വരാനിരിക്കുന്നത് ചൂതാട്ടകേന്ദ്രങ്ങളായ ബാങ്കുകള്‍: എം ബി രാജേഷ് എം പി

Posted on: May 3, 2015 12:11 pm | Last updated: May 3, 2015 at 12:11 pm

തൃശ്ശൂര്‍: അനിയന്ത്രിതമായ ലക്കുകെട്ട ചൂതാട്ടകേന്ദ്രങ്ങളായ ബാങ്കുകളാണ് വരാനിരിക്കുന്നതെന്ന് എം ബി രാജേഷ് എം പി. കേന്ദ്രസര്‍ക്കാര്‍ വിദേശബാങ്കുകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നത് ദേശീയ താത്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാനകമ്മിറ്റിയുടെ ‘ബാങ്കുകളിലെ വിദേശ ഓഹരിപങ്കാളിത്തം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യവത്കരണം വരുമ്പോള്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ബലികഴിക്കപ്പെടും. ബാങ്കിങ് മേഖല സ്വകാര്യവത്കരിക്കുമ്പോള്‍ രാജ്യത്തെ സമ്പത്തിന് മുകളില്‍ വിദേശ മൂലധനത്തിന്റെ നീരാളിക്കൈകള്‍ പിടിമുറുക്കുകയാണ്. മൂലധനത്തിന്റെ ലക്ഷ്യം ലാഭം മാത്രമാണ്.
മൂലധന നിയന്ത്രണത്തില്‍ ധനകാര്യമേഖല അകപ്പെട്ടാല്‍ ലാഭം മാത്രം മുന്‍നിര്‍ത്തിയ ദിശയിലാവും പ്രവര്‍ത്തനം. ദേശീയമായ മുന്‍ഗണനകളെല്ലാം ഇല്ലാതാവും. വിദേശരാജ്യങ്ങളുടെ ആവശ്യമാണ് ഇന്ത്യയുടെ ധനകാര്യമേഖല തുറന്നുകിട്ടുകയെന്നത്. ഇത് ബാങ്കിങ് മേഖലയില്‍ മാത്രം സംഭവിക്കുന്നതല്ല. എല്ലാ മേഖലകളിലും കോര്‍പ്പറേറ്റ്‌വത്കരണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ധനകാര്യമേഖല വിദേശനിക്ഷേപത്തിന്റെ നിയന്ത്രണത്തിലമരുന്ന സ്ഥിതിവിശേഷമാണ്. റിസര്‍വ്വ് ബാങ്ക് വായ്പാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതില്‍ പ്രത്യക്ഷത്തില്‍ മാറ്റങ്ങളൊന്നും കാണുന്നില്ല. പ്രധാനപ്പെട്ട മാറ്റമെന്തെന്നാല്‍ നേരത്തെ കാര്‍ഷികമേഖലയെ രണ്ടായി വിഭജിച്ചത് ഇല്ലാതായതാണ്. അങ്ങനെ വരുമ്പോള്‍ കാര്‍ഷിക മേഖലയുടെ സിംഹഭാഗവും വിദേശശക്തികള്‍ കയ്യടക്കുമെന്ന സ്ഥിതി വരും. കാര്‍ഷികമേഖലയില്‍ കോര്‍പ്പറേറ്റ്‌വത്കരണം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഭാഗമായി ബാങ്കിങ്ങിന്റെ ഉള്ളടക്കത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി.
വിദേശബാങ്കുകളുടെ ആധിപത്യം വര്‍ധിക്കുമ്പോള്‍ കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയവര്‍ക്കുള്ള മുന്‍ഗണന ഇല്ലാതാവും. സമ്പദ് വ്യവസ്ഥയുടെ സമസ്തമേഖലകളും വിദേശനിക്ഷേപത്തിന്റെ പിടിയിലമര്‍മന്നിരിക്കുകയാണ്. സാമ്പത്തിക സ്വാശ്രയത്വവും സാമ്പത്തിക പരമാധികാരവും ഉറപ്പിച്ച പൊതുമേഖലാ വ്യവസായവും പൊതുമേഖലാ ബാങ്കുകളും പൊളിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. 2008 ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് കാരണമായത് വിദേശ സ്വകാര്യബാങ്കുകള്‍ കൊള്ളലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴാണ്. അന്നതിന് നേതൃത്വം കൊടുത്ത ബാങ്കുകള്‍ക്കെല്ലാം പിഴ ചുമത്തുകയാണ്. പഴയ സ്ഥിതിയില്‍ കേരളത്തിന്റെ ബാങ്കിങ് ആസ്ഥാനമായിരുന്നു തൃശ്ശൂര്‍. എന്നാലിന്നത്തെ പുതിയ സാഹചര്യത്തില്‍ പ്രതിസന്ധികള്‍ ഒരുപാട് നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സകി ഐ ടി യു സംസ്ഥാന സെക്രട്ടറി എം എം വര്‍ഗ്ഗീസ് അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥിയായി. സാമ്പത്തിക വിദഗ്ധന്‍ വി കെ പ്രസാദ് പ്രബന്ധമവതരിപ്പിച്ചു. അബ്രഹാം തരിയന്‍, പി വി മോഹന്‍, കെ രവീന്ദ്രന്‍, കെ സത്യനാഥന്‍, വി ബി അനന്തനാരായണന്‍, ബെഫി വൈസ് പ്രസിഡന്റ് ടി നരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ആര്‍ മോഹന, ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.