Connect with us

National

ബംഗാള്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് നേട്ടം

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത കോര്‍പറേഷനടക്കം തൃണമൂല്‍ കോണ്‍ഗ്രസിനു വന്‍ മുന്നേറ്റം. മൂന്നു കോര്‍പറേഷനുകളും 88 മുനിസിപ്പാലിറ്റികളിലും ഉള്‍പ്പെടെ തെരഞ്ഞെടുപ്പു നടന്ന 91 തദ്ദേശസ്ഥാപനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 71 എണ്ണത്തില്‍ വിജയിച്ചു. അഞ്ചിടത്തു വീതം കോണ്‍ഗ്രസും ഇടതുപക്ഷവും വിജയിച്ചു. കൊല്‍ക്കത്ത കോര്‍പറേഷനില്‍ 144 സീറ്റുകളില്‍ 113 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ഇടതുപാര്‍ട്ടികള്‍ 16 സീറ്റിലും ബി ജെ പി ഏഴിടത്തും വിജയിച്ചു. ഒമ്പതിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല.

സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളിലെല്ലാം തൃണമൂല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 24 പര്‍ഗാനസ്, നാദിയ, ഈസ്റ്റ് മിഡ്‌നാപുര്‍, വെസ്റ്റ് മിഡ്‌നാപുര്‍, ഹൗറ, ഹൂഗ്‌ളി ജില്ലകള്‍ തൃണമൂല്‍ തൂത്തുവാരി. മൂര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസിനാണു മുന്നേറ്റം. വടക്കന്‍ മേഖലയിലാണു പ്രതിപക്ഷ പാര്‍ട്ടികള്‍ നേട്ടമുണ്ടാക്കിയത്. സിലിഗുരി കോര്‍പറേഷനില്‍ ഇടതുമുന്നണി ഭരണത്തിലെത്തും. 47 സീറ്റില്‍ ഇടതുപക്ഷം 23 എണ്ണം നേടി.

കൊല്‍ക്കത്ത മേയറും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ശോവന്‍ ചതോപാധ്യായ 131-ാം വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കനത്ത സുരക്ഷാവലയത്തില്‍ രാവിലെ എട്ടോടെയാണു വോട്ടെണ്ണല്‍ ആരംഭിച്ചത്. ഈ മാസം 18നാണു കോല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പു നടന്നത്. 25നു വോട്ടെടുപ്പു നടന്ന 36 ബൂത്തുകളില്‍ അക്രമത്തെത്തുടര്‍ന്നു കഴിഞ്ഞ തിങ്കളാഴ്ച റീപോളിംഗ് നടത്തിയിരുന്നു.

Latest