Connect with us

Gulf

ഇനി ഈത്തപ്പഴക്കാലം

Published

|

Last Updated

ഷാര്‍ജ: ചൂട് കനത്തു. ഈന്തപ്പനകള്‍ കായ്ച്ചു തുടങ്ങി. ഇനി ഈത്തപ്പഴക്കാലം. പാതയോരങ്ങളിലും, തോട്ടങ്ങളിലും എന്നു മാത്രമല്ല സകല ഇടങ്ങളിലെയും ഈന്തപ്പനകള്‍ കായ്ച്ചിട്ടുണ്ട്. എന്നാല്‍ പാകമായിട്ടില്ല. പഴുത്തു പാകമാകാന്‍ ഇനിയും നാളുകളെടുക്കും. അടുത്തമാസം അന്ത്യത്തോടെ വിളവെടുപ്പിനു തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. സെപ്തംബര്‍ ഒക്‌ടോബര്‍ വരെ വിളവെടുപ്പിന്റെ കാലമായിരിക്കും. വിശുദ്ധ റമസാന്‍ തുടങ്ങുമ്പോഴേക്കും മരുഭൂമിയിലെ ഈ പഴം സുലഭമായി ലഭിച്ചുതുടങ്ങും. ജൂണ്‍ മൂന്നാം വാരത്തിലായിരിക്കും റമസാന്‍ വ്രതം ആരംഭിക്കുക.
ഇക്കുറി ഈന്തപ്പനകള്‍ കായ്ക്കാന്‍ അല്‍പം വൈകിയിരുന്നുവെന്നാണ് പറയുന്നത്. സാധാരണ ഗതിയില്‍ ഏപ്രില്‍ അവസാനത്തോടെ വിളവെടുപ്പ് ആരംഭിക്കാറുണ്ടെന്നും പറയുന്നു. എന്നാല്‍ ഇത്തവണ കായ്ച്ചു തുടങ്ങിയതുതന്നെ വൈകിയാണ്.
ചൂട് ആരംഭിക്കാന്‍ വൈകിയതാണ് കായ്ക്കാന്‍ വൈകിയതെന്ന് പ്രവാസികളായ ചിലര്‍ പറയുന്നു. ചൂട് ഇപ്പോള്‍ കനത്തു തുടങ്ങിയിട്ടുണ്ട്. ഇതോടെ കായ്ച്ചു നില്‍ക്കുന്ന ഈത്തപ്പഴം പഴുത്തു തുടങ്ങും.
ഈത്തപ്പഴക്കാലത്തെ വരവേല്‍ക്കാന്‍ സ്വദേശികളെയെന്ന പോലെ പ്രവാസികളും സജ്ജരായിട്ടുണ്ട്. ഈത്തപ്പഴം പഴുക്കുന്നതും കാത്തിരിക്കുകയാണവര്‍. രാജ്യത്ത് നിന്നു മാത്രമല്ല, ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴവും വന്‍തോതില്‍ വിപണിയിലെത്തും. പല രുചികളായിരിക്കും ഓരോ രാജ്യത്തെയും ഇത്തപ്പഴത്തിന്. വിലകൂടിയവയും കുറഞ്ഞവയും ലഭ്യമാകും. ഗുണനിലവാരത്തിനും രുചിക്കും അനുസരിച്ചായിരിക്കും വിലനിര്‍ണയിക്കുക.
ഈന്തപ്പനത്തോട്ടങ്ങളില്‍ വിളവെടുപ്പിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. തോട്ടങ്ങള്‍ വൃത്തിയാക്കുന്ന ജോലികള്‍ മിക്കയിടത്തും പൂര്‍ത്തിയായിക്കഴിഞ്ഞു. അതീവ ശ്രദ്ധയാണ് ഓരോ ഈന്തപ്പന മരത്തിനും ബന്ധപ്പെട്ടവര്‍ പരിചരണം നല്‍കുന്നത്. വേണ്ട വിധം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. കേടു വന്ന മരങ്ങളെ ആവശ്യമായ പരിചരണം നല്‍കി അവിടങ്ങളില്‍ തന്നെ നിലനിര്‍ത്തുന്നു.
ഷാര്‍ജ അല്‍ ജുബയില്‍ പച്ചക്കറിമാര്‍ക്കറ്റിനു സമീപം ഇത്തവണയും ഈന്തപ്പഴ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പച്ചക്കറിമാര്‍ക്കറ്റിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ മാര്‍ക്കറ്റിനു പുറത്ത് പ്രത്യേക സ്റ്റാളുകള്‍ ഏര്‍പെടുത്തുകയായിരുന്നു.
അതേ സമയം ഈത്തപ്പഴത്തിന്റെ വരവും കാത്തിരിക്കുകയാണ് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍. പലയാത്രക്കാരും ധാരാളം ഈത്തപ്പഴം കൊണ്ടുപോകാറുണ്ട്. കലര്‍പില്ലാത്തത് ലഭിക്കുന്നതിനാലാണിത്.
മാത്രമല്ല, പരിശുദ്ധ റമസാന്‍ സമാഗതമാകുന്നതും ഈത്തപ്പഴം കൊണ്ടുപോകാന്‍ പ്രവാസി ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ പ്രേരിപ്പിക്കുന്നു. സ്വദേശികളില്‍ നിന്നും സൗജന്യമായും ഈത്തപ്പഴം ലഭിക്കാറുണ്ട്.

Latest