Connect with us

Kerala

ജീവനക്കാരില്ല: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

തിരുവനന്തപുരം: ജീവനക്കാരുടെ അഭാവം കാരണം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ വേണമെന്നിരിക്കെ കേവലം 43 ജീവനക്കാര്‍ മാത്രമാണ് നിലവിലുള്ളത്.
156 പോസ്റ്റുകളാണ് വകുപ്പില്‍ നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുന്നത്. ഒരു വര്‍ഷം മുമ്പ് തന്നെ ഇക്കാര്യം പി എസ് സിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ യാതൊരു നിയമനങ്ങളും നടന്നിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ വരെ 55 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കിലും ഇവരില്‍ 12 പേര്‍ വിരമിച്ചതോടെ ജീവനക്കാരുടെ എണ്ണം 43 ആയി ചുരുങ്ങുകയായിരുന്നു.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയുള്‍പ്പെടെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും ഒരു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ വീതം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥന്‍ തന്നെ മൂന്നോ നാലോ മണ്ഡലങ്ങളിലെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട അവസ്ഥയാണ്.
പലയിടങ്ങളിലും ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സേവനം ലഭ്യമാകുന്നുമില്ല. ജീവനക്കാരില്ലാത്തതിനാല്‍ എല്ലായിടത്തും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ടോള്‍ ഫ്രീ നമ്പരായ 18004251125ല്‍ വിളിച്ച് പരാതിപ്പെട്ടാല്‍ നടപടികളൊന്നുമുണ്ടാകാറില്ലെന്ന് പൊതുവേ പരാതികളുണ്ട്. ദിവസേന 40തില്‍ പരം ഫോണ്‍ കോളുകളാണ് ടോള്‍ ഫ്രീ നമ്പരില്‍ എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതില്‍ പരമാവധി അഞ്ച് കോളുകളില്‍ ലഭിക്കുന്ന പരാതികളില്‍ നടപടിയെടുക്കാന്‍ മാത്രമാണ് വകുപ്പിന് കഴിയുന്നത്. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പരാതികളുടെ അടിസ്ഥാനത്തില്‍ അതത് സ്ഥലങ്ങളില്‍പോയി പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ കഴിയാത്തത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയുന്നില്ല.
അന്വേഷണത്തിനും പരിശോധനക്കുമായി ഓരോ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നതിന് ആവശ്യമായ വാഹനങ്ങളും വകുപ്പിനില്ല.
12 വാഹനങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതും വെല്ലുവിളിയാണ്. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം പുതിയ ബജറ്റില്‍ 2.50 കോടി മാത്രമായതും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ്. 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് അനുസരിച്ച് 2008ല്‍ ആണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് രൂപവത്കരിച്ചത്.
ഇതോടെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറുടെ കീഴിലുണ്ടായിരുന്ന ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ കണ്ടുപിടിക്കുന്ന വിഭാഗവും അനലിറ്റിക്കല്‍ ലബോറട്ടിയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിലാക്കി. തുടക്കത്തില്‍ ഏറെ മികച്ച രീതിയിലായിരുന്നു വകുപ്പിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയും ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Latest