Connect with us

Kerala

ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് എല്ലാ വര്‍ഷവും സ്ഥലംമാറ്റം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ മാന്വല്‍ പരിഷ്‌കരിക്കുന്നു. നിലവിലുള്ള മാന്വല്‍ പരിഷ്‌കരിച്ച് തയ്യാറാക്കിയ കരടിന് അഞ്ച് ഭേഗതഗതികളോടെയാണ് ഇന്നലെ ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം അംഗീകാരം നല്‍കിയത്. എല്ലാ സ്ഥലംമാറ്റ നടപടികളും മെയ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്നതാണ്പ്രധാന ഭേദഗതി.

ഒരു വിദ്യാലയത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള അവകാശം എടുത്തുകളഞ്ഞു. പുതുക്കിയ മാന്വല്‍ പ്രകാരം ഡയറക്ടര്‍ക്ക് ഏത് അധ്യാപകനെയും അതാത് ജില്ലകളില്‍തന്നെ ഓരോ വര്‍ഷവും സ്ഥലംമാറ്റാം. പുതിയ പരിഷ്‌കരണ പ്രകാരം തുടര്‍ച്ചയായി അഞ്ച് വര്‍ഷം സ്വന്തം ജില്ലയില്‍ ജോലി ചെയ്ത അധ്യാപകരും മാറേണ്ടിവരും. മറ്റു ജില്ലകളില്‍ നിന്ന് ആരെങ്കിലും സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചാല്‍ അവിടെ ഒഴിവ് ഇല്ലെങ്കില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി സ്വന്തം ജില്ലയിലിരുന്നവര്‍ മാറിക്കൊടുക്കണമെന്നാണ് പുതിയ വ്യവസ്ഥ.
സ്വന്തം ജില്ലമാറുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലൊന്നില്‍ നിര്‍ബന്ധമായും ജോലി നോക്കണമെന്ന നിലവിലെ വ്യവസ്ഥയും മാറ്റി. പകരം തൊട്ടടുത്ത ഏത് ജില്ലയിലേക്കും അപേക്ഷിക്കാം. 100 വിദ്യാലയങ്ങളിലേക്ക് ഓപ്ഷനും നല്‍കാം. സ്ഥലംമാറ്റ നിയമങ്ങള്‍ കൂടിയാലോചന കൂടാതെ ഡയറക്ടര്‍ക്ക് ഭേദഗതി വരുത്താമെന്ന വ്യവസ്ഥയും നീക്കും. എല്ലാ വര്‍ഷവും മെയ് മാസത്തില്‍ സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണം. ആദ്യം പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റവും തുടര്‍ന്ന് ആ ഒഴിവുകളിലേക്കുള്ള മറ്റ് അധ്യാപകരുടെ നിയമനവും തൊട്ടുപിന്നാലെ അധ്യാപക സ്ഥലംമാറ്റവും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ എന്‍ സതീഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഡയറക്ടറേറ്റ് തയ്യാറാക്കിയ കരടു മാന്വലിന് ഈ പ്രധാന ഭേദഗതികളോടെയാണ് അധ്യാപക സംഘടനകള്‍ അംഗീകരിച്ചിട്ടുള്ളത്. ഇനി സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കണം. അഡീഷനല്‍ ഡയറക്ടര്‍ സാജുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദോഗസ്ഥരും മുഴുവന്‍ അധ്യാപക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Latest