Connect with us

Gulf

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മഴയും കൊടുങ്കാറ്റും; മാമ്പഴവില ഉയരുന്നു

Published

|

Last Updated

അബുദാബി: പാക്കിസ്ഥാനും ഇന്ത്യയും ഉള്‍പെട്ട ഇന്ത്യ ഉപ ഭൂഖണ്ഡത്തിലെ കൊടുങ്കാറ്റിനെ തുടര്‍ന്ന് യു എ ഇയില്‍ മാമ്പഴത്തിന് വില വര്‍ധിക്കുന്നു. യു എ ഇയില്‍ വില്‍ക്കപ്പെടുന്ന മാങ്ങയുടെ 70 ശതമാനവും എത്തുന്നത് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്. ഫെബ്രുവരിയില്‍ ഈ മേഖലയില്‍ ഉണ്ടായ ശക്തമായ മഴ വിളവിനെ പ്രതികൂലമായി ബാധിച്ചതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം ഉണ്ടായ കൊടുങ്കാറ്റും പേമാരിയും മാങ്ങയുടെ കയറ്റുമതിയെ സാരമായി ബാധിച്ചത്.
കഴിഞ്ഞ വര്‍ഷം 17.5 ലക്ഷം മെട്രിക് ടണ്‍ മാങ്ങയാണ് യു എ ഇയിലേക്ക് കയറ്റിയയച്ചതെന്ന് മാങ്കോ ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് എസ് ഇന്‍സ്‌റാം അലി വ്യക്തമാക്കി. ഇത്തവണ കാലാവസ്ഥ പ്രതികൂലമായതിനാല്‍ 10 ലക്ഷം ടണ്‍ മാങ്ങപോലും കയറ്റി അയക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള മാങ്ങ കയറ്റുമതിയെയും കാലാവസ്ഥാ പ്രശ്‌നങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 15 ശതമാനത്തിന്റെ കുറവെങ്കിലും ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് പാക്കിസ്ഥാനിലെ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍ ചെയര്‍മാന്‍ വഹീദ് അഹ്മദ് വ്യക്തമാക്കി. പഞ്ചാബില്‍ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതിയെയാണ് മഴയും കൊടുങ്കാറ്റും ഏറെ ബാധിച്ചത്. ഇത്തവണ കയറ്റുമതി ചെയ്യുന്ന മാങ്ങയില്‍ ചുരുങ്ങിയത് 15 ശതമാനത്തിന്റെ കുറവെങ്കിലും സംഭവിക്കുമെന്നാണ് കരുതുന്നത്. എന്തായാലും ഇന്ത്യയുടെ മാങ്ങ കയറ്റുമതിയെ ബാധിക്കുന്ന അത്രത്തോളം തങ്ങളെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ. 18 ലക്ഷം ടണ്‍ മാങ്ങയാണ് പാക്കിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യാനുസരണം മാങ്ങ കമ്പോളത്തില്‍ ലഭ്യമാവാതിരുന്നാല്‍ വില വര്‍ധിക്കലാവും അനന്തരഫലമെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാറും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം യു എ ഇ മാര്‍ക്കറ്റില്‍ മാങ്ങ ആവശ്യത്തിന് ലഭ്യമായിരുന്നു. ഇത് കാരണം താങ്ങാവുന്ന വിലയില്‍ മാങ്ങ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിച്ചു. എന്നാല്‍ ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും നന്ദകുമാര്‍ ഓര്‍മിപ്പിച്ചു. എന്നിരുന്നാലും മറ്റ് ചില്ലറ വില്‍പനക്കാരെ അപേക്ഷിച്ച് കമ്പോളത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലുലുവിന് മാങ്ങ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലുലു ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മാങ്ങാ കര്‍ഷകരുമായി നേരിട്ട് ദീര്‍ഘകാലത്തേക്ക് കരാറില്‍ ഏര്‍പെട്ടിരിക്കുന്ന സ്ഥാപനമായതിനാല്‍ വിലയില്‍ അമിതമായ വര്‍ധനവിന് സാധ്യതയില്ല. യു എ ഇയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നല്ല ലുലു മാങ്ങ ശേഖരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം 50 കോടി ദിര്‍ഹത്തിന്റെ മാങ്ങയാണ് യു എ ഇ കമ്പോളത്തില്‍ വിറ്റഴിച്ചതെന്ന് ദുബൈയിലെ പഴം-പച്ചക്കറി വില്‍പനക്കാരനായ ബശീര്‍ ശാഫി അഹ്മദ് വ്യക്തമാക്കി.