Connect with us

National

സമാധാനത്തിലേക്ക് കൈകൊടുത്ത് ഇന്ത്യയും അഫ്ഗാനിസ്ഥാനും

Published

|

Last Updated

ന്യൂഡല്‍ഹി: അഫിഗാനിസ്ഥാന് എന്നും ഇന്ത്യ ക്രിയാത്മക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചത്.
അക്രമത്തെ പിന്തുണക്കുന്ന പ്രശ്‌നമില്ലെന്ന് മേഖലയിലെ തീവ്രവാദത്തെ പരാമര്‍ശിച്ച് ഗനിയും പറഞ്ഞു. അഫ്ഗാനില്‍ അഫ്ഗാന്റെത് മാത്രമായ ഭരണ സംവിധാനം നിലവില്‍ വന്നതില്‍ ഇന്ത്യക്ക് ഏറെ സന്തോഷമുണ്ട്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ എല്ലാ പരിഗണനകള്‍ക്കുമപ്പുറമുള്ള പിന്തുണ ന്യൂഡല്‍ഹിയില്‍ നിന്ന് ഉണ്ടാകുമെന്നും മോദി പറഞ്ഞു. മൂന്ന് സൈനിക ഹെലികോപ്റ്ററുകള്‍ അഫ്ഗാന് ഈയിടെ നല്‍കിയത് അദ്ദേഹം എടുത്തു പറഞ്ഞു. പ്രതിരോധ മേഖലയിലടക്കം വിവിധ മേഖലകളില്‍ ഇന്ത്യയുടെ സഹായം ഉണ്ടാകും. അതിനായി പ്രതിരോധ ആവശ്യങ്ങള്‍ അഫ്ഗാന്‍ തങ്ങളെ അറിയിക്കണം. അഫ്ഗാന്റെ അടിസ്ഥാന സൗകര്യവികസന ദൗത്യത്തില്‍ ഇന്ത്യയുടെ മുതല്‍ മുടക്ക് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൃഷി, വാര്‍ത്താ വിനിമയം, മനുഷ്യവിഭവ ശേഷി വികസനം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കും. സെപ്തംബറില്‍ പ്രസിഡന്റ്പദത്തിലെത്തിയ ശേഷം ഇതാദ്യമായാണ് ഗനി ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയും അഫാഗാനും തമ്മിലുള്ള ബന്ധം രണ്ട് സര്‍ക്കാറുകള്‍ക്കിടയിലുള്ള ബന്ധം മാത്രമല്ല. അത് മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള കാലാതീതമായ ബന്ധമാണ്. പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അബ്ദുല്ലാ അബ്ദുല്ലക്കും പ്രസിഡന്റ് ഗനിക്കുമൊപ്പം ഈ ബന്ധം പുതിയ ഊര്‍ജം കൈവരിച്ചിരിക്കുന്നു. അഫ്ഗാന്റെ സ്വയം നിര്‍ണയാവകാശം എന്ന ലക്ഷ്യത്തോടൊപ്പം ഇന്ത്യ എന്നും നിലകൊണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അഫ്ഗാന്റെ ഭരണഘടനയായിരിക്കണം ചട്ടക്കൂട്. അക്രമത്തിന്റെ നിഴല്‍ അസ്തമിക്കുകയും വേണം. കഴിഞ്ഞ പതിനാല് വര്‍ഷമായി നഷ്ടപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പുരോഗതി തിരിച്ചു പിടിക്കാന്‍ അഫ്ഗാന് സാധിക്കണം. സ്ത്രീകള്‍ അടക്കമുള്ള എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കണമെന്നും മോദി സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാര്‍ക്കിനെ സാമ്പത്തിക സഹകരണ യൂനിറ്റാക്കി മാറ്റണം. തീവ്രവാദം അഫ്ഗാനെ വേട്ടനായയെപ്പോലെ പിന്തുടരുകയാണ്.
അതിനെ അഭിമുഖീകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് അശ്‌റഫ് ഗനി പറഞ്ഞു. ഇക്കാര്യത്തില്‍ അയല്‍ക്കാരുടെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഗനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest