എവറസ്റ്റ് ബേസ് ക്യാമ്പില്‍ അകപ്പെട്ട 15 പര്‍വതാരോഹകരെ രക്ഷപ്പെടുത്തി

Posted on: April 27, 2015 4:46 am | Last updated: April 26, 2015 at 11:47 pm

012-WjlH1കാഠ്മണ്ഡു: എവറസ്റ്റ് ബേസ് ക്യാമ്പില്‍ അകപ്പെട്ടിരുന്ന 15 പര്‍വതാരോഹകരെ രക്ഷപ്പെടുത്തി. ഇവരെയും വഹിച്ചുള്ള ആദ്യ വിമാനം കാഠ്മണ്ഡുവിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടതോടെ ആറ് ഹെലികോപ്റ്ററുകള്‍ ബേസ് ക്യാമ്പില്‍ എത്തിയിരുന്നു. എവറസ്റ്റ് പര്‍വതാരോഹകരായ 17 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഹിമപാതത്തിന്റെ ഭീകരദൃശ്യം മാധ്യമങ്ങളോട് വിശദീകരിച്ചു. ഭീമാകാരങ്ങളായ മഞ്ഞുമലകള്‍ താഴേക്ക് പതിക്കുന്ന ഭീകരദൃശ്യങ്ങള്‍ എ എഫ് പി സൗത്ത് ഏഷ്യ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ടോ പകര്‍ത്തിയിട്ടുണ്ട്. ബേസ് ക്യാമ്പിന് നേരെ ഭീമാകാരങ്ങളായ മഞ്ഞുമലകള്‍ പതിക്കുകയായിരുന്നുവെന്നും പലരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നുവെന്നും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
‘മഞ്ഞുമലകള്‍ ബേസ് ക്യാമ്പിന് മുകളിലേക്ക് വീണ നിമിഷം എന്റെ ശ്വാസം നിലച്ചുപോയി. മരിച്ചുവെന്നാണ് ഞാന്‍ കരുതിയത്. അവസാനം എങ്ങനെയൊക്കെയോ എഴുന്നേറ്റുനിന്നപ്പോഴാണ് എനിക്ക് മനസ്സിലായത്, വലിയ മഞ്ഞുമലകള്‍ എന്റെ തലക്ക് തൊട്ടുമുകളിലൂടെ കടന്നുപോകുകയായിരുന്നുവെന്ന്’. സിംഗപൂരില്‍ നിന്നുള്ള മറീന്‍ ബയോളജിസ്റ്റ് ജോര്‍ജ് ഫൗള്‍ഷാം പറഞ്ഞു.
മരണ നിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 61 പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്.