ബോക്കോ ഹറാം തടവിലാക്കിയിരുന്ന 300 പെണ്‍കുട്ടികളെ മോചിപ്പിച്ചു

Posted on: April 30, 2015 3:05 am | Last updated: April 29, 2015 at 9:07 pm

nigeria-boko-haramനൈജര്‍: ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരുന്ന 300 പെണ്‍കുട്ടികളെ നൈജീരിയന്‍ സൈന്യം മോചിപ്പിച്ചു. വടക്കുകിഴക്കന്‍ സാംബിയയിലെ കാടുകളില്‍ നടന്ന പോരാട്ടത്തിനൊടുവിലാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചതെന്ന് സൈന്യം അറിയിച്ചു. രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇവരെ കുറിച്ചുള്ള മറ്റു കൂടുതല്‍ വിവരങ്ങളും സൈന്യം ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ മോചിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഏത് സ്ഥലത്തുനിന്നുള്ളവരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ സൈന്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവരില്‍ ചിലരെ ബോക്കോ ഹറാം തീവ്രവാദികള്‍ ഭാര്യമാരാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ 300ലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ പലരും പിന്നീട് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ 219 പേര്‍ ഇപ്പോഴും ഇവരുടെ പിടിയിലാണ്. ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടവര്‍ അന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ചിബൂക്കിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളല്ലെന്ന് അസോസിയേറ്റ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബോക്കോ ഹറാമിനെ പ്രതിരോധിക്കാന്‍ ആഫ്രിക്കന്‍ യൂനിയന്‍ പ്രത്യേക സൈനിക സഖ്യത്തിന് രൂപം നല്‍കിയിരുന്നു. ഇതിന് പുറമെ നൈജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബോക്കോ ഹറാമിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.