നേപ്പാള്‍ ഭൂകമ്പം: മരണം പതിനായിരം കവിയുമെന്ന് സുനില്‍ കൊയ്‌രാള

Posted on: April 28, 2015 2:10 pm | Last updated: April 29, 2015 at 12:44 am

Sushil-Koiralaകാഠ്മണ്ഡു: നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ 10000 പേരുടെ ജീവനെടുത്തിട്ടുണ്ടാകാമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുനില്‍ കൊയ്‌രാള. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് കൊയ്‌രാള ആശങ്ക അറിയിച്ചത്. 4300 ഓളം പേരുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തുകഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. തുടര്‍ ചലനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാത്രിയിലും മിക്കവരും തുറസായ സ്ഥലങ്ങളിലാണു കഴിച്ചുകൂട്ടിയത്.

നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 4010 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. 7598 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതിനാല്‍ പലരേയും പുറത്തു കിടത്തിയാണു ചികിത്സിക്കുന്നത്. മൃതദേഹങ്ങള്‍പോലും ആശുപത്രിക്കു പുറത്തു കിടത്തിയിരിക്കുന്ന ദയനീയ കാഴ്ച. ദുരന്തം കഴിഞ്ഞു മൂന്നു ദിവസമായതിനാല്‍ ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ടാകാമെന്നാണു രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്.