Connect with us

Gulf

ലൈസന്‍സില്ലാതെ വാഹനമോടിച്ച 166 പേരെ പിടികൂടി

Published

|

Last Updated

അബുദാബി: ലൈസന്‍സില്ലാതെ വാഹനമോടിച്ച 166 പേരെ അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. സ്വന്തം ജീവനു പുറമെ മറ്റു വാഹനത്തിലുള്ളവരുടെയും കാല്‍നട യാത്രക്കാരുടെയും ജീവനും അപായമുണ്ടാകാനിടയുള്ള ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാത്തവരാണ്. ചിലരുടെ കൈവശം ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും അവരോടിക്കുന്ന വാഹനത്തിനു മതിയായവയായിരുന്നില്ല അത്. പിടിക്കപ്പെട്ടവരില്‍ യുവാക്കളും കൗമാരക്കാരുമാണുണ്ടായിരുന്നത്, തലസ്ഥാന നഗരിയുടെ ട്രാഫിക് വിഭാഗം അസി. ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ സയൂദി പറഞ്ഞു.
തലസ്ഥാന നഗരിയിലെ കോളജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്. 176 ബോധവത്കരണ പ്രഭാഷണങ്ങള്‍ ട്രാഫിക് വിഭാഗം നടത്തുകയുണ്ടായി. ഇതില്‍ ഇരുപതിനായിരത്തോളം പേരെ ബോധവത്കരിച്ചു. പിടിക്കപ്പെട്ടവരില്‍ പലരും വിദ്യാര്‍ഥികളാണെന്നതാണ് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണം നടത്താന്‍ കാരണം, അല്‍ സയൂദി പറഞ്ഞു. ബോധവത്കരണത്തോടൊപ്പം ശക്തമായ പരിശോധനയും നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി സമയത്താണ് ഇത്തരം നിയമവിരുദ്ധ പ്രവണതകള്‍ കൂടുതലായി കണ്ടുവരാറുള്ളതെന്നതിനാല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് വരെയും പരിശോധനകള്‍ കര്‍ശനമായി തുടരും.
മൂന്ന് മാസം വരെ തടവും 5,000 ദിര്‍ഹം പിഴയുമാണ് ലൈസന്‍സില്ലാതെ വാഹനമോടിച്ചാലുള്ള ശിക്ഷ.

Latest