കണക്ടികറ്റ് യാങ്കിയുടെ ഇന്ത്യന്‍ നോട്ടങ്ങള്‍

Posted on: April 27, 2015 4:57 am | Last updated: April 26, 2015 at 8:59 pm

camera2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ചുകൊണ്ട്, അഭൂതപൂര്‍വമായ സമരമാണ് രാജ്യത്തെമ്പാടും വിശേഷിച്ച് ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ടത്. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ സമരത്തിന്റെ തീജ്വാലകള്‍ ഏറ്റുവാങ്ങിയ ജനസഞ്ചയ രാഷ്ട്രീയത്താല്‍ പ്രചോദിതമായതായിരുന്നു ഈ സമരവും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ടിക്ക് മികച്ച തോതില്‍ വിജയം നേടുന്നതിന് ഈ സ്ത്രീ മുന്നേറ്റവും കാരണമായിട്ടുണ്ട്. ഇതു കണക്കിലെടുത്തു കൊണ്ടായിരിക്കണം; ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും സ്വതന്ത്ര ജീവിതവും പ്രദാനം ചെയ്യുന്നതിനുതകുന്ന നടപടികള്‍ വാഗ്ദാനം ചെയ്തതും. ആ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടുവോ എന്ന് വിലയിരുത്തുന്നതിനു വേണ്ടിയല്ല ഇതിപ്പോള്‍ എടുത്തെഴുതുന്നത്. ആ വാഗ്ദാനങ്ങളില്‍ മുഖ്യമായവയുടെ പ്രത്യയശാസ്ത്രപരവും ലിംഗനീതി പരവുമായ മൂല്യങ്ങളെപ്പറ്റിയും ചരിത്രബോധ്യത്തെപ്പറ്റിയും ആലോചിക്കുന്നതിനു വേണ്ടിയാണ് ഈ സന്ദര്‍ഭത്തില്‍ അത് ഓര്‍മ്മിക്കുന്നത്. സ്ത്രീകള്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളിലെത്തിയാല്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യുന്ന മുറിയില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി സി ടി വി) സ്ഥാപിക്കുന്നതാണ്. പോലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടോ എന്നുറപ്പു വരുത്തുന്നതിനും ശരിയായ വിധത്തില്‍ തന്നെയല്ലേ അത് ചെയ്യുന്നത് എന്നു പരിശോധിക്കാനുമാണിത്. കൂടാതെ പൊതുസ്ഥലങ്ങളിലും ബസുകളിലും സി സി ടി വി സ്ഥാപിക്കുന്നതാണ്. ദില്ലി ട്രാന്‍സ്‌പോര്‍ട് കമ്പനി (ഡി ടി സി) ബസുകളിലും ബസ് സ്റ്റാന്റുകളിലും തിരക്കു കൂടിയ നഗരകേന്ദ്രങ്ങളിലും അക്രമികളെ വിരട്ടുന്നതിനും കുറ്റങ്ങള്‍ തടയുന്നതിനും ഇത്തരത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് കൊണ്ടു കഴിയും എന്നാണ് എ എ പി വ്യാഖ്യാനിച്ചത്.
സി സി ടി വി = സുരക്ഷ, എന്ന സമവാക്യമാണ് പൊതുബോധത്തിന്റെയും ജനപ്രിയധാരണയുടെയും അടിസ്ഥാനത്തില്‍ ഇവിടെ ചോദ്യം ചെയ്യപ്പെടാത്ത വിധം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്നു വ്യക്തം. ഏതാനും മാസങ്ങള്‍ക്കു ശേഷം; ഇന്ത്യയിലെ മറ്റൊരു സംസ്ഥാനമായ ഗോവയിലെ കാണ്‌ഡോലിമിലുള്ള ഫാബ് ഇന്ത്യ തുണിക്കടയില്‍ പുതിയ ഒരു വസ്ത്രം വാങ്ങിയ കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി സ്മൃതി ഇറാനി അത് ധരിച്ച് നോക്കുന്നതിനിടയില്‍ ട്രയല്‍ റൂമിലെ ദൃശ്യങ്ങള്‍ രേഖപ്പെടുത്താവുന്ന വിധത്തില്‍ ഒരു ക്യാമറ സ്ഥാപിച്ചിരിക്കുന്നതായി ശ്രദ്ധിക്കുകയും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുബിന്‍ ഇറാനിയോട് പറയുകയും ചെയ്തു. സ്ഥലം എം എല്‍ എ മിഷേല്‍ ലോബോ പൊലീസില്‍ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. ഗോവ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കര്‍ കര്‍ശനമായ നടപടികളെടുക്കുന്നതിന് പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്ന് അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഗോവ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്നതും താമസിക്കാവുന്നതുമായ വിനോദസഞ്ചാര പ്രദേശമായി തുടരുമെന്നു ഉറപ്പ് നല്‍കുകയും ചെയ്തു. എം എല്‍ എ ലോബോ, എന്‍ഡി ടി വിയോട് പറഞ്ഞത്, ട്രയല്‍ റൂമിനകത്തേക്ക് ഫോക്കസ് ചെയ്യുന്ന വിധത്തിലായിരുന്നു ക്യാമറയുടെ ലെന്‍സ് എന്നും ഇത് എളുപ്പത്തില്‍ കാണാന്‍ വഴിയില്ലായിരുന്നു എന്നുമാണ്. വീഡിയോ മുഴുവനായി റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോ ഇതൊക്കെ കാണുന്നുണ്ടായിരുന്നുവെന്നും ലോബോ കൂട്ടിച്ചേര്‍ത്തു. ഫാബ് ഇന്ത്യയുടെ എം ഡി വില്യം ബിസേലി വ്യാഖ്യാനിച്ചത്, ഞങ്ങളുടെ എല്ലാ സ്റ്റോറുകളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അത് തുണിത്തരങ്ങളും മറ്റും കട്ടെടുക്കുന്നത് പിടിക്കാനാണെന്നും ട്രയല്‍ റൂമുകള്‍ക്കകത്തല്ലെന്നുമാണ്. ഞങ്ങളും ആന്തരിക പരിശോധനകള്‍ നടത്തി വരുകയാണ്. ലോബോ പറഞ്ഞതെന്തടിസ്ഥാനത്തിലാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കാനാകുന്നില്ല.
ക്യാമറയും സുരക്ഷയും തമ്മിലുള്ള വൈരുധ്യാത്മക ബാന്ധവം വിശദമായി പരിശോധിക്കുന്നതിനു മുമ്പ് ഫാബ് ഇന്ത്യ എന്ന സ്ഥാപനത്തെ ഒന്ന് പരിചയപ്പെടുന്നത് നന്നായിരിക്കും. 1960ലാണ് ഫാബ് ഇന്ത്യ (മുഴുവന്‍ പേര് ഫാബ് ഇന്ത്യ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്) ആരംഭിച്ചത്. ഫോര്‍ഡ് ഫൗണ്ടേഷന്‍ എന്ന അമേരിക്കയില്‍ ആസ്ഥാനമുള്ള അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സിയുടെ ധനസഹായം സ്വീകരിച്ചുകൊണ്ട് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ജോണ്‍ ബിസെല്‍ ആണ് ഫാബ് ഇന്ത്യ ആരംഭിച്ചത്. 1976 വരെയും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക മാത്രം ചെയ്തിരുന്ന ഫാബ് ഇന്ത്യ, ആ വര്‍ഷം ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷില്‍ ആദ്യത്തെ റീട്ടെയില്‍ കട ആരംഭിച്ചു. ഇപ്പോള്‍ രാജ്യത്തും വിദേശത്തുമായി ഏതാണ്ട് നൂറ്റിയെഴുപത് ശാഖകളാണ് ഫാബ് ഇന്ത്യക്കുള്ളത്. ജോണിന്റെ മകന്‍ വില്യമാണ് ഇപ്പോള്‍ അത് നടത്തിക്കൊണ്ടു പോകുന്നത്. ഇത്രയും അറിഞ്ഞാല്‍ മതി; രാജ്യസ്‌നേഹ തല്‍പരരായ ദേശാഭിമാനികള്‍ക്ക് ഇത് സര്‍വത്ര കുഴപ്പം പിടിച്ച ഏര്‍പ്പാടാണെന്ന നിഗമനത്തിലേക്കെടുത്തു ചാടാന്‍. അവരതു ചെയ്യട്ടെ. എന്നാല്‍, എന്താണ് ഫാബ് ഇന്ത്യയുടെ ഉത്പന്നങ്ങളെന്നും അത് നിര്‍മിക്കുന്നതിന്റെയും സംഭരിക്കുന്നതിന്റെയും വില്‍ക്കുന്നതിന്റെയും ലാഭം വിതരണം ചെയ്യുന്നതിന്റെയും രീതികളെന്നും മനസ്സിലാക്കുന്നതും നന്നായിരിക്കും. പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉടുപ്പുകളും അലങ്കാരത്തുണികളും മറ്റ് നാടന്‍ കരകൗശല ഉത്പന്നങ്ങളുമാണ് ഫാബ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കരകൗശലവിരുതുകള്‍ ഇത്രയധികം ആഘോഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും മൂല്യം ഉറപ്പ് വരുത്തുകയും ചെയ്യുന്ന വാണിജ്യ സ്ഥാപനം അധികമില്ല എന്നതാണ് വാസ്തവം. തൊഴിലാളി സ്വയം സഹായ സംഘങ്ങള്‍ ഉടമസ്ഥത വഹിക്കുന്ന പതിനേഴ് കമ്പനികള്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ ഫാബ് ഇന്ത്യക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. കരകൗശല വിദഗ്ധരും പ്രാദേശിക സംസ്‌കാരത്തോട് ചേര്‍ന്നു നിന്നുകൊണ്ട് പണിയെടുക്കുന്നവരുമായവര്‍ക്ക് ലാഭത്തിന്റെ മികച്ച വിഹിതം ഉറപ്പ് വരുത്തുന്ന വിധത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. എല്ലാ പണിശാലകളും ഗ്രാമപ്രദേശങ്ങളിലാണ്. ഏതാണ്ട് നാല്‍പതിനായിരത്തോളം തൊഴിലാളികളാണ് ഫാബ് ഇന്ത്യ ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനു വേണ്ടി കര്‍മനിരതരായിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള സെന്‍ട്രല്‍ കോട്ടേജ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് ഉപദേശങ്ങള്‍ കൊടുക്കുന്നതിനു വേണ്ടിയാണ് ഫോര്‍ഡ് ഫൗണ്ടേഷന്‍ ധനസഹായം സ്വീകരിച്ചുകൊണ്ട് ജോണ്‍ ബിസെല്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച്, ഇന്ത്യയിലെ തദ്ദേശീയ തുണി ഉത്പന്നങ്ങളുടെ ഗുണ നിലവാരം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം സ്വന്തം കുടുംബത്തില്‍ നിന്ന് വാങ്ങിയ ചെറിയ മുതല്‍മുടക്ക് കൊണ്ട് ഫാബ് ഇന്ത്യ ആരംഭിച്ചത്. വളര്‍ച്ചയുടെ പില്‍ക്കാല ഘട്ടത്തില്‍, ഇന്ത്യയിലെയും വിദേശത്തെയും നഗരരുചികളെ സംതൃപ്തപ്പെടുത്തുന്ന വിധത്തില്‍ ഗ്രാമീണരുടെ കരവിരുതിനെ പ്രയോജനപ്പെടുത്തുകയാണ് ഫാബ് ഇന്ത്യ ചെയ്തത്. വരേണ്യരും മധ്യവര്‍ഗക്കാരും പ്രത്യേകിച്ച് ബുദ്ധിജീവികള്‍, അവരുടെ സ്വന്തം ബ്രാന്‍ഡായി ഫാബ് ഇന്ത്യയെ കണക്കിലെടുക്കാന്‍ തുടങ്ങി. ഹാബിറ്റാറ്റ് എന്ന ബ്രിട്ടണിലെ വലിയ ഇറക്കുമതി കമ്പനി ഫാബ് ഇന്ത്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചതിന്റെ തൊട്ടു പിന്നാലെ ഹൃദയാഘാതം മൂലം ജോണ്‍ മരണപ്പെട്ടു. തുടര്‍ന്ന് മകന്‍ വില്യം മാനേജ്‌മെന്റ് ചുമതല ഏറ്റെടുത്തു. ഇന്ത്യക്കകത്തുള്ള വ്യാപാരം വര്‍ധിപ്പിക്കുകയായിരുന്നു അദ്ദേഹം നടപ്പിലാക്കിയ പരിവര്‍ത്തനം. തുണിത്തരങ്ങള്‍ക്കു പുറമെ, ജൈവ ഭക്ഷണ ഉത്പന്നങ്ങളും കൈ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളും സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും എന്നു വേണ്ട; ഇന്ത്യന്‍ ഗ്രാമങ്ങളിലെ നന്മയും ആത്മാര്‍ഥതയും കരവിരുതും നിറഞ്ഞ നിര്‍മാണവും നഗരങ്ങളിലെ മാറി വരുന്ന ശൈലികള്‍ക്കനുസരിച്ചുള്ള നൂതന ഡിസൈനുകളിലുള്ള വിപണനവും എന്നിങ്ങനെ ഫാബ് ഇന്ത്യ അസൂയാവഹമായ വിധത്തില്‍ വളര്‍ന്നു വലുതായിരിക്കുന്നു.
വൈദേശിക ഉത്പന്നങ്ങള്‍, വിഭ്രാന്തമായ ദേശീയതാ വാദങ്ങളോടെ വിറ്റഴിക്കുന്ന കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് കൂട്ടുകെട്ടിന് നേര്‍വിപരീതമായ ശൈലിയാണ് ഫാബ് ഇന്ത്യയുടേത് എന്നതാണ് പുതിയ കാലഘട്ടത്തില്‍ അതിനെ കുഴപ്പത്തില്‍ ചെന്നു ചാടിച്ചത് എന്നു കരുതുന്നവരും കുറവല്ല. കാണ്‍ഡോലിം ഷോറൂമില്‍ 2015 ഏപ്രില്‍ മൂന്നിനാണ് വിവാദ സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് കലാങ്കുത്ത് പോലീസ് നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി അപലപിച്ചത്. ദിവിജ്‌പെലെ പാട്ക്കര്‍ എന്ന ന്യായാധിപന്‍ ഇപ്രകാരം നിരീക്ഷിച്ചു: കാരണങ്ങളില്ലാതെയും യാന്ത്രികമായുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരിക്കുന്നു. കേസിന്റെ പശ്ചാത്തലങ്ങള്‍ അറസ്റ്റിനെ സാധൂകരിക്കുന്നില്ല.
രണ്ട് ചോദ്യങ്ങളാണ് ഈ ലേഖനത്തില്‍ വിവരിച്ച സംഭവങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. ഒന്നാമത്തേത്, രഹസ്യ ക്യാമറകള്‍ക്കും ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനും സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനാകുമോ? എന്നാണ്.(ഈ ചോദ്യം കുറേക്കൂടി ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സര്‍വൈലന്‍സും വ്യക്തിസ്വാതന്ത്ര്യവും എന്ന തലത്തില്‍ അത് മറ്റൊരവസരത്തില്‍ നിര്‍വഹിക്കാമെന്നു കരുതുന്നു). ദേശ സ്‌നേഹവും രാഷ്ട്രത്തിന്റെ താത്പര്യങ്ങളും രാജ്യത്തിനകത്തെ പണിയെടുക്കുന്ന സാധാരണക്കാരായിരിക്കെ തന്നെ അസാധാരണക്കാരായി മാറിയിട്ടുള്ള കരകൗശലവിദഗ്ധരുടെയും മറ്റും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് ഇന്ത്യയില്‍ ജനിച്ചവരും ഭൂരിപക്ഷമതത്തിന്റെ കൊടിയുയര്‍ത്തുന്നവര്‍ക്കും മാത്രമേ സാധ്യമാകൂ എന്ന പുറം മോടി എത്ര കണ്ട് അസംബന്ധമാണ്?