Connect with us

Wayanad

വീടിന് ഭീഷണിയായ ഈട്ടി മരം മുറിച്ച് മാറ്റാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ്

Published

|

Last Updated

മാനന്തവാടി: വീടിന് ഭീഷണിയായ ഈട്ടി മരം മുറിച്ച് മാറ്റാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ്. തൃശ്ശിലേരി മൊട്ടയിലുള്ള പാലക്കല്‍ പി പി വിനോദാണ് മരംമുറിച്ച് നീക്കാന്‍ റവന്യു ഓഫീസുകളില്‍ അപേക്ഷനല്‍കി രണ്ടുവര്‍ഷമായി കാത്തിരിക്കുന്നത്. അനുമതി ലഭിക്കാത്തതിനാല്‍ അപകടം വകവെക്കാതെ വീട് നിര്‍മ്മിക്കുകയാണ് വിനോദ്.
പത്ത്‌സെന്റ് ഭൂമിയാണ് വിനോദിനുള്ളത്. ഈ സ്ഥലത്ത് രണ്ട് ഈട്ടിമരങ്ങളുണ്ട്. ഈമരങ്ങള്‍ നിലവില്‍ താമസിക്കുന്ന ഷെഡിന് ഭീഷണിയാണ്. ഷെഡ്‌പൊളിച്ചുമാറ്റി വേണം വീട് നിര്‍മ്മിക്കന്‍. രണ്ടുവര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചതാണ്.
വീട് നിര്‍മ്മിച്ചാല്‍ മരം മുറിച്ചുമാറ്റുക പ്രയാസമാണ് അതുകൊണ്ടാണ് മരം മുറിച്ചുമാറ്റിയ ശേഷം വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല.
എട്ടു മീറ്ററിലധികം ഉയരമുള്ളതാണ് ഈട്ടി മരങ്ങള്‍. ഈമരത്തിന് വലിയ കേടുബാധിച്ചതിനാല്‍ ഏതുനിമിഷവും മറിഞ്ഞുവീഴും. അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മരത്തിന്റെ വില നിശ്ചയിച്ചതാണ്. റവന്യുവകുപ്പ് അനുമതി നല്‍കാതെ ഈ യുവാവിനെ വട്ടം കറ്റക്കുയാണ്. പഞ്ചായത്തില്‍ നിന്നും ലഭിച്ച വീട് നിര്‍മ്മിക്കാന്‍ കാലതാമസമുണ്ടായാല്‍ വീടും നഷ്ടമാകുമോ എന്നപേടിയിലാണ് മരത്തിന്റെ ഭീഷണി വകവെക്കാതെ വീടുനിര്‍മ്മിക്കാന്‍ വിനോദ് തീരുമാനിച്ചത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷനല്‍കിയിട്ടുണ്ട്. അപേക്ഷ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലുമായി വട്ടം കറങ്ങുകയാണ്. കാലവര്‍ഷത്തിനു മുമ്പെങ്കിലും മരംമുറിച്ചുമാറ്റിയില്ലെങ്കില്‍ ഉണ്ടാകുന്ന ദുരന്തം വലുതാണ്.

Latest