ഒമാനില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു

Posted on: April 27, 2015 8:19 pm | Last updated: April 27, 2015 at 10:24 pm

dtl_27_4_2015_14_8_52നിയമം ലംഘിച്ച് ജോലി ചെയ്യുന്നവര്‍ക്ക് പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കി ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം മൂന്ന് മുതല്‍ ജുലൈ 30 വരെയുള്ള കാലയളവില്‍ അതാത് എംബസികളുടെ സഹായത്തോടെ രാജ്യം വിടാനാകും. മാനവവിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പൊതുമാപ്പ് കാലാവധി വെളിപ്പെടുത്തിയത്.
രേഖകളില്ലാതെ നാട്ടില്‍ പോകാന്‍ സാധിക്കാത്ത വിദേശികളെ നിയമ നടപടികളൊന്നുമില്ലാതെ നാട്ടിലെത്തിക്കാനുള്ള തീരുമാനം വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് മാനവവിഭവ മന്ത്രാലയം കഴിഞ്ഞ മാസം തന്നെ കൈമാറിയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. കാലാവധി കഴിഞ്ഞിട്ടും തടവ് അനുഭവിക്കുന്നവരും വ്യക്തമായ രേഖകളില്ലാത്തവരുമായ വിദേശികള്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കും.
മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എംബസികള്‍ ഔട്ട്പാസിന് പേര് റജിസ്റ്റര്‍ ചെയ്ത് വരികയാണ്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50,000ത്തില്‍ പരം ആളുകളാണ് ഇതുവരെ എംബസികളില്‍ റജിസ്റ്റര്‍ ചെയ്ത് ഔട്ട്പാസിനായി കാത്തിരിക്കുന്നത്. ബംഗ്ലാദേശ് എംബസിയില്‍ 40,000 പേര്‍ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ പാകിസ്ഥാന്‍ എംബസിയില്‍ 4,000 പാക്കിസ്ഥാനികളാണ് റജിസ്റ്റര്‍ ചെയ്തത്. അതേസമയം, ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. റിജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമെ കൃത്യമായ കണക്കുകള്‍ വ്യക്തമാകുകയുള്ളൂവെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. 3,000ത്തില്‍ താഴെ മാത്രം ആളുകളാണ് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തതെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
അവസാനമായി 2009ലാണ് ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്. 2011 വരെ മൂന്ന് വര്‍ഷം നീണ്ടുനിന്ന പൊതുമാപ്പ് കാലാവധിയില്‍ 60,000 വിദേശികളായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിച്ചു.
വ്യക്തമായ രേഖകളില്ലാത്ത ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ രാജ്യത്തുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന്ന് പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29നാണ് പൊതുമാപ്പ് സംബന്ധമായി മാനവവിഭവ മന്ത്രലായം മാധ്യമകാര്യ മേധാവി ത്വാലിബ് അല്‍ ദഹ്ബരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്.
നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് 2007ലും 2005ലും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഈ വര്‍ഷാദ്യം 2,267 പേരെയാണ് അറസ്റ്റ് ചെയ്തത്.
വരാനിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം താമസ, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ജെ എസ് മുകുള്‍ എംബസിയില്‍ മാസാന്ത്യ ഓപ്പണ്‍ഹൗസിനിടെ ആവശ്യപ്പെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തകരുടെയോ സന്നദ്ധ സംഘടനകളുടെയോ ഇടപെടല്‍ ഇല്ലാതെ നേരിട്ടുള്ള റജിസ്‌ട്രേഷന്‍ സൗകര്യമാണ് ഇത്തവണ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയത്. ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് പ്രയാസം സൃഷ്ടിച്ചെങ്കിലും സുതാര്യമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസി നേരിട്ട് റജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതെന്നാണ് കരുതുന്നത്.
ഈ വര്‍ഷം മുതല്‍ ഔട്ട്പാസ് മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്. കഴിഞ്ഞ പൊതുമാപ്പിന് റജിസ്റ്റര്‍ ചെയ്തവരില്‍ ചിലര്‍ രാജ്യംവിടാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് നടപടി.