Connect with us

Kerala

യെച്ചൂരി കേരളത്തില്‍; പ്രതീക്ഷയോടെ വി എസ്

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടേറിയറ്റ് രൂപവത്കരണം മുഖ്യ അജന്‍ഡയാക്കി സി പി എം സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാമത്തെ യോഗമാണെങ്കിലും സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള ആദ്യയോഗമാണെന്നതാണ് പ്രധാനം. കേരള ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് ജനറല്‍ സെക്രട്ടറിയായ യെച്ചൂരി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി ഇന്നലെ രാത്രിയോടെ തലസ്ഥാനത്തെത്തി.

പുതിയ സെക്രട്ടേറിയറ്റിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകം. ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ യെച്ചൂരിയെ കേരള ഘടകത്തിന് അനഭിമതനാക്കിയത് വി എസ് അച്യുതാനന്ദനോട് കാണിച്ച അടുപ്പമാണ്. ഇന്നത്തെ യോഗത്തിലും വി എസ് ഒരു നിര്‍ണായക വിഷയമാണെന്നിരിക്കെ യെച്ചൂരിയുടെ തുടര്‍ നീക്കങ്ങളെന്താകുമെന്നതിലും ആകാംക്ഷയുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കേന്ദ്രകമ്മിറ്റി അംഗത്വവും നഷ്ടപ്പെട്ട വി എസ്, സി സിയിലെ സ്ഥിരം ക്ഷണിതാവ് മാത്രമാണിപ്പോള്‍. നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇല്ലാത്ത വി എസിന് പുതിയ സെക്രട്ടേറിയറ്റില്‍ തുടരാനാകില്ല.
ജനറല്‍ സെക്രട്ടറിയാകും മുമ്പെ ആശംസിച്ച് പിന്തുണച്ച വി എസിന്റെ കാര്യത്തില്‍ യെച്ചൂരി എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ച വി എസിനെതിരെ കൂടുതല്‍ നടപടികള്‍ സംസ്ഥാന നേതൃത്വം ആഗ്രഹിക്കുമ്പോള്‍ വി എസിനെ കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നതാണ് യെച്ചൂരിയുടെ മനസ്സ്.
മുതിര്‍ന്ന നേതാവ് എന്ന പരിഗണന വി എസിന് നല്‍കണമെന്ന കൂട്ടത്തിലാണ് അദ്ദേഹം. പാര്‍ട്ടി വിരുദ്ധന്‍ എന്ന പ്രമേയം പിന്‍വലിക്കാതെ സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് വി എസ് സ്വീകരിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ നിലപാട് മാറ്റിയേക്കും.
സംസ്ഥാന കമ്മിറ്റി അംഗമല്ലെങ്കിലും സി സിയിലെ പ്രത്യേക ക്ഷണിതാവായതിനാല്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിന് വി എസിന് തടസ്സമില്ല. വി എസിന് പുറമെ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പി കെ ഗുരുദാസന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, ടി എം തോമസ് ഐസക്, വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരാണ് നിലവില്‍ സെക്രട്ടേറിയറ്റിലുള്ളത്.
സംസ്ഥാന കമ്മിറ്റി അംഗമല്ലാതായ സാഹചര്യത്തില്‍ സാങ്കേതികമായി വി എസിനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതാകട്ടെ, പ്രതിപക്ഷ നേതൃപദവിയിലിരിക്കുന്നൊരാള്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ലെന്ന വിമര്‍ശത്തിന് ഇടവരുത്തുകയും ചെയ്യും. ഈ സാഹചര്യങ്ങളിലാണ് യെച്ചൂരിയുടെ നിര്‍ണായക ഇടപെടല്‍ പ്രതീക്ഷിക്കുന്നത്. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വി എസിനെ ഉള്‍ക്കൊള്ളുന്നതിനോട് എതിര്‍പ്പില്ല.
സംസ്ഥാന കമ്മിറ്റിയിലെ ഒരു സ്ഥാനം നിലവില്‍ ഒഴിച്ചിട്ടിരിക്കുകയാണ്. തെറ്റുതിരുത്തുന്ന പക്ഷം വി എസിനെ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണിതെന്ന് അന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കിയതുമാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യം കൂടി ഉള്ളതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വി എസിനെ ഉള്‍പ്പെടുത്താന്‍ യെച്ചൂരി ആവശ്യപ്പെടുമെന്നാണ് സൂചന. ഇന്നത്തെ യോഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ല. പെട്ടൊന്നൊരു തീരുമാനം വന്നാല്‍ യെച്ചൂരിയുടെ വിജയവും സംസ്ഥാന ഘടകത്തിന്റെ പരാജയവുമായി വ്യാഖ്യാനിക്കപ്പെടും. അതിനാല്‍, പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാമെന്ന നിലപാടാകും സംസ്ഥാന നേതൃത്വം സ്വീകരിക്കുക. അങ്ങ നെ വന്നാല്‍, സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്ഷണിതാവെന്ന പദവി കൊണ്ടുവന്ന് വി എസിന് നല്‍കിയേക്കും.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മാറാന്‍ സാധ്യതയുള്ള മറ്റൊരാള്‍ പി കെ ഗുരുദാസനാണ്. വിപുലമായ അഴിച്ചുപണിക്കാണ് ഒരുക്കമെങ്കില്‍ കേന്ദ്രകമ്മറ്റിയംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, പി കരുണാകരന്‍ എന്നിവരെയും മാറ്റിയേക്കും. ഒഴിവാക്കിയാലും കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്ന നിലയില്‍ ഇവര്‍ക്കെല്ലാം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനുമാകും. സെക്രട്ടേറിയറ്റിലേക്ക് പുതുതായി പരിഗണിക്കുന്നവരില്‍ പ്രധാനി ജി സുധാകരനാണ്. കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും ഇത്തവണ കേന്ദ്ര കമ്മിറ്റിയിലേക്കും സുധാകരന്റെ പേര് പരിഗണിച്ചെങ്കിലും പുതിയ പദവികള്‍ വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. എം വിജയകുമാര്‍, സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറിമാരായ ടി പി രാമകൃഷ്ണന്‍, കെ ജെ തോമസ്, കെ രാജഗോപാല്‍ തുടങ്ങിയവരുടെ പേരും പരിഗണനയിലുണ്ട്. വനിതാ പ്രാതിനിധ്യം കൂട്ടാന്‍ തീരുമാനിച്ചാല്‍ എം സി ജോസഫൈനോ കെ കെ ശൈലജയോ സെക്രട്ടേറിയറ്റിലെത്തും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ഇടത് മുന്നണി വിപുലീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും ഇന്നത്തെ യോഗത്തില്‍ നടക്കാനിടയുണ്ട്.

---- facebook comment plugin here -----

Latest