Connect with us

Gulf

വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ സെന്‍സര്‍ സംവിധാനവുമായി ആര്‍ ടി എ

Published

|

Last Updated

ദുബൈ: മുമ്പില്‍ പോവുന്ന വാഹനങ്ങളില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക സെന്‍സര്‍ സംവിധാനവുമായി ആര്‍ ടി എ രംഗത്ത്. ടാക്‌സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ജീവന്‍ രക്ഷിക്കാനായാണ് അറേബ്യന്‍ റേഡിയോ നെറ്റ്‌വര്‍ക്കുമായി യോജിച്ച് ഇത്തരം ഒരു സംവിധാനത്തിന് ആര്‍ ടി എ തുടക്കമിട്ടിരിക്കുന്നത്.
ബാക്ക് ഓഫ് റേഡിയോ എന്നാണ് ഇതിനായി രൂപകല്‍പന ചെയ്ത സെന്‍സര്‍ ഉള്‍പെട്ട ഉപകരണത്തിന് ആര്‍ ടി എ നല്‍കിയിരിക്കുന്ന പേര്. മുമ്പിലോ പിന്നിലോ ഏതെങ്കിലും വാഹനം ഇടിക്കാവുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴേക്കും സെന്‍സര്‍ ടാക്‌സി ഡ്രൈവര്‍ക്ക് സന്ദേശം നല്‍കുന്നതിനാല്‍ സുരക്ഷിതമായ അകലം പാലിക്കാനും കൂട്ടിയിടി ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് യൂസുഫ് അല്‍ അലി വ്യക്തമാക്കി. വാഹനം ഓടിത്തുടങ്ങുകയും വേഗം മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ എത്തുകയും ചെയ്യുന്ന അവസരത്തിലാണ് സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാവുക. ടാക്‌സിയുടെ മുന്നിലും പിന്നിലുമായാണ് സെന്‍സറുകള്‍ ഘടിപ്പിക്കുന്നത്. സുരക്ഷ അവതാളത്തിലാവുന്ന മേഖലയിലേക്ക് പ്രവേശിച്ചാല്‍ ടാക്‌സിയിലെ സ്പീക്കറിലൂടെ അപകട സന്ദേശം എത്തും. മറ്റ് വാഹനങ്ങള്‍ മുമ്പിലോ പിറകിലോ ഇടിച്ചേക്കാവുന്നത്രയും അടുത്തേക്ക് എത്തിയാലും സന്ദേശം പുറപ്പെടുവിക്കും. ഡ്രൈവറോട് സുരക്ഷിതമായ അകലം പാലിക്കാനും സെന്‍സര്‍ കാറിലെ സ്പീക്കറിലൂടെ ആവശ്യപ്പെടും.
അമിതവേഗം, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് എന്നിവ ഉപകരണത്തിലൂടെ കണ്ടെത്താനും സാധിക്കുമെന്നതിനാല്‍ ദുബൈ റോഡുകളില്‍ ടാക്‌സികളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാനും ഇത് ഉപകരിക്കും.
പുതിയ കണ്ടുപിടുത്തം ഡ്രൈവര്‍മാരെ അമിതവേഗം ഉള്‍പെടെയുള്ളവക്കെതിരെ ബോധവത്കരിക്കാനും സഹായകമാവുമെന്നും അല്‍ അലി പറഞ്ഞു. സ്ഥാപിക്കുന്നതിന്റെ പരീക്ഷണം വരും ആഴ്ചകളില്‍ നടത്താനാണ് ആര്‍ ടി എ പദ്ധതിയിടുന്നത്.

---- facebook comment plugin here -----

Latest