National
മോദി ഇപ്പോഴും മുഖ്യമന്ത്രിയുടെ റോളില്‍: അരുണ്‍ ഷൂറി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിലെ ത്രിമൂര്‍ത്തികളെ അധിക്ഷേപിച്ച് മുന്‍ കേന്ദ്ര മന്ത്രിയും വാജ്‌പേയ് സര്‍ക്കാറില്‍ കാബിനറ്റ് മന്ത്രിയുമായിരുന്ന അരുണ്‍ ഷൂരി രംഗത്തെത്തി. മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ അലക്ഷ്യമായിട്ടുള്ളതാണെന്നും മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ബി ജെ പി മേധാവി അമിത് ഷായും ചേര്‍ന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ കുത്തക ആധിപത്യം പുലര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സാമ്പത്തിക നയങ്ങള്‍ ക്രമരഹിതമാണ്. കാര്യമായ ഒന്നും സര്‍ക്കാറിന് മുന്നോട്ടുവെക്കാനായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണ് മുഴുവന്‍ തീരുമാനങ്ങളും കൈകൊള്ളുന്നത്. മികച്ച ശേഷിയോ അനുഭവപരിചയമോ ഇവര്‍ക്കില്ല. ബിസിനസ് കാര്യങ്ങളില്‍ മാത്രം ട്വീറ്റ് ചെയ്യാന്‍ മുതിരുന്ന പ്രധാനമന്ത്രിയുടെ ലൗജിഹാദും ഘര്‍വാപസിയും സംബന്ധിച്ച നിശബ്ദത തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ദേശീയ സുരക്ഷയെയും ദേശീയ സൗഹാര്‍ദത്തെയും ഇത് മോശമായി ബാധിക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിക്കാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദി ഇപ്പോഴും മുഖ്യമന്ത്രിയുടെ റോളിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ പദ്ധതികള്‍ ഇപ്പോഴും മുന്നോട്ടുവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നും ഷൂരി കുറ്റപ്പെടുത്തി. അതിനിടെ അരുണ്‍ ഷൂരിയെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തി.