പുതിയ റിയല്‍ എസ്റ്റേറ്റ് ബില്‍: എന്‍ ഡി എ സര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍

Posted on: May 3, 2015 6:00 am | Last updated: May 2, 2015 at 11:12 pm

rahul_gandhi_ന്യൂഡല്‍ഹി: ഇന്ത്യയിലെ മധ്യവര്‍ഗങ്ങളുടെ വിഷയങ്ങളെ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി രാഷ്ട്രീയ ഇടപെടല്‍ ശക്തമാക്കുന്നു. പുതിയ റിയല്‍ എസ്റ്റേറ്റ് ബില്‍ ഉപഭോക്തൃ വിരുദ്ധമാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വീട് വില്‍പ്പന നടത്തുന്നവരുടെ വിവിധ സംഘടനകളുമായി കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ച് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഈ ബില്‍ നിരവധി ന്യൂനതകള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും ഇതിനെതിരെയുള്ള പോരാട്ടത്തില്‍ എപ്പോഴും താനുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മധ്യവര്‍ഗക്കാരായ ഭൂമികച്ചവടക്കാര്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. സര്‍ക്കാര്‍ ഗോത്രവര്‍ഗങ്ങള്‍ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയും മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കെതിരെയും ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബില്‍ഡര്‍മാര്‍ക്ക് അനുകൂലമായ ബില്ലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ കച്ചവടക്കാര്‍ക്കുള്ള നിരവധി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ ഈ ബില്‍ അവഗണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ റിയല്‍ സ്റ്റേറ്റ് ബില്‍ ബൂധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോക്താക്കളില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് ലോബികളെ കുറിച്ചുള്ള നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. ഇതുസംബന്ധിച്ച നേരത്തെ യു പി എ സര്‍ക്കാര്‍ ഒരു ബില്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്‍ എന്‍ ഡി എ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.