മുന്നൂറോളം ആസ്‌ത്രേലിയന്‍ പൗരന്‍മാരെ കാണാതായി

Posted on: April 28, 2015 5:17 am | Last updated: April 28, 2015 at 12:17 am

കാഠ്മണ്ഡു: നേപ്പാളില്‍ സന്ദര്‍ശനത്തിനെത്തിയ മൂന്നൂറോളം ആസ്‌ത്രേലിയക്കാരെ കാണാതായതായി റിപ്പോര്‍ട്ട്. ആസ്‌ത്രേലിയയില്‍ നിന്നെത്തിയ മൊത്തം 549 പേരില്‍ 200 ആളുകളോട് മാത്രമാണ് ബന്ധം സ്ഥാപിക്കാനായതെന്ന് വിദേശകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് വെളിപ്പെടുത്തി. കാണാതായവരില്‍ സിഡ്‌നിയില്‍ നിന്നുള്ള 26 കാരനായ സന്നദ്ധപ്രവര്‍ത്തകന്‍ ജെയിംസ് ബ്രിന്‍സോണും ഉള്‍പ്പെടുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ധാക്കയിലെ വേള്‍ഡ് വിഷന്‍ എന്ന സംഘത്തോടൊപ്പമായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഏപ്രില്‍ 20നാണ് അവസാനമായി ഇദ്ദേഹവുമായി ബന്ധപ്പെട്ടതെന്നും ഇന്ത്യയിലെ സിക്കിമില്‍വെച്ചായിരുന്നു ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടി. നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് സിക്കിമിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 20കാരനായ സക്കറി ഷെറിദാനും കാണാതായവരില്‍പ്പെടുന്നു. എവറസ്റ്റ് പര്‍വത്തിന് സമീപത്ത് നിന്ന് ഈ മാസം 11നാണ് അദ്ദേഹം തങ്ങളുമായി ബന്ധപ്പെട്ടിരുന്നതെന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന നേപ്പാളിന് ആസ്‌ത്രേലിയ മൂന്ന് മില്യണ്‍ ഡോളര്‍ അടിയന്തരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായ ആസ്‌ത്രേലിയക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്ന് ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലീ ബിഷപ്പ് ഉറപ്പ് നല്‍കി.