Connect with us

Gulf

ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത് 80 ലക്ഷത്തിന്‌

Published

|

Last Updated

ദുബൈ: ഇഷ്ട മൊബൈല്‍ നമ്പറിനായി ദുബൈയിലെ താമസക്കാരന്‍ ചെലവഴിച്ചത് 80 ലക്ഷം ദിര്‍ഹം. 052-2222222 എന്ന ഡു നമ്പറിനാണ് മുഹമ്മദ് ഹിലാല്‍ എന്ന വ്യക്തി വന്‍തുക ചെലവഴിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം നീണ്ട വാശിയേറിയ ലേലത്തിനൊടുവിലാണ് ഇഷ്ട നമ്പര്‍ ഹിലാല്‍ കൈവശപ്പെടുത്തിയത്. ആളുകള്‍ തന്റെ നമ്പറില്‍ വിളിച്ചു വായ്പ ചോദിക്കുമോയെന്ന ഭയമുണ്ടെങ്കിലും ഉടന്‍ പുതിയ നമ്പര്‍ ഉപയോഗിക്കാന്‍ ആരംഭിക്കുമെന്ന് മുഹമ്മദ് ഹിലാല്‍ വ്യക്തമാക്കി. രണ്ടര ലക്ഷം ദിര്‍ഹത്തിലായിരുന്നു ടെലികോം കമ്പനിയായ ഡു ലേലം ആരംഭിച്ചത്. ഒടുവില്‍ ഇത് 80,10,000ല്‍ അവസാനിക്കുകയായിരുന്നു.
70 നമ്പറുകളായിരുന്നു ലേലത്തിന് നിരത്തിയത്. ഇവയില്‍ 2222വിലും 55555ലുമെല്ലാം ആരംഭിക്കുന്ന നിരവധി ഫാന്‍സി നമ്പറുകള്‍ ഉള്‍പെട്ടിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ നമ്പര്‍ വിറ്റുപോയത് ഏഴു ലക്ഷം ദിര്‍ഹത്തിനായിരുന്നു. ഏറ്റവും കുറഞ്ഞ തുകക്ക് നടന്ന ലേലം 18,000 ദിര്‍ഹത്തിന്റേതാണ്.
പെട്ടെന്ന് ഓര്‍ക്കാന്‍ സാധിക്കുന്ന ഇത്തരം നമ്പറുകള്‍ക്കായി രാജ്യത്ത് നിരവധി ആവശ്യക്കാരുണ്ടെന്ന് ഡു വിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഫഹദ് അല്‍ ഹസനി വ്യക്തമാക്കി. കാറുകള്‍ക്കുള്ളപോലെ മൊബൈലുകള്‍ക്കും ഇത്തരത്തിലുള്ള ഫാന്‍സി നമ്പറുകള്‍ ആവശ്യമുള്ളവരുടെ സംഖ്യ വളരെ കൂടുതലാണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്ന നമ്പര്‍ നല്‍കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് മികച്ച മാര്‍ഗം എന്ന നിലയില്‍ ലേലം നടത്തുന്നത്. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന മികച്ച പ്രതികരണം പരിഗണിച്ച് എല്ലാ മാസവും ഇത്തരം ലേലം നടത്തുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായും ഫഹദ് വ്യക്തമാക്കി. ലേലത്തില്‍ ലഭിച്ച തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുമെന്ന് ഡു അധികൃതര്‍ പറഞ്ഞു.
മാര്‍ച്ചില്‍ ഇത്തിസലാത്ത് നടത്തിയ ലേലത്തില്‍ ഫാന്‍സി നമ്പറായ 050-7777777ലേലത്തില്‍ പോയത് 78,77,777 ദിര്‍ഹത്തിനായിരുന്നു.

Latest