നേപ്പാള്‍ ദുരന്തം: വീട് നിലംപൊത്തിയത് കണ്‍മുമ്പിലെന്ന് ദുബൈയില്‍ നിന്നുള്ള മലകയറ്റക്കാരന്‍

Posted on: April 28, 2015 6:26 pm | Last updated: April 28, 2015 at 6:26 pm

&MaxW=640&imageVersion=default&AR-150429130ദുബൈ: നേപ്പാളില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തങ്ങളുടെ തൊട്ടുമുമ്പിലായിരുന്നു ഒരു വീട് നിലംപൊത്തിയതെന്ന് ദുബൈയില്‍ നിന്നുള്ള മലകയറ്റക്കാരനായ അല ലബാബിദി വ്യക്തമാക്കി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായായിരുന്നു അല നേപ്പാളിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കാന്‍ പുറപ്പെട്ടത്. ഭാഗ്യം കൊണ്ടാണ് താമസിച്ച കെട്ടിടത്തില്‍ നിന്നു തകരുന്നതിന് മുമ്പ് പുറത്തുകടക്കാന്‍ സാധിച്ചത്. ശനിയാഴ്ചയായിരുന്നു നടുക്കുന്ന ആ അനുഭവം ഉണ്ടായത്. 6,189 മീറ്റര്‍ ഉയരമുള്ള ജംജ സെ കൊടുമുടി കീഴടക്കാനായാണ് വ്യാഴാഴ്ച 33 കാരനായ അല ലബാബിദി നേപ്പാളില്‍ എത്തിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റില്‍ നിന്ന് 10 കിലോമീറ്ററില്‍ താഴെ ദൂരത്ത് സ്ഥിതിചെയ്യുന്നതാണ് ഐലന്റ് പീക്ക് എന്നറിയപ്പെടുന്ന ഈ കൊടുമുടി.
കൊടുമുടി കീഴടക്കാനായി ലുകഌഗ്രാമത്തില്‍ നിന്നു നാംചെയിലേക്ക് യാത്രചെയ്യവേയായിരുന്നു ആറു മണിക്കൂറിന് ശേഷം ഭൂകമ്പം ഉണ്ടായതെന്ന് സിറിയന്‍ സ്വദേശിയായ ഈ പര്‍വതാരോഹകന്‍ വ്യക്തമാക്കി. ചായകുടിക്കാനും അല്‍പം വിശ്രമിക്കാനുമായി ഒരു കടയില്‍ കയറിയ ഉടനെയായിരുന്നു സംഭവം. പെട്ടെന്ന് വല്ലാത്ത ഒരു കുലുക്കം അനുഭവപ്പെട്ടു. ഞങ്ങള്‍ എല്ലാം ഒരൊറ്റ നിമിഷത്തിനുള്ളില്‍ പുറത്തേക്ക് ഓടി. പുറത്ത് കടന്നപ്പോഴേക്കും ആ ചായക്കട ഉള്‍പെട്ട കെട്ടിടം നിലംപൊത്തിയെന്ന് ദുബൈയിലെ ക്രിയോസ് കണ്‍സള്‍ട്ടിംഗിന്റെ മാനേജിംഗ് പാട്ണര്‍കൂടിയായ അല വ്യക്തമാക്കി.
ഞങ്ങള്‍ നോക്കിനില്‍ക്കേയായിരുന്നു ആ കെട്ടിടം ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ വിള്ളലിലേക്ക് താഴാന്‍ തുടങ്ങിയത്. ദേഹം മുഴുവന്‍ വിറച്ചു. ആ നടുക്കും ജീവിതത്തില്‍ ഒരിക്കലും വിട്ടുപോവില്ല.
സിറിയന്‍ ചില്‍ഡ്രണ്‍ റിലീഫ് പ്രൊജക്ടിനായി പണം കണ്ടെത്താനായിരുന്നു മലകയറ്റത്തിന് പുറപ്പെട്ടത്. യുദ്ധം താറുമാറാക്കിയ സിറിയയിലെ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനായിരുന്നു പദ്ധതി. യുദ്ധത്തില്‍ മാരകമായി പരുക്കേറ്റ കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനായിരുന്നു ശ്രമം. സഹായിയായ ഷേര്‍പക്കൊപ്പം ഞാന്‍ വീണ്ടും നടന്നു. സുരക്ഷിതമായ ഒരിടത്ത് എത്തുന്നത് വരെ. കാഠ്മണ്ഡുവിന് 81 കിലോമീറ്റര്‍ വടക്കു-പടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. ആ ദിവസം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ ഇടതടവില്ലാതെ പറന്നുകൊണ്ടിരുന്നു. പരുക്കേറ്റവരെ കാഠ്മണ്ഡുവിലെ പ്രാദേശിക ആശുപത്രിയിലേക്കാണ് ഹെലിക്കോപ്റ്ററില്‍ എത്തിച്ചുകൊണ്ടിരുന്നത്. 80 വര്‍ഷത്തിനിടയില്‍ നേപ്പാള്‍ സാക്ഷിയായ ഏറ്റവും രൂക്ഷമായ ഭൂകമ്പമായിരുന്നു അത്. തുടര്‍ന്ന് എവറസ്റ്റില്‍ ഉണ്ടായ ഹിമപാതം സ്ഥിതി സങ്കീര്‍ണമാക്കി.
ഭൂകമ്പത്തിന്റെ സമയത്ത് എവറസ്റ്റിന്റെ ബെയ്‌സ് ക്യാമ്പില്‍ ആയിരത്തോളം പര്‍വതാരോഹകര്‍ ഉണ്ടായിരുന്നെന്നാണ് ഔദ്യോഗികമായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ലുകഌയില്‍ രണ്ടു ദിവസം കഴിച്ചുകൂട്ടിയ ശേഷമാണ് കാഠ്മണ്ഡുവിലേക്ക് എത്താനായതെന്നും അദ്ദേഹം വിശദീകരിച്ചു.