Thrissur
ചാലക്കുടി-ആനമല റോഡ് നവീകരണം പൂര്‍ത്തിയാക്കും - മന്ത്രി

തൃശൂര്‍: പ്രദേശത്തിന്റെ വിനോദ സഞ്ചാര വികസന ത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ചാലക്കുടി-ആനമല റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. വകുപ്പിനു കീഴില്‍ ചാലക്കുടി റസ്റ്റ് ഹൗസിനോടനുബന്ധിച്ച് നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഏകദേശം 80 കീ.മീ. ദൈര്‍ഘ്യമുള്ള റോഡിന്റെ മുക്കാല്‍ ഭാഗവും ഇതിനകം നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഭാഗം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതുതായി പണി തീര്‍ത്ത റസ്റ്റ് ഹൗസ് ബ്ലോക്കില്‍ രണ്ടാംനില പണിയുന്നതിന് തുക അനുവദിക്കുന്ന കാര്യവും പരിഗണിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി ചടങ്ങില്‍ നല്‍കി. കുടുംബശ്രീയുമായി സഹകരിച്ച് റസ്റ്റ് ഹൗസില്‍ കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ട്രഷറി നിക്ഷേപ സമാഹരണ ഫണ്ട് വിനിയോഗിച്ചാണ് ഒരുകോടി രൂപ ചെലവില്‍ റസ്റ്റ് ഹൗസില്‍ പുതിയ ബ്ലോക്ക് പണി കഴിച്ചത്. ആകെ 8551 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ താഴെ നിലയില്‍ എട്ട് ബെഡ്‌റൂമുകളും ലോബി, കാര്‍പോര്‍ച്ച് ഡൈനിംഗ്ഹാള്‍ എന്നിവയും മുകൡലെ നിലയില്‍ ഏഴ് ബെഡ്‌റൂമുകളും വി ഐ പി മുറിയും മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണുള്ളത്.
ജംഗിള്‍ സഫാരി പദ്ധതി ക്ക് കീഴില്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ എട്ടു ലക്ഷം രൂപ ലാഭമുണ്ടാക്കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബി ഡി ദേവസ്സി എം എല്‍ എ പറഞ്ഞു. യാത്രികരുടെ തിരക്ക്് പരിഗണിച്ച് ഇതിനായി 36 സീറ്റുള്ള പുതിയ ബസ് വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ചാലക്കുടി നഗരസഭ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ വിനയന്‍, ഹൈമാവതി ശിവന്‍, മനേഷ് സെബാസ്റ്റ്യന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ കെ ഉഷ സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി പി ബെന്നി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.