നേപ്പാളില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

Posted on: April 28, 2015 6:02 pm | Last updated: April 29, 2015 at 4:57 pm

nepal...

കണ്ണൂര്‍: നേപ്പാളില്‍ ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാരും മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസ് (27), കാസര്‍കോട് സ്വദേശി എ എസ് ഇര്‍ഷാദ് (25) എന്നിവരാണ് മരിച്ചത്. കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിയ ഇര്‍ഷാദിന്റെ സഹോദരനും ദീപക് തോമസിന്റെ ഭാര്യാ സഹോദരന്‍ ലിജിന്‍ ജേക്കബുമാണ് കാഠ്മണ്ഡു ത്രിഭുവന്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
മൂന്നുപേരടങ്ങിയ സംഘം കഴിഞ്ഞ 21 നാണ് നേപ്പാളില്‍ വിനോദയാത്രക്കു തിരിച്ചത്. കാഠ്മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കവെയായിരുന്നു അപകടം. അപകടത്തില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയാണ് മരണം. ഒരേ മുറിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡോ. അബിന്‍ സൂരിക്ക് ഭൂകമ്പത്തില്‍ സാരമായി പരുക്കേറ്റിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപരിപഠനത്തിന് ചേരാനിരിക്കവെയാണ് ഡോക്ടര്‍മാരായ ദീപക് തോമസും ഇര്‍ഷാദും ദുരന്തത്തിന് ഇരയായത്. സംസ്ഥാനത്തിന് പുറത്തെ മെഡിക്കല്‍ കോളജുകളിലായിരുന്നു ഇരുവര്‍ക്കും പ്രവേശനം ലഭിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ഇരുവരും 2014ല്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്. ഇര്‍ഷാദിന് അസം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക്‌സിലും ദീപക്കിന് ഡല്‍ഹിയില്‍ റേഡിയോളജിലും എം ഡിക്ക് പ്രവേശനം കിട്ടി. അടുത്ത മാസം അവസാനം പഠനത്തിന് ചേരുന്നതിന് മുമ്പായിരുന്നു ഇരുവരും വിനോദയാത്രക്ക് നേപ്പാളിലേക്ക് പോയത്.
വയനാട് എടവക പി എച്ച് സിലായിരുന്നു ദീപക് സേവനമനുഷ്ഠിച്ചിരുന്നത്. ഇര്‍ഷാദ് മാനന്തവാടി ജില്ലാ ആശുപത്രിയിലും. ജോലി രാജിവെച്ചാണ് ഇരുവരും ഉപരിപഠനത്തിന് ചേരാന്‍ തയ്യാറെടുത്തത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ആനബാഗിലുവിലെ എം എം ഹൗസിലെ എന്‍ എ ശംസുദ്ദീന്‍- ആസിയ ദമ്പതികളുടെ അഞ്ച് മക്കളില്‍ ഇളയവനാണ് ഇര്‍ഷാദ്. ആറ് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഭാര്യ ഡോ. ലുലു ഫാത്വിമ മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: ലിയാഖത്ത് അലി, അസീസ് (ഇരുവരും എന്‍ജിനീയര്‍, ദുബൈ), ഡോ. സാദിഖ് (മംഗളൂരു), ഹാരിസ് (കാസര്‍കോട്).
കണ്ണൂര്‍ കേളകം കളപ്പുരക്കല്‍ തോമസിന്റെയും മോളിയുടെയും മകനാണ് ദീപക്. ദിവ്യ കെ തോമസാണ് സഹോദരി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.