പാര്‍ക്കിംഗ് സമയം കഴിഞ്ഞാല്‍ 10 മിനിറ്റുവരെ പിഴയുണ്ടാവില്ല

Posted on: April 28, 2015 6:21 pm | Last updated: April 28, 2015 at 6:21 pm

ഷാര്‍ജ: വാഹനങ്ങള്‍ പണമടച്ച് പാര്‍ക്ക് ചെയ്ത് നിശ്ചിത സമയം കഴിഞ്ഞയുടന്‍ പിഴ ചുമത്തുകയില്ലെന്ന് ഷാര്‍ജ നഗരസഭാ അധികൃതര്‍ അറിയിച്ചു.
പാര്‍ക്കിംഗ് ടിക്കറ്റില്‍ കാണിച്ച സമയം കഴിഞ്ഞ് 10 മിനിറ്റുവരെ വാഹന ഉടമകള്‍ക്ക് സമയമനുവദിക്കും. ഇതിനകം പാര്‍ക്കിംഗ് പുതുക്കുകയോ വാഹനം എടുത്തുമാറ്റുകയോ ചെയ്യണം. ഇങ്ങനെ ചെയ്യാത്ത വാഹനങ്ങള്‍ക്കു മാത്രമേ നഗരസഭയുടെ പരിശോധകര്‍ പിഴ ചുമത്തൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
നീതിക്കുനിരക്കാത്ത രീതിയില്‍ ഒരു വാഹനത്തിനും നഗരസഭ പിഴ ചുമത്തില്ല. വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിലും പാര്‍ക്കിംഗ് നിയമം നടപ്പിലാക്കില്ല. മറിച്ച് നിയമങ്ങളെ പാടെ അവഗണിച്ചു കൊണ്ട് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കെതിരെയാണ് നിയമം ഉപയോഗിക്കുക, നഗരസഭയിലെ പബ്ലിക് പാര്‍ക്കിംഗ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ആതിഫ് അല്‍ സര്‍ഊനി പറഞ്ഞു.
നിയമപരമായി പാര്‍ക്ക് ചെയ്ത വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച ടിക്കറ്റില്‍ കാണിച്ച സമയം കഴിഞ്ഞയുടന്‍ നഗരസഭ പിഴ ചുമത്തുന്നുവെന്ന പ്രചരണത്തെ അല്‍ സര്‍ഊനി നിഷേധിച്ചു. പാര്‍ക്കിംഗ് സമയം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ പരിശോധകരായ ഉദ്യോഗസ്ഥരുടെ ഹിതമാണ് നടപ്പാക്കുന്നതെന്ന പ്രചാരണത്തെയും അദ്ദേഹം നിഷേധിച്ചു. പാര്‍ക്കിംഗ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങള്‍ നേരത്തെ നല്‍കിയതാണെന്നും അല്‍ സര്‍ഊനി അറിയിച്ചു. ഇക്കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ശേഷം മാത്രമാണ് രംഗത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.