Thrissur
കഴുത്തില്‍ വ്രണവുമായി നരകിച്ച തെരുവുനായക്ക് യുവാക്കളുടെ കാരുണ്യം

പുന്നയൂര്‍ക്കുളം: കഴുത്തില്‍ വലിഞ്ഞുമുറുകിയ പ്ലാസ്റ്റിക് കയറുമായി ഒരുമാസം നരകിച്ച തെരുവുനായക്ക് യുവാക്കളുടെ കാരുണ്യം. കഴുത്തിനു ചുറ്റും പൊട്ടി പുഴുവരിച്ച് ദുര്‍ഗന്ധം പരത്തി ഓടിനടന്ന നായക്കുട്ടിയെ ചെറായി ക്രിയേറ്റീവ് സാംസ്‌കാരികവേദി പ്രവര്‍ത്തകരാണ് പിടിച്ചത്.
നായയെ ഇഞ്ചക്ഷന്‍ ചെയ്ത് മയക്കി മുറിവില്‍ മരുന്ന് തെളിച്ച് പുഴുക്കളെ പുറത്തെടുത്തു.പിന്നീട് മരുന്നുവച്ച് കെട്ടി. ഒന്നര മണിക്കൂറോളം നീണ്ട ശുശ്രൂഷക്ക് ആലങ്കോട് പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ സി എം നഹീല്‍ നേതൃത്വം നല്‍കി. പ്രസേനന്‍, എം എസ് ശ്യാംജിത്ത്, നവീന്‍, വിഷ്ണു എന്നിവര്‍ സഹായികളായി. രാവിലെ മയക്കം മാറി ഭക്ഷണം കഴിച്ച നായ സുഖം പ്രാപിക്കുന്നു.
പ്രദേശത്തെ ഒരു കിണറ്റില്‍ ഈ നായ വീണതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഉപയോഗിച്ച കയറാണ് പിന്നീട് അഴിയാക്കുരുക്കായത്. ഈ കയര്‍ പലയിടത്തും കുരുങ്ങിയാകും കഴുത്തില്‍ വ്രണം രൂപപ്പെട്ടതെന്ന് ഡോക്ടര്‍ പറഞ്ഞു. വേദന കാരണം ഭക്ഷണം കഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായ നായ നാട്ടുകാര്‍ക്ക് സങ്കടകാഴ്ചയായിരുന്നു. പലവട്ടം പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൂടെയുള്ള മറ്റൊരു നായ ഭീഷണിയായി. ഇതിനെ അകലേക്ക് ഓടിക്കുകയായിരുന്നു.