Connect with us

Gulf

കഴിഞ്ഞ വര്‍ഷം ടീ കോം കൈവരിച്ചത് വന്‍ നേട്ടങ്ങള്‍

Published

|

Last Updated

ദുബൈ: ദുബൈ ഹോ ള്‍ഡിംഗിന്റെ കീഴിലുള്ള ടീകോം ഇന്‍വെസ്‌മെന്റ് പോയവര്‍ഷം വന്‍ പുരോഗതി കൈവരിച്ചതായി സി ഇ ഒ ഡോ. അമീന അല്‍ റുസ്തമാനി അറിയിച്ചു. 11 മേഖലകളില്‍ 380 വികസനങ്ങളാണ് നേടിയത്. മീഡിയ, ഇന്റര്‍നെറ്റ് ടെക്‌നോളജി, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിലാണ് ടീ കോമിന്റെ പ്രവര്‍ത്തനം. 74,000 ആളുകള്‍ ടീ കോമിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ദുബൈ ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മീഡിയ സിറ്റി, ദുബൈ നോളജ് വില്ലേജ് എന്നിവിടങ്ങളില്‍ 95 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
ദുബൈ ദേശീയ നവീകരണ ആസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് 450 കോടി ദിര്‍ഹമിന്റെ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. 15,000ത്തോളം ആളുകള്‍ക്ക് ജോലി സാധ്യതയുള്ള 16 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ഇന്നൊവേഷന്‍ ഹബ്ബ് സ്ഥാപിക്കും. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക. ഫാഷന്‍ മേഖലയില്‍ ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട് വിഭാവനം ചെയ്തിട്ടുണ്ട്. ദുബൈ മീഡിയ സിറ്റിയില്‍ ബട്ടര്‍ ഫ്‌ളൈ എന്ന പേരില്‍ രണ്ട് കെട്ടിടങ്ങള്‍ നിര്‍മാണം ആരംഭിച്ചു. ഇന്റര്‍നാഷനല്‍ മീഡിയ പ്രൊഡക്ഷന്‍ സോണില്‍ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയിട്ടുണ്ട്. ബര്‍ഷയില്‍ 440 വില്ലകളുടെ നിര്‍മാണം ആരംഭിച്ചു. ഇതിന്റെ വില്‍പന തകൃതിയായി നടക്കുന്നു. ദുബൈയെ സ്മാര്‍ട് സിറ്റിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് ടീ കോമാണ്.
ദുബൈ വ്യാവസായിക കേന്ദ്രത്തില്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക സംഭരണ വിഭാഗം രൂപകല്‍പന ചെയ്തിട്ടുണ്ട്. അടുത്ത 10 വര്‍ഷത്തിനകം ടീ കോമിന് കീഴില്‍ 26,000ത്തോളം ഉദ്യോഗാര്‍ഥികളുണ്ടാകും. അതോടെ ഉദ്യോഗാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമാകും. വാണിജ്യ പങ്കാളികളുടെ എണ്ണം 10,000 ആയി മാറും. ഡോ. അമീന അല്‍ റുസ്തമാനി പറഞ്ഞു. കൊച്ചി സ്മാര്‍ട് സിറ്റി അടക്കം നിരവധി രാജ്യങ്ങളില്‍ ടീ കോമിന് നിക്ഷേപങ്ങള്‍ ഉണ്ട്.

---- facebook comment plugin here -----

Latest