സംഹാരതാണ്ഡവമാടി ബാഴ്‌സ

Posted on: May 3, 2015 6:00 am | Last updated: May 3, 2015 at 9:43 am

Spain Soccer La Ligaമാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണ കൊര്‍ഡോബയെ ഗോളില്‍ മുക്കിക്കൊന്നു. ഏകപക്ഷീയ എട്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ കൊര്‍ഡോബയെ തകര്‍ത്തുവിട്ടത്. സൂപ്പര്‍ താരങ്ങളെല്ലാം മത്സരിച്ച് ഗോളടിച്ചപ്പോള്‍ കൊര്‍ഡോബക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. സുവാരസിന് ഹാട്രിക്. മെസ്സിക്ക്് ഡബിള്‍, പിക്വെയ്ക്കും നെയ്മറിനും റാക്റ്റികിനും ഓരോന്ന് വീതം. ഇതാണ് ഗോള്‍ കണക്ക്.
42ാം മിനുട്ടില്‍ റാക്റ്റിക്കാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 45ാം മിനുട്ടില്‍ സുവാരസ് അടി തുടങ്ങി. 46ാം മിനുട്ടില്‍ മെസ്സിയുടെ വക. ഡാനി ആല്‍വസെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ മെസി വലയിലാക്കുകയായിരുന്നു. 53ല്‍ വീണ്ടും സുവാരസ്. പിന്നെ പിക്വെ. 80ാം മിനുട്ടില്‍ വീണ്ടും മെസി. തുടര്‍ന്ന് 85ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍. 88ല്‍ നില്‍ക്കെ വീണ്ടും സുവരാസിന്റെ സുന്ദര ഗോള്‍. മത്സരത്തില്‍ 75 ശതമാനവും പന്ത് ബാഴ്‌സയുടെ കാല്‍ച്ചുവട്ടിലായിരുന്നു. മത്സത്തിനിടെ ബാഴ്‌സ തൊടുത്തത് 27 ഷോട്ടുകള്‍.
തകര്‍പ്പന്‍ ജയത്തോടെ, ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബാഴ്‌സ ലീഡ് വീണ്ടുമുയര്‍ത്തി. 35 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റാണ് ബാഴ്‌സക്കിപ്പോള്‍. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 34 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റാണുള്ളത്. 75 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.