രൂപേഷിനെയും സംഘത്തെയും ജൂണ്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു

Posted on: May 5, 2015 6:00 pm | Last updated: May 5, 2015 at 6:22 pm

rupeshകോയമ്പത്തൂര്‍: ഇന്നലെ കോയമ്പത്തൂരില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും ജൂണ്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഘത്തെ പീളമേട്ടിലെ ക്യൂബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് കോയമ്പത്തൂരിലെ കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, തങ്ങളെ ആന്ധ്രയില്‍ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്ന് രൂപേഷും ഭാര്യ ഷൈനിയും മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു വെളിപ്പെടുത്തല്‍. ചികിത്സക്ക് വന്നപ്പോള്‍ തങ്ങളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് നിരാഹാരം നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. പശ്ചിമ ഘട്ടത്തിലെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഇന്നലെ വൈകീട്ട് നാലരയോടെയാണ് കോയമ്പത്തൂര്‍ കരുമത്തംപട്ടിയിലെ ബേക്കറിയില്‍ നിന്ന് മാവോയിസ്റ്റ് സംഘത്തെ പോലീസ് പിടികൂടിയത് .തുടര്‍ന്ന് ഇന്ന് ക്യൂബ്രാഞ്ച് ഒാഫീസില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തുവെങ്കിലും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചില്ല. മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്‌നാട് സ്വദേശി കണ്ണന്‍, എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.