകിട ജലവൈദ്യുത പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. കക്കാട് (50 മെഗാവാട്ട്), അള്ളുങ്കല്‍ ഇ ഡി സി എല്‍ (ഏഴ് മെഗാവാട്ട്), കാരിക്കയം അയ്യപ്പാ ഹൈട്രോ ഇലക്ട്രിക്ക് (15 മെഗാവാട്ട്), മണിയാര്‍ കാര്‍ബോറാണ്ടം (12 മെഗാവാട്ട്), കെ എസ് ഇ ബി പെരുനാട് പദ്ധതി (ആറ് മെഗാവാട്ട്) എന്നിവയുടെ പ്രവര്‍ത്തനത്തെയും ഒരു പരിധി വരെ ബാധിക്കും.
ശബരിഗിരിയിലെ രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ ബട്ടര്‍ ഫ്‌ളൈ വാല്‍വില്‍ 2014 മെയ് 22ന് 36 ദിവസത്തോളം അടച്ചിട്ട് അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ചെന്നൈ ശ്രീശരവണ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലാണ് രണ്ട് കോടിയില്‍ അധികം രൂപ ചെലവഴിച്ച് അറ്റകുറ്റ പണികള്‍ നടന്നിരുന്നത്.