Connect with us

Articles

അഴിമതി ചെറുക്കാന്‍ 'വിജിലന്റാ'കാം

Published

|

Last Updated

നമ്മുടെ സാമൂഹിക ജീവിതത്തിലെ സമസ്ത മേഖലകളെയും അര്‍ബുദം പോലെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന മഹാവിപത്താണ് അഴിമതി. ജനാധിപത്യ രാഷ്ട്രത്തില്‍ സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും ജനങ്ങളുടെ സൃഷ്ടിയാണ്. പൗരന്‍മാര്‍ തങ്ങള്‍ക്കായി സൃഷ്ടിച്ച സംവിധാനങ്ങള്‍ അവര്‍ക്ക് തന്നെ അന്യമാകുകയും ആ സംവിധാനങ്ങളില്‍ അവര്‍ക്ക് അവിശ്വാസം ജനിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് അഴിമതിയുടെ വ്യാപനം മൂലം സംജാതമാകുന്നത്.
വിദ്യഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനായി പതിനായിരക്കണക്കിന് കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഓരോ വര്‍ഷവും ചിലവഴിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവയുടെ ഗുണഫലങ്ങള്‍ പലപ്പോഴും പൂര്‍ണ തോതില്‍ ജനങ്ങളിലേക്കെത്താറില്ല. ഇതിന് പ്രധാന കാരണം അഴിമതിയെന്ന മഹാവിപത്ത് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും നിശ്ചലമാക്കിയതാണ്. നമ്മുടെ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ ഒരു രൂപയിലും എട്ട് പൈസ മാത്രമാണ് ഗുണഭോക്താവിന് അഥവാ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാമാന്യ ജനത്തിന് പ്രയോജനമില്ലാത്ത വെള്ളാനകളായി മാറുകയും രാഷ്ട്രീയ, ഉദ്യോഗസ്ഥ, മധ്യവര്‍ത്തി, കരാര്‍ ലോബി ജനങ്ങള്‍ക്കായുള്ള പദ്ധതികളുടെ നേട്ടം മുഴുവന്‍ കൊയ്‌തെടുക്കുകയും ചെയ്യുമ്പോള്‍ ജനകീയ സര്‍ക്കാറുകളിലും അവയുടെ സംവിധാനങ്ങളിലും ജനങ്ങള്‍ക്ക് അശേഷം വിശ്വാസമില്ലാതെ വരുന്നു. ഗുരുതരമായ സാമൂഹിക പ്രതിസന്ധിയാണ് ഈ അവിശ്വാസം സൃഷ്ടിക്കുന്നത്.
നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് നമ്മുടെ സാമ്പത്തിക മേഖലക്ക് മുതല്‍ക്കൂട്ടാകേണ്ട സ്വകാര്യ സംരംഭകരുടെ പേടി സ്വപ്‌നവും അഴിമതി തന്നെയാണ്. പലപ്പോഴും സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് വന്‍തുകകള്‍ കോഴ നല്‍കി മാത്രമേ തങ്ങളുടെ സംരംഭങ്ങള്‍ക്കാവിശ്യമായ അനുമതി പത്രങ്ങള്‍ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയാറുള്ളൂ. മനം മടുപ്പിക്കുന്ന ഈ സ്ഥിതിവിശേഷം പല സംരംഭകരെയും വ്യവസായിക, വാണിജ്യ മേഖലകളില്‍ നിന്നകറ്റുന്നു. ദൂരവ്യാപകമായ പ്രത്യാഘാതമാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ ഇതുണ്ടാക്കുക.
ഇന്ത്യയില്‍ പ്രതിവര്‍ഷം ആറ് ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ അഴിമതി നടക്കുന്നുവെന്നാണ് സര്‍ക്കാരിതര ഏജന്‍സികള്‍ നടത്തിയ വിശകലനങ്ങളിലും സര്‍വെകളിലും കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സാമൂഹിക ദുരന്തത്തിനെതിരെയുള്ള വലിയൊരു മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണ്.
ഇത്തരത്തിലൊരു ചരിത്ര ദൗത്യമാണ് കേരളത്തിലെ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. വിജിലന്റ് കേരള എന്ന് പേരിട്ടിരിക്കുന്ന ഈ അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പതാകവാഹകര്‍ ജനങ്ങള്‍ തന്നെയാണെന്നതാണ് ഇതിന്റെ സവിശേഷത. പൊതുസമൂഹവുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ജനങ്ങള്‍ വിവിധ ആവിശ്യങ്ങള്‍ക്കായി ദിനംപ്രതി ആശ്രയിക്കുന്നതും ഇവയെ ആണ്. അഴിമതിയുടെ ദുര്‍ഗന്ധം സാധാരണക്കാരായ ജനങ്ങള്‍ കൂടുതലനുഭവിക്കുന്നതും ഈ സ്ഥാപനങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ആദ്യ കാഹളം മുഴങ്ങേണ്ടതും ഈ കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ആ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസുകളിലെയും അഴിമതി തടയുക എന്ന ഉദ്ദേശം മുന്‍ നിര്‍ത്തിയാണ് വിജിലന്റ് കേരള ആവിഷ്‌കരിച്ചിരിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെ, ജനങ്ങളെ മുന്‍ നിര്‍ത്തി അഴിമതിയെന്ന വടവൃക്ഷത്തിന്റെ അടിവേരറുക്കുക എന്നതാണ് വിജിലന്റ് കേരളയുടെ ലക്ഷ്യം. നടത്തിയ അഴിമതി കണ്ടെത്തുകയും കേസെടുക്കുകയും ചെയ്യുക എന്ന സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി അഴിമതിക്കായുള്ള ശ്രമത്തെ പോലും തടയുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പൗരകേന്ദ്രീകൃതവും പൗര സൗഹൃദവുമായ ഒരു മുന്നേറ്റത്തിലൂടെ മാത്രമേ വിജിലന്റ് കേരളയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ സഫലമാവുകയുള്ളു. ജനങ്ങള്‍ മുന്നില്‍ നിന്ന് നയിക്കുന്നു, അവര്‍ക്ക് എല്ലാ സഹായവും പിന്തുണയും നല്‍കിക്കൊണ്ട് വിജിലന്‍സ്- പൊലീസ് സംവിധാനവും മറ്റ് വകുപ്പുകളിലെ ഉദ്യേഗസ്ഥരും നില കൊള്ളുന്നു. ചുരുക്കത്തില്‍ പരിപൂര്‍ണമായും ജനകീയ പങ്കാളിത്തമുള്ള, ജനകീയ നേതൃത്വമുള്ള അഴിമതിക്കെതിരായ ഒരു രക്തരഹിത വിപ്ലവം, അതാണ് വിജിലന്റ് കേരള.
ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് 100 ശതമാനം അഴിമതി വിമുക്ത പദ്ധതി നടത്തിപ്പും ഭരണ സംവിധാനങ്ങളുമാണ് വിജിലന്റ്‌കേരള പദ്ധതി നടപ്പിലാകുന്നതിലൂടെ ഉദ്ദേശിക്കുന്നത്. വിജിലന്റ് കേരളയുടെ ലക്ഷ്യങ്ങള്‍:
1. ഒരു പ്രദേശത്തെ ഏതെങ്കിലും സര്‍ക്കാര്‍ സ്‌കീമിലോ പദ്ധതിയിലോ പണിയിലോ നടത്തിപ്പിലോ ഓഫീസിലോ അഴിമിതി കണ്ടാല്‍ സത്യസന്ധമായും കൃത്യമായും വ്യക്തമായുംhttp://vigilantkerala.in എന്ന വെബ് സൈറ്റിലെ “എന്റെ പ്രശ്‌നം” ലിങ്കില്‍ പോസ്റ്റ് ചെയ്യുന്നത് പ്രദേശത്തെ അഴിമതിരഹിതമാക്കാന്‍ സഹായകമാകും. എന്റെ പ്രശ്‌നമായി കണ്ട് അതിന്റെ പരിഹാരത്തിനായി ആ പ്രദേശത്തെ ആളുകള്‍ പങ്കാളികളാവുക എന്നതാണ് ഉദ്ദേശിക്കുന്നത്
2. അഴിമതി നടന്നതിന് നടപടിയെടുക്കുക എന്ന പരമ്പരാഗത രീതിയില്‍ നിന്നു മാറി അഴിമതി നടക്കുന്നതിനു മുമ്പേ അതിനുള്ള സാധ്യതകള്‍ പൂര്‍ണമായി അടക്കുക എന്നതാണുദ്ദേശിക്കുന്നത്.
3. എപ്പോഴും പരാതി നല്‍കുക എന്ന രീതിയില്‍ നിന്നും പങ്കാളിത്ത പ്രശ്‌നപരിഹാരമെന്ന പുത്തന്‍ സംസ്‌കാരത്തിലേക്കുള്ള മാറ്റമാണ് വിജിലന്റ് കേരള ലക്ഷ്യമിടുന്നത്. പരാതികള്‍ നല്‍കിയ ശേഷം മറ്റാരെങ്കിലും പരിഹരിച്ച് നല്‍കട്ടെ എന്ന മനോഭാവം ശീലിച്ചു പോന്നിട്ടുള്ളവരാണ് ജനങ്ങളില്‍ ഭൂരിഭാഗവും. ഒരു തദ്ദേശസ്വയംഭരണ പ്രദേശത്തെ പല പരാതികളും അല്‍പം ശ്രദ്ധ വെക്കുകയാണെങ്കില്‍ പ്രദേശ വാസികള്‍ക്കു തന്നെ കൂട്ടായ്മയിലൂടെ പരിഹരിക്കാവുന്നതാണ്.
4. നിയമപരമായ അജ്ഞത കൊണ്ട് തന്നെ പല സേവനങ്ങളും പൊതുജനങ്ങള്‍ക്ക് സമയോചിതമായോ വേണ്ട ഗുണനിലവാരത്തിലോ അളവിലോ കിട്ടാതെ വരികയാണ്. അതുകൊണ്ട് തന്നെ, പൊതുജനങ്ങള്‍ക്ക് നിയമ പരിജ്ഞാനം നല്‍കുന്നതോടൊപ്പം എങ്ങനെയാണ് തന്റെ പ്രശ്‌നത്തിന് പ്രതികരിക്കേണ്ടത് എന്നും മനസ്സിലാക്കി കൊടുക്കുക എന്ന പരമ പ്രധാനമായ ലക്ഷ്യവും വിജിലന്റ് കേരളക്കുണ്ട്.
5. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പ്രശ്‌നത്തിന് പരിഹാരം നേടുകയും ഇതേ തരം പ്രശ്‌നങ്ങള്‍ ഒരു പ്രദേശത്ത് വീണ്ടും ഉണ്ടാകാതിരിക്കുകയും വിജിലന്റ് കേരള ലക്ഷ്യമിടുന്നു.
6. പൊതുജനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹിക നിരീക്ഷണ വേദികള്‍ സൃഷ്ടിച്ചെടുത്ത് പദ്ധതി വിഹിതത്തിന്റെ ശരിയായ വിതരണവും നിര്‍വഹണവും സര്‍ക്കാര്‍ സേവനങ്ങളും നൂറു ശതമാനവും ഉറപ്പാക്കുകയെന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
7.അഴിമതിക്ക് ശിക്ഷ നേടിക്കൊടുക്കുക എന്നതല്ല ഈ പദ്ധതിയുടെ ലക്ഷ്യം, മറിച്ച് ശിക്ഷിക്കപ്പെടാനുള്ള സാധ്യത സൃഷ്ടിക്കാതിരിക്കുക എന്നതാണ്.
പൈലറ്റ് പ്രോജെക്ടായി എറണാകുളം മുതല്‍ വടക്കോട്ട് കാസര്‍കോട് വരെ എട്ട് ജില്ലകളിലെ 44 പഞ്ചായത്തുകളില്‍ 2014 സെപ്റ്റംബര്‍ മാസം വിജിലന്റ് കേരള പദ്ധതി ആരംഭിച്ചു. 2015 മാര്‍ച്ചില്‍, മുനിസിപ്പാലിറ്റികളും, കോര്‍പറേഷനുകളും കൂടി പൈലറ്റ് പ്രോജക്ടായി തിരഞ്ഞെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
ഏഴ് തരം പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് വിജിലന്റ് കേരള രൂപീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്ന്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകളിലോ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലോ അഴിമതി അഭിമുഖീകരിക്കുകയോ കാണുകയോ ചെയ്യുന്നവര്‍. ഗ്രൂപ്പ് രണ്ട്. അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അറിവും കഴിവും നേടി, സജീവ പങ്കാളികളാവുന്നവര്‍ ഓരോ പ്രദേശത്തും താമസിക്കുന്നവരും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തക്ക അറിവും കാര്യപ്രാപ്തിയും മനോഭാവവും സത്യസന്ധതയും സാമുഹിക പ്രതിബദ്ധതയും ഉള്ള അംഗങ്ങളെയാണ് കോയിലേഷന്‍ മെമ്പര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗ്രൂപ്പ് മൂന്ന്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ഗ്രൂപ്പ് നാല്. ജില്ലയിലെ വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സ് സ്റ്റാഫും. ഗ്രൂപ്പ് അഞ്ച്. ജില്ലാതല വിജിലന്‍സ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണ മേധാവികളും. ഗ്രൂപ്പ് ആറ്. വകുപ്പ് മേധാവികള്‍, പൊതുമേഖല സ്ഥാപന മേധാവികള്‍, ബോര്‍ഡ് മേധാവികള്‍, മറ്റ് സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥര്‍. ഗ്രൂപ്പ് ഏഴ്. വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യേഗസ്ഥര്‍.
ഒരാള്‍ വിജിലന്റ് കേരളയുടെ വെബ് സൈറ്റില്‍ സന്ദര്‍ശിച്ച് തന്റെ പ്രശ്‌നം പോസ്റ്റ് ചെയ്താല്‍ രണ്ടും മൂന്നും ഗ്രൂപ്പുകള്‍ (അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അറിവും കഴിവും നേടി, സജീവ പങ്കാളികളാവുന്നവരും പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും) പ്രശ്‌നം പരിശോധിക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രസ്തുത കാര്യത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. അവര്‍ക്ക് പരിഹാരം കാണാന്‍ പറ്റാത്ത പ്രശ്‌നങ്ങള്‍ ഗ്രൂപ്പ് അഞ്ചിലേക്ക് (ജില്ലാതല വിജിലന്‍സ് കമ്മിറ്റി അംഗങ്ങളും മറ്റ് ജില്ലാതല ഭരണ മേധാവികളും) 30 ദിവസം കഴിഞ്ഞ് സ്വയമേവ തന്നെ ഓണ്‍ലൈനില്‍ വരുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഗ്രൂപ്പ് അഞ്ച് പരിഹരിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ആറ് (വകുപ്പ് മേധാവികള്‍, പൊതുമേഖല സ്ഥാപന മേധാവികള്‍, ബോര്‍ഡ് മേധാവികള്‍, മറ്റ് സര്‍ക്കാര്‍ ഉന്നതോദ്യോഗസ്ഥര്‍) പരിശോധിച്ച് പ്രശ്‌നം 30 ദിവസത്തിനുള്ളില്‍ കൈകാര്യം ചെയ്യുന്നതാണ്. ബന്ധപ്പെട്ട ഔദ്യോഗിക തലങ്ങളിലെല്ലാം പരിശോധിച്ച ശേഷം താന്‍ അവതരിപ്പിച്ച പ്രശ്‌നത്തിന്റെ ഫലം അവസാനം എന്തെന്ന് അറിയാനും കഴിയുന്ന ഏകജാലക സംവിധാനമാണിത്. അഴിമതി കണ്ടാല്‍, നേരിട്ടാല്‍ അവയുടെ ഫോട്ടോ, വീഡിയോ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം വിജിലന്റ്‌കേരള വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്താല്‍ പ്രശ്‌ന പരിഹാരം നിശ്ചയമായും സമയപരിധിക്കുള്ളില്‍ സാധ്യമാകും.
വിജിലന്റ് കേരളയില്‍ പങ്കാളിയാകാന്‍ http://vigilantkerala.in എന്ന വെബ്‌സൈറ്റില്‍ ഇമെയിലോ മൊബൈല്‍ നമ്പരോ ഉപയോഗപ്പെടുത്തി അതത് ഗ്രൂപ്പില്‍ ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതാണ്. അഴിമതി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് സഹായകമാകുന്ന ആശയങ്ങളെ രൂപപ്പെടുത്തുന്നതിനും ആന്റി കറപ്ഷന്‍ ബെസ്റ്റ് പ്രാക്ടീസസ് വികസിപ്പിക്കുന്നതിനും വേണ്ടിയും ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ചകള്‍ തുടങ്ങാനും തുടരാനും വേണ്ടിയും ചര്‍ച്ചാവേദിയും വെബ് സൈറ്റിന്റെ ഭാഗമായിയുണ്ട്.
വിജിലന്റ് കേരള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കും യുവാക്കളിലേക്കും കൂടുതല്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിലേക്കായി സോഷ്യല്‍ മീഡിയ വഴിയുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. അതിലേക്കായി ഫേസ്ബുകിലും ടിറ്റ്വറിലും യുടുബിലും വിജിലന്റ്‌കേരള പേജുകള്‍ തുടങ്ങിയിട്ടുണ്ട്.
Facebook https://www.facebook.com/vigilantkerala
Twitter https://twitter.com/vigilantkerala
Youtube http://www.youtube.com/vigilantkerala എന്നീ വിലാസത്തിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്.
ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്തുള്ള എല്ലാ വകുപ്പുകളെയും സംബന്ധിച്ചുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ വിജിലന്‍സ് കേരളയില്‍ പോസ്റ്റു ചെയ്യപ്പെടുന്നതുകൊണ്ട്, വകുപ്പ് സെക്രട്ടറി വരെയുള്ള വിവിധ സൂപ്പര്‍വൈസറി തലങ്ങളില്‍ ആ പ്രസ്തുത വകുപ്പിലെ താഴെ തട്ടിലുള്ള പദ്ധതി നിര്‍വഹണ പ്രശ്‌നങ്ങള്‍ ഓണ്‍ലൈനായി മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ വിവിധ വകുപ്പുകളുടെ ഒരു പ്രദേശത്തുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിഷയങ്ങള്‍ കൃത്യമായി നിര്‍ണയിക്കാനും രേഖപ്പെടുത്താനും ഒട്ടും താമസം കൂടാതെ മതിയായ പ്രശ്‌നപരിഹാര /വ്യതിയാന നടപടികള്‍ സ്വീകരിക്കാനും സാധിക്കുന്നു. ഇതു മൂലം ഓരോ സ്വയംഭരണ പ്രദേശത്തുമുള്ള വിവിധ സര്‍ക്കാര്‍ സ്‌കീമുകളുടേയും പദ്ധതികളുടേയും നടത്തിപ്പില്‍ കൂടുതല്‍ ജനപങ്കാളിത്തവും അതുവഴി കൂടുതല്‍ സംതൃപ്തിയും വിജിലന്‍സ് കേരള വഴി ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് ലഭിക്കുന്നതാണ്. ഓരോ ഡിപ്പാര്‍ട്ടുമെന്റുകളും വിവിധങ്ങളായ സ്‌കീമുകള്‍ക്ക് വിലയിരുത്തുന്ന പദ്ധതി അടങ്കല്‍ തുക ഒരു ചോര്‍ച്ചയും ഇല്ലാതെ തദ്ദേശ സ്വയംഭരണ പ്രദേശത്തുള്ള ഗുണഭോക്താക്കള്‍ക്ക് പൂര്‍ണമായി ലഭിക്കുന്നതുമൂലം ഒരോ വകുപ്പിന്റെയും പദ്ധതി ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റപ്പെടുകയും ചെയ്യുന്നു.
അഴിമതിയെ നേരിടുന്നതിനേക്കാള്‍ അഴിമതി നടക്കാനുള്ള സാധ്യതകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് നല്ലത്. അഴിമതി സാധ്യമാകാത്ത സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതാണ് ഏറ്റവും മികച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനം. ഈ ലക്ഷ്യത്തിലേക്കുള്ള ദൃഡവും സുതാര്യവുമായ ചുവട് വയ്പാണ് വിജിലന്റ് കേരള.

Latest