Ongoing News
തമീമിന് ഡബിള്‍; ആദ്യ ടെസ്റ്റ് സമനില

ഖുലാന: ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് പാക്കിസ്ഥാനെ സമനിലയില്‍ തളച്ചു. ഓപ്പണര്‍മാരായ തമീം ഇഖ്ബാലിന്റെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും ഇംറുള്‍ കൈസിന്റെ സെഞ്ച്വറിയുമാണ് ആദ്യ ഇന്നിംഗ്‌സില്‍ 296 റണ്‍സിന്റെ ലീഡ് നേടിയിരുന്ന പാക്കിസ്ഥാന്റെ വിജയത്തെ തടഞ്ഞത്. തമിം ഇഖ്ബാല്‍ 206ഉം കൈസ് 150ഉം റണ്‍സെടുത്തു. തമീം ഇഖ്ബാലാണ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് 332ന് ആള്‍ഔട്ട്. പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് 628ന് ആള്‍ഔട്ട്. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സ് 555/6.
ബംഗ്ലാദേശിനെ പെട്ടെന്ന് പുറത്താക്കി ജയം സ്വന്തമാക്കാനുള്ള പാക് പദ്ധതി ബംഗ്ലാ ഓപ്പണര്‍മാര്‍ പൊളിക്കുകയായിരുന്നു. ഉജ്ജ്വലമായി ബാറ്റ് ചെയ്ത ഇരുവരും പാക് ബൗളര്‍മാരെ വെള്ളംകുടിപ്പിച്ചു. 312 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പൊക്കിയത്. ബംഗ്ലാദേശ് ബാറ്റസ്മാന്മാരുടെ ഏത് വിക്കറ്റിലെയും റെക്കോര്‍ഡ് കൂട്ടുകെട്ടാണിത്. ഒരു ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് തമീം കുറിച്ചത്.
278 പന്തില്‍ 17 ബൗണ്ടറിയും ഏഴ് സിക്‌സും ഉള്‍പ്പെടുന്നതാണ് തമിം ഇഖ്ബാലിന്റെ ഇന്നിംഗ്‌സ്. കൈസ് 16 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടിച്ചു. ഷാക്കിബ് ഉള്‍ ഹസന്‍ 76 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദുല്ല (40)ഉം സൗമിയ സര്‍ക്കാര്‍ (33)ഉം റണ്‍സെടുത്തു. കന്നി ഇരട്ട സെഞ്ചുറി നേടിയ മുഹമ്മദ് ഹഫീസിന്റെ മികവിലാണ് പാക്കിസ്ഥാന്‍ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയത്. 224 റണ്‍സാണ് ഹഫീസ് നേടിയത്.