മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; നാല് പേരെ കുരുക്കിയ ചുവപ്പ്‌നാട അഴിച്ചു

Posted on: May 4, 2015 3:38 am | Last updated: May 3, 2015 at 11:39 pm

KOSHIതിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ചുവപ്പു നാടയില്‍ കുരുങ്ങിയ നാല് പേരുടെ പരാതികള്‍ പരിഹരിക്കപ്പെട്ടു. പാറശാല സ്വദേശിനി ലളിതകുമാരി, കുന്നത്തുകാല്‍ സ്വദേശി കെ ഗോപി, പാറ്റൂര്‍ സ്വദേശി കെ ഇന്ദിര, കവടിയാര്‍ സ്വദേശിനി മേഴ്‌സി വര്‍ഗീസ് എന്നിവരുടെ പരാതികളാണ് പരിഹരിക്കപ്പെട്ടത്.
പൂഴിക്കുന്ന് വി കെ ആര്‍ മന്ദിരത്തില്‍ ക്ഷീരകര്‍ഷകനായിരുന്ന വി കരുണാകരന്‍ നായരുടെ ഭാര്യ ലളിതകുമാരിക്കാണ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ക്ഷീര സുരക്ഷ പദ്ധതി പ്രകാരം 10,560 രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് കരുണാകരന്‍നായര്‍ 2012 ഏപ്രിലില്‍ മരിച്ചിരുന്നു.
ബി പി എല്‍ കാര്‍ഡ് ഉടമയായ ലളിതകുമാരി ക്ഷീര കര്‍ഷകര്‍ക്ക് മരണാനന്തരം നല്‍കുന്ന ഇന്‍ഷ്വറന്‍സ് തുകക്ക് വേണ്ടി 2012 ഏപ്രിലില്‍ അപേക്ഷ നല്‍കിയെങ്കിലും പരിഗണിച്ചില്ല. ഗുരുതര രോഗം ബാധിച്ചവര്‍ക്ക് നല്‍കുന്ന ധനസഹായം 150 എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും എണ്ണം തികഞ്ഞതിനാലാണ് സഹായം അനുവദിക്കാന്‍ കഴിയാത്തതെന്നും ക്ഷീരവികസന വകുപ്പ് അറിയിക്കുകയായിരുന്നു. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് വകുപ്പ് സഹായം അനുവദിക്കുകയായിരുന്നു.
മരത്തില്‍ നിന്ന് വീണ് പരുക്കേറ്റ് നിത്യരോഗിയായി മാറിയ കുന്നത്തുകാല്‍ സ്വദേശി കെ ഗോപിക്ക് കലക്ടറുടെ റിപ്പോര്‍ട്ട് കാണാനില്ലെന്ന പേരിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിക്കുമായിരുന്ന ധനസഹായം റവന്യൂ വകുപ്പ് തടഞ്ഞുവെച്ചത്. തുടര്‍ന്ന് ഗോപി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
2013 ആഗസ്റ്റിലണ് സുതാര്യ കേരളത്തിലേക്ക് ഗോപി അപേക്ഷ നല്‍കിയത്. ജില്ലാ കലക്ടര്‍ രണ്ട് തവണ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതായി ഗോപിയുടെ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗോപിക്ക് 1,20,000 രൂപ ധനസഹായം അനുവദിച്ചതായി റവന്യൂ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷനില്‍ തൂപ്പുകാരിയായിരിക്കെ 2006 ല്‍ വിരമിച്ച പാറ്റൂര്‍ സ്വദേശി കെ ഇന്ദിരക്ക് 2006 മുതല്‍ 2012 വരെയുള്ള പെന്‍ഷന്‍ അനുവദിച്ചില്ലെന്ന പരാതിയാണ് കമ്മീഷന്റെ ഇടപെടലിലൂടെ പരിഹരിച്ചത്. ഫെഡറേഷന്‍ സഹകരണ പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാനുള്ള തുക യഥാസമയം അടക്കാതിരുന്നതാണ് പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ കാരണം. കമ്മീഷന്റെ നിര്‍ദേശാനുസരണം ഫെഡറേഷന്‍ പെന്‍ഷന്‍ വിഹിതം അടക്കുകയും പെന്‍ഷന്‍ അനുവദിക്കുകയും ചെയ്തു.
തിരുവല്ല സ്വദേശിനിയായ മേഴ്‌സി വര്‍ഗീസിന് നിലച്ചുപോയ എയര്‍ഫോഴ്‌സ് കുടുംബ പെന്‍ഷനാണ് കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ലഭിച്ചു തുടങ്ങിയത്. തിരുവല്ല സിന്‍ഡിക്കേറ്റ് ബേങ്കില്‍ നിന്നാണ് മേഴ്‌സി വര്‍ഗീസ് പെന്‍ഷന്‍ വാങ്ങിയിരുന്നത്. 2014 ജൂലൈയില്‍ തിരുവനന്തപുരത്തേക്ക് താമസം മാറി. തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാതായി. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് മേഴ്‌സി വര്‍ഗീസിന് 2014 ആഗസ്റ്റ് ഒന്ന് മുതല്‍ 2015 ഫെബ്രുവരി വരെയുള്ള പെന്‍ഷനായ 1,04,069 രൂപ കവടിയാര്‍ എസ് ബി ടി വഴി നല്‍കിയതായി ഡിഫന്‍സ് പെന്‍ഷന്‍ ഡിസ്‌പേഴ്‌സിംഗ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചതായി കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.