സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നവയുടെ നിജസ്ഥിതിയറിയാതെ ഏറ്റുപിടിക്കുന്നതിനെതിരെ മന്ത്രാലയം

Posted on: April 27, 2015 9:20 pm | Last updated: April 27, 2015 at 9:40 pm
SHARE

അബുദാബി: സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതിയറിയാതെ അവ ഏറ്റുപിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്.
സോഷ്യല്‍ മീഡിയകള്‍ കൈയാളുന്നവര്‍ അതീവ ശ്രദ്ധപുലര്‍ത്തണം. അസത്യങ്ങളോ അര്‍ധ സത്യങ്ങളോ ആയ കാര്യങ്ങള്‍ ഒരിക്കലും പ്രചരിപ്പിക്കരുത്. ഏതൊരു വാര്‍ത്തയും അത് പ്രചരിപ്പിക്കുന്നതിന് മുമ്പ് നിജസ്ഥിതി ഉറപ്പുവരുത്തണം. ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പോലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ മോശമായി ബാധിക്കുന്നതാണെങ്കില്‍ പ്രചരിപ്പിക്കരുത്, ആഭ്യന്തര മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കേണല്‍ ഡോ. സ്വലാഹ് അല്‍ ഗൂല്‍ അറിയിച്ചു.
ഇത്തരം തെറ്റായ വാര്‍ത്തകളുടെ പ്രചാരകര്‍ തീര്‍ച്ചയായും നിയമത്തിനു മുമ്പില്‍ ഹാജരാക്കപ്പെടും. അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയും ആഭ്യന്തര മന്ത്രാലയം കൈക്കൊള്ളും. നിയമം അറിയില്ലായിരുന്നുവെന്ന വാദം ഒരു സാഹചര്യത്തിലും അംഗീകരിക്കപ്പെടില്ല, അല്‍ ഗൂല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകള്‍ വഴി പലപ്പോഴും ശരിയല്ലാത്ത പല വാര്‍ത്തകളും പ്രചരിക്കാറുണ്ട്. നിജസ്ഥിതിയറിയാതെ ചിലരെങ്കിലും സുഹൃത്തുക്കള്‍ക്കിടയിലും മറ്റും അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാറുമുണ്ട്. അത്തരമാളുകള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്ന് പിന്മാറണം, അല്‍ ഗൂല്‍ അഭ്യര്‍ഥിച്ചു.
പൊതുജനങ്ങളറിയേണ്ട കാര്യങ്ങള്‍ അവരെയറിയിക്കാന്‍ രാജ്യത്ത് കുറ്റമറ്റ സംവിധാനമുണ്ട്. അത്തരം സംവിധാനങ്ങളിലൂടെ വെളിച്ചം കാണുന്നതല്ലാതെ ഊഹാപോഹങ്ങളോ അടിസ്ഥാനരഹിതമായ കാര്യങ്ങളോ ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ ആരും മുമ്പോട്ടുവരരുതെന്ന് പൊതുജനങ്ങളോട് അല്‍ ഗൂല്‍ അഭ്യര്‍ഥിച്ചു.