മുല്ലപ്പെരിയാര്‍: ബേബി ഡാമിന് തമിഴ്‌നാടിന്റെ എട്ട് കോടി; കേരളത്തിന്റെ പദ്ധതി ഇഴയുന്നു

Posted on: April 28, 2015 5:03 am | Last updated: April 28, 2015 at 1:03 am

തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുളള കേരളത്തിന്റെ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ സുപ്രീം കോടതി വിധിയുടെ ബലത്തില്‍ നിലവിലുളള ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാട് നീക്കം ശക്തമാക്കി. ഇതിന്റെ ആദ്യപടിയായി ബേബി ഡാം ബലപ്പെടുത്തുന്നതിനായി ഏഴു കോടി 85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. ജലനിരപ്പ് 142 അടിയാക്കാമെന്നും ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരണ ശേഷി 152 അടി ആക്കാമെന്നുമാണ് സുപ്രീം കോടതി വിധി. ഇതിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്തുന്നത്. അതേസമയം, കേരളം പുതിയ ഡാമിനുളള നടപടികള്‍ ആരംഭിച്ചാല്‍ തമിഴ്‌നാട് വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നുറപ്പാണ്. ഇത് മറ്റൊരു നിയമയുദ്ധത്തിന് വഴിവെക്കുകയും ചെയ്യും. ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഫെബ്രുവരിയില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം അണക്കെട്ട് പരിശോധിച്ചിരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് ഡോയിംഗ് വിഭാഗം തയ്യാറാക്കിയ രൂപരേഖക്ക് അനുസരിച്ച് ബില്‍ഡിംഗ്‌സ് വിഭാഗമാണ് ഏഴുകോടി 85 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഈ എസ്റ്റിമേറ്റ് അടുത്ത ദിവസം തമിഴ്‌നാട് സര്‍ക്കാറിന് സമര്‍പ്പിക്കും. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികളും തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ നവീകരണത്തിനായ് ഇത്തവണത്തെ ബജറ്റില്‍ 399 കോടി രൂപ തമിഴ്‌നാട് വകയിരുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള പണം അനുവദിക്കുമെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം 115 അടിക്കു മുകളില്‍ സംഭരിക്കണമെങ്കില്‍ ബേബിഡാം ആത്യാവശ്യമാണ്. 45 അടിയാണ് ഇതിന്റെ ഉയരം. അടുത്ത തുലാവര്‍ഷത്തിനു മുമ്പ് ബേബിഡാം ബലപ്പെടുത്തി ജലം സംഭരിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന്റെ പ്രാഥമികഘട്ടമായി പരിസ്ഥിതിയാഘാതപഠനം നടത്താന്‍ കേരളത്തിന് വനംവകുപ്പ് കഴിഞ്ഞ ഡിസംബറില്‍ അനുമതി നല്‍കിയെങ്കിലും ഫയല്‍ ഇഴഞ്ഞാണ് നീങ്ങിയത്. പുതിയ ഡാമിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായുളള ബോര്‍ ഹോള്‍ പരിശോധന ഈ ആഴ്ച ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അടിത്തട്ടിന്റെ ഉറപ്പ് പരിശോധിക്കാനുളളതാണ് ബോര്‍ ഹോള്‍ ടെസ്റ്റ്. പീച്ചിയിലെ കേരള ജലസേചന ഗവേഷണ പരിശീലന കേന്ദ്രമാണ് പരിശോധന നടത്തുന്നത്. 660 കോടി മതിപ്പു ചെലവ് പ്രതീക്ഷിച്ച് 2010ലാണ് കേരളം പുതിയ ഡാമിനുളള നടപടി ആരംഭിച്ചത്. നിലവിലുളള ഡാമിന്റെ അതേ ഉയരത്തില്‍ ഡാമിന് 300 മീറ്റര്‍ മുകളിലായാണ് നിര്‍ദിഷ്ട അണക്കെട്ടിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിരീക്ഷണ ഉപസമിതി യോഗം ചേര്‍ന്നിട്ട് മൂന്നു മാസമാകാറായി.
തമിഴ്‌നാടിന്റെയും കേരളത്തിന്റെയും രണ്ടംഗങ്ങള്‍ വീതമുള്ളതാണ് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിക്ക് കീഴിലുളള ഉപസമിതി. ഇത് ആഴ്ചയിലൊരിക്കല്‍ ചേരണമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീടത് രണ്ടാഴ്ചയിലൊരിക്കലാക്കി. ഫെബ്രവരി ഏഴിനാണ് അവസാനമായി യോഗം ചേര്‍ന്നത്.
യോഗം ചേര്‍ന്നാല്‍ ബേബി ഡാമിലെ നിര്‍മാണപ്രവര്‍ത്തനവും ജലനിരപ്പ് 112 അടിയായി താഴ്ന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെയും സീപ്പേജിന്റെയും അളവുകളിലെ ഏറ്റക്കുറച്ചിലുകളും കേരളം ചര്‍ച്ചക്ക് കൊണ്ടുവരും.