Connect with us

Articles

യു എ പി എയും ഇന്ത്യന്‍ യൂനിയനിലെ നടപ്പുകളും

Published

|

Last Updated

അബ്ദുന്നാസിര്‍ മഅ്ദനിയെ നാലോ അഞ്ചോ തവണ കണ്ടിട്ടുണ്ട്. പത്രപ്രവര്‍ത്തനം പഠിക്കുമ്പോഴാണ് ആദ്യം കണ്ടത്. പിന്നീട് കണ്ടതൊക്കെ ജോലിയുടെ ഭാഗമായിട്ടായിരുന്നു. വിവേകത്തെ ഭരിക്കുന്ന വികാരവും അതിനെ പൊലിപ്പിക്കാന്‍ പാകത്തിലുള്ള ശബ്ദവും ശബ്ദ നിയന്ത്രണവും മഅ്ദനിയെ വളരെ വേഗം തീവ്രനിലപാടുകാരനാക്കി. കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരാക്കേസില്‍ ഒമ്പതരയാണ്ടു നീണ്ട വിചാരണത്തടവിന് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട മഅ്ദനി, മുന്‍കാലത്ത് താന്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റായിപ്പോയെന്ന് കുമ്പസരിച്ചു. എന്നിട്ടും ബംഗളൂരു സ്‌ഫോടന പരമ്പരാകേസില്‍ അറസ്റ്റിലായി, തുറുങ്കിന് സമാനമായ ജാമ്യത്തില്‍, വിചാരണത്തടവിന്റെ അടുത്ത കാണ്ഡം പിന്നിടുകയാണ് അദ്ദേഹം. മലേഗാവ് സ്‌ഫോടനക്കേസില്‍ അഞ്ചര വര്‍ഷത്തിലധികം വിചാരണത്തടവ് അനുഭവിച്ച ശേഷം ജാമ്യത്തിലിറങ്ങിയവര്‍, മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിചാരണക്ക് ശേഷം കുറ്റവിമുക്തരാക്കപ്പെട്ടവര്‍ എന്ന് തുടങ്ങി ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാനാകും. അതിലൊരു കണ്ണിയാണ് യഹ്‌യ കമ്മുക്കുട്ടി എന്ന കോഴിക്കോട്ടുകാരന്‍.
യഹ്‌യ കമ്മുക്കുട്ടിയെ പരിചയമില്ല. ചിത്രത്തിലും ദൃശ്യത്തിലുമല്ലാതെ കണ്ടിട്ടില്ല. ജീവിത സാഹചര്യങ്ങള്‍ പലതാകയാല്‍ കാണാനോ പരിചയപ്പെടാനോ സാധ്യതയുമില്ല. കേട്ടറിഞ്ഞ വിവരങ്ങളനുസരിച്ച് യഹ്‌യ കമ്മുക്കുട്ടി യഹ്‌യ അയ്യാഷ് കമ്മുക്കുട്ടിയായതിന് പിറകില്‍ വൈകാരികതയുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്ന യഹ്‌യ എന്‍ജിനീയറിംഗ് ബിരുദം നേടുന്നതിനിടെ തന്നെ സാമൂഹിക – രാഷ്ട്രീയ കാര്യങ്ങളില്‍ തത്പരനായിരുന്നു. “മോചനം ഇസ്‌ലാമിലൂടെ” എന്ന് തോന്നിയ കാലത്ത് സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സി മി)യിലേക്ക് ചാഞ്ഞു. പക്ഷേ, മഅ്ദനിയുടെ കാര്യത്തിലെന്ന പോലെ വികാരം വിവേകത്തെ ഭരിച്ച ചരിത്രം യഹ്‌യക്കില്ല. കാലാന്തരത്തില്‍ സിമി രാജ്യത്ത് നിരോധിക്കപ്പെട്ടു. യഹ്‌യ കമ്മുക്കുട്ടി എന്‍ജിനീയറിംഗ് പ്രൊഫഷനായി സ്വീകരിച്ച് ബഹുരാഷ്ട്ര കുത്തക കമ്പനികളെ സേവിച്ച് തുടങ്ങി. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് യഹ്‌യ അറസ്റ്റിലാകുന്നത്.
പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്നയാളെ കേരളത്തിലെയും കര്‍ണാടകത്തിലെയും പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയെന്നതാണ് യഹ്‌യക്കെതിരായ ഒരു ആരോപണം. കമാന്‍ഡറെന്ന് പറയപ്പെടുന്നയാള്‍ വടക്കേ ഇന്ത്യയിലൊരിടത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അത്തരത്തിലൊരാളുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കില്‍ തന്നെ നടന്നത് ഏറ്റുമുട്ടല്‍ തന്നെയോ എന്നതൊക്കെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ്. ബംഗളൂരുവില്‍ യഹ്‌യ സകുടുംബം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ സിമി പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നുവെന്നതാണ് മറ്റൊരു ആരോപണം. രാജ്യത്തെ പ്രധാന ഐ ടി കമ്പനികള്‍ക്കു നേര്‍ക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നും. ഈ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യഹ്‌യ അടക്കം കേസില്‍ ആരോപണ വിധേയരായ എല്ലാവരെയും ഹുബഌയിലെ വിചാരണക്കോടതി വെറുതെവിട്ടത്.
ഭീകരവാദ സംഘടനയെന്ന് കുറ്റപ്പെടുത്തി രാജ്യത്ത് നിരോധിച്ചിരിക്കുന്ന സംഘടനയാണ് സി പി ഐ (മാവോയിസ്റ്റ്). ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഛത്തീസ്ഗഢ് പോലീസ് സാമൂഹിക ആരോഗ്യ പ്രവര്‍ത്തകനായ ബിനായക് സെന്‍, നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള വ്യാപാരി പിയൂഷ് ഗുഹ എന്നിവര്‍ക്കെതിരെ കേസെടുത്തത്. വിചാരണക്കോടതി ഇവരെ ശിക്ഷിക്കുകയും ചെയ്തു. ശിക്ഷ സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ബിനായക് സെന്‍ അടക്കമുള്ളവരുടെ അപേക്ഷ അംഗീകരിച്ച സുപ്രീം കോടതി നിര്‍ണായകമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഏതെങ്കിലുമൊരു സംഘടനയുടെ അനുഭാവിയായി എന്നത് കുറ്റകൃത്യമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ആ സംഘടനയുടെ ആശയങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖകള്‍ കൈവശംവെച്ചുവെന്നതും കുറ്റകൃത്യമല്ലെന്ന് കോടതി പറഞ്ഞു. ഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കൈവശംവെച്ചുവെന്നതുകൊണ്ട് ഒരാള്‍ ഗാന്ധിയനാകുമോ എന്നാണ് കോടതി അന്ന് ചോദിച്ചത്.
യഹ്‌യ കമ്മുക്കുട്ടി, മുന്‍കാലത്ത് സിമിയിലേക്ക് ചാഞ്ഞിരുന്നുവെന്നത്, വര്‍ഷങ്ങള്‍ക്കു ശേഷം അയാളെ കുറ്റവാളിയായി മുദ്രകുത്താനുള്ള ഉപാധിയാകുമോ? അത്തരം മുദ്രകുത്തലുകള്‍ നിരന്തരം തുടരുകയും ചെയ്യുന്നു. ഏറ്റമൊടുവില്‍ തെലുങ്കാനയിലെ തെരുവില്‍ അഞ്ച് യുവാക്കളുടെ ചോരചിന്തിയപ്പോഴും പറയപ്പെട്ട ന്യായം സിമി പ്രവര്‍ത്തകരെന്നതായിരുന്നു. യഹ്‌യയുടെ വീട് പരിശോധിക്കവെ എതെങ്കിലും ലഘുലേഖകള്‍ കണ്ടെടുത്തുവെങ്കില്‍ (അങ്ങനെയുണ്ടായിട്ടില്ലെന്നാണ് കേസ് ഡയറിയിലെ വിവരം) അതിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതിചേര്‍ക്കുമെന്ന ചോദ്യവും പ്രസക്തമാണ്. ഇത്തരം തൊടുന്യായങ്ങളുയര്‍ത്തി, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യു എ പി എ) വകുപ്പുകള്‍ ചുമത്തി, എങ്ങനെയാണ് ഒരാളെ വര്‍ഷങ്ങളോളം തടവിലിടുക എന്ന ചോദ്യവും.
യു എ പി എയിലെ വകുപ്പുകള്‍ ചുമത്തിയത് ശരിയോ എന്ന് പരിശോധിക്കുന്നതിന് നിയമപ്രകാരം തന്നെ രൂപവത്കരിക്കപ്പെട്ട സംവിധാനങ്ങളുണ്ട്, കോടതി മുഖാന്തിരവും ഇത് ചോദ്യംചെയ്യപ്പെടാറുണ്ട്. ഇത്തരം പരിശോധനകളിലൊന്നും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ ചോദ്യംചെയ്യപ്പെടുന്നത് പരമോന്നത കോടതിയുടെ അധികാരവും അന്തസ്സുമാണ്. അല്ലെങ്കില്‍ നിയമപ്രകാരം രൂപവത്കരിക്കപ്പെട്ട സംവിധാനങ്ങളും യു എ പി എ ചുമത്തിയത് ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്ന കോടതികളും ഭീകരാക്രമണത്തിന് ആസൂത്രണം നടത്തല്‍, രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ക്ക് മുന്നില്‍ അമ്പരക്കുകയോ നീതിപൂര്‍വകമായി ഇടപെടാന്‍ മടിക്കുകയോ ചെയ്യുന്നുവെന്ന് കരുതേണ്ടിവരും.
വ്യാജ ആരോപണങ്ങളുന്നയിച്ച്, ന്യൂനപക്ഷ വിഭാഗക്കാരായ ചെറുപ്പക്കാരെ തുറുങ്കിലടക്കാന്‍ മടിക്കാത്തതാണ് രാജ്യത്തെ പോലീസ് സംവിധാനം. ആരോപണ വിധേയര്‍, നിരപരാധകളായിരുന്നുവെന്ന് പിന്നീട് തെളിയുമ്പോള്‍ പോലും വ്യാജ ആരോപണങ്ങള്‍ ചമച്ചവര്‍ക്കെതിരെ നടപടിയുണ്ടാകാറില്ലെന്നതാണ് വസ്തുത. മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ കള്ളക്കേസ് ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഴയ ആന്ധ്രാ പ്രദേശിലെ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അന്ന് അവിടെ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. മഹാരാഷ്ട്രയിലെ മലേഗാവ് കേസിലും നിരപരാധികളെ ജയിലില്‍ തള്ളിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടായില്ല. കള്ളക്കേസുകള്‍ ചമയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്, ഭരണത്തിലിരിക്കുന്നവര്‍ സംരക്ഷണം നല്‍കുക എന്നാല്‍, ഇത്തരം സംഗതികളെ പ്രോത്സാഹിപ്പിക്കുക എന്ന് തന്നെയാണ് അര്‍ഥം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍, അതില്‍ കഴമ്പില്ലാതെ വരില്ലെന്ന ബോധ്യം ഭരണരംഗത്തുള്ളവരില്‍ രൂഢമൂലമാണെന്നും.
ആരോപണങ്ങള്‍ക്ക് വിധേയരായി വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടിവരുന്നവരെ, തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കാരണം പറഞ്ഞ് വെറുതെവിടുന്ന കോടതികള്‍ക്ക്, അന്വേഷണം വേണ്ട വിധത്തിലാണോ നടന്നത് എന്നും പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണോ ആരോപണവിധേയരെ പോലീസ് അറസ്റ്റ് ചെയ്തത് എന്നും പരിശോധിക്കേണ്ട ചുമതല കൂടിയുണ്ട്. അത്തരം അറസ്റ്റുകളാണ് നടന്നത് എങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടാനുള്ള ആര്‍ജവവും നീതിപീഠം പ്രകടിപ്പിക്കണം. അതൊന്നുമുണ്ടാകുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ഇരകളാക്കപ്പെടുന്നവര്‍ക്കും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ക്കും ഭരണ-നീതിനിര്‍വഹണ സംവിധാനങ്ങളില്‍ വിശ്വാസ്യത നഷ്ടപ്പെടുകയുമാകും സംഭവിക്കുക.
അറസ്റ്റും വിചാരണത്തടവുമൊക്കെ പരീക്ഷണഘട്ടങ്ങളായി കാണുന്നുവെന്നും അത്തരം പരീക്ഷണങ്ങളെ അതിജീവിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നുമാകും യഹ്‌യമാരും മഅ്ദനിമാരുമൊക്കെ പരസ്യമായി പറയുക. ഇനിയുമിത്തരം കേസുകളില്‍ അകപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കാണുന്നവന്റെ ഭയമാണ് ഈ പ്രതികരണങ്ങളില്‍ നിഴലിക്കുന്നത്. ഹൈദരാബാദില്‍ സ്‌ഫോടനമുണ്ടായപ്പോള്‍, മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കോടതി വെറുതെവിട്ടയാളെത്തേടി പോലീസ് എത്തിയത് ഓര്‍ക്കുക. കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മഅ്ദനിയെത്തേടി ബംഗളൂരു സ്‌ഫോടനക്കേസ് എത്തിയത്, അതിന്റെ വിചാരണ പൂര്‍ത്തിയാകുമ്പോഴേക്കും അടുത്ത കേസ് എത്തുമെന്ന് പ്രചരിപ്പിക്കപ്പെടുന്നത്, ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ജയിലില്‍ കഴിയുന്നയാള്‍ക്കുമേല്‍ പുതിയ കേസുകള്‍ ചുമത്തപ്പെടുന്നത് ഒക്കെ ഇന്ത്യന്‍ യൂനിയനിലെ നടപ്പ് സമ്പ്രദായങ്ങളാണ്. അതുകൊണ്ടുതന്നെ അനീതിക്ക് ഇരയാക്കപ്പെട്ടതിന്റെ രോഷം പുറമേക്ക് പ്രകടിപ്പിക്കാന്‍ പോലും സാധിക്കാതെ നിസ്സഹായരായി നില്‍ക്കാന്‍ മാത്രമേ ഇവര്‍ക്കൊക്കെ സാധിക്കൂ. വ്യാജ ആരോപണങ്ങളുന്നയിച്ച് തടവിലാക്കാന്‍ മാത്രമല്ല, വെടിവെച്ച് കൊല്ലാന്‍ പോലും മടിയില്ലെന്ന് തെളിയിച്ചവര്‍ രാജ്യം ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും. നിരപരാധികളെ പിടികൂടി വെടിവെച്ച് കൊല്ലാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ, പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ കേസില്‍ നിന്ന് ഒഴിവാക്കിയെടുക്കാന്‍ മടിക്കാത്ത ഭരണ സംവിധാനം “മാതൃക”യായി മുന്നില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍.
ഇതിനൊരു മറുപുറം കൂടിയുണ്ട്. സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയനുസരിച്ച് അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ്, മലേഗാവ്, സംഝോധ എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരവാദ ശൃംഖലകളാണ്. ഈ കേസുകളില്‍ ഏതാനും പേര്‍ അറസ്റ്റിലായി വിചാരണത്തടവുകാരായി തുടരുന്നു. ആ വിചാരണത്തടവ് അനന്തമായി നീളുന്നതിലെ അവകാശലംഘനം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു. യു പി എ സര്‍ക്കാറിന്റെ കാലത്ത് എന്‍ ഐ എയെ അന്വേഷണം ഏല്‍പ്പിച്ചിരുന്നു. അതിലപ്പുറം എന്തെങ്കിലും നടന്നതായി വിവരമില്ല. അന്വേഷണം പുരോഗമിക്കാത്തതിലോ ആരോപണവിധേയര്‍ അറസ്റ്റിലാകാത്തതിലോ ആര്‍ക്കും അസംതൃപ്തിയുമില്ല. ഈ കേസുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്കു മേല്‍ ചുമത്തിയ നിയമങ്ങള്‍ പുനരവലോകനം ചെയ്യാനും ജാമ്യാപേക്ഷ പരിഗണിക്കാനും ഉന്നത നീതിപീഠം കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കുക കൂടി ചെയ്യുമ്പോള്‍ യഹ്‌യമാരും മഅ്ദനിമാരും കൂടുതല്‍ നിസ്സഹായരാവുകയാണ്. അവര്‍ അപരിചിതരായി തുടരുന്നതില്‍ നമുക്ക് ആശ്വസിക്കുകയും ചെയ്യാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest