International
പ്രവാചക കാര്‍ട്ടൂണ്‍ മത്സരം: വെടിവെപ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഡള്ളാസില്‍ മുഹമ്മദ് ആര്‍ട്ട് എക്‌സിബിഷന്‍ എന്ന പേരില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ചിത്രീകരണ മത്സര വേദിക്ക് സമീപം രണ്ട് തോക്കുധാരികളെ സുരക്ഷാ സേന കൊലപ്പെടുത്തി. കാറില്‍ മത്സര വേദിയുടെ സമീപത്തെത്തിയ രണ്ട് സായുധ അംഗങ്ങളെ സുരക്ഷാ സൈനികര്‍ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് യു എസ് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ഏഴിനാണ് ഏറ്റുമുട്ടല്‍ നടന്നത്. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് (എ എഫ് ഡി ഐ)എന്ന സംഘമാണ് പ്രകോപനം ലക്ഷ്യമാക്കി പരിപാടി സംഘടിപ്പിച്ചിരുന്നത്. തോക്കുധാരികളാണ് കൊല്ലപ്പെട്ട രണ്ട് പേരും. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു. പരിപാടി ഏകദേശം അവസാനിക്കാനാകുമ്പോഴാണ് സായുധരായ രണ്ടാളുകള്‍ വേദിക്ക് സമീപമെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് കൊല്ലപ്പെട്ടവര്‍ വന്ന കാര്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. നേരത്തെ തന്നെ ഇവിടെ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഡച്ചുകാരനും ഇസ്‌ലാം വിരുദ്ധ നേതാവുമായ ഗീര്‍ട്ട് വില്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കാമയിരുന്നെന്നും താന്‍ സുരക്ഷിതനാണെന്നും ഗീര്‍ട്ട് വില്‍ഡേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.
കടുത്ത ഇസ്ലാം വിരുദ്ധ നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന സംഘടനയാണ് ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് അമേരിക്ക. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് പ്രതിനിധികള്‍ അവകാശപ്പെട്ടു. മത്സരത്തില്‍ പങ്കെടുക്കാന്‍ 350 പേര്‍ അപേക്ഷിച്ചിരുന്നെങ്കിലും എത്ര പേര്‍ പങ്കെടുത്തുവെന്ന് വ്യക്തമല്ല. മികച്ച കാര്‍ട്ടൂണ്‍ വരക്കുന്ന വ്യക്തിക്ക് പതിനായിരം ഡോളറാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. സംഭവ സമയം 200ഓളം പേര്‍ ഹാളിനകത്തുണ്ടായിരുന്നു.
എ എഫ് ഡി ഐക്ക് നേതൃത്വം നല്‍കുന്നത് പമേല ഗള്ളര്‍ എന്ന സ്ത്രീയാണ്. ന്യൂയോര്‍ക്കില്‍ ബസുകളില്‍ മുസ്‌ലിം വിരുദ്ധ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടി ഇവര്‍ നിരവധി തവണ കോടതികളെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. നിരവധി വര്‍ഷങ്ങളായി ഇത്തരമൊരു പ്രകോപനനീക്കത്തിന് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.