ആറന്‍മുള വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനത്തിന് കേന്ദ്രാനുമതി

Posted on: April 24, 2015 6:31 pm | Last updated: April 25, 2015 at 8:51 am

aranmula..ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന് അനുകൂല നടപടിയുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം. കെ ജി എസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം അനുമതി നല്‍കി. കെ ജി എസിന്റെ അപേക്ഷയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അനുമതി നല്‍കിയത്. ഭൂമി വിമാനത്താവളത്തിന് അനുകൂലമല്ലെന്നും പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തേണ്ടിവരുമെന്നുള്ള വാദങ്ങള്‍ സമിതി തള്ളി. നേരത്തെ പരിസ്ഥിതി ആഘാതപഠനം നടത്തിയ എന്‍വിറോകെയര്‍ എന്ന ഏജന്‍സിക്കു യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ ജി ടി) റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് കെ ജി എസ് ഗ്രൂപ്പ് പുതിയ അപേക്ഷയുമായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.
രാജ്യത്ത് ഈ വര്‍ഷം നടപ്പാക്കുന്ന പതിനാല് വിമാനത്താവള പദ്ധതികളുടെ പട്ടികയില്‍ ആറന്മുളയെയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ വേണ്ട മുന്‍ഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി പരിഗണിച്ചിരുന്നു. പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം രേഖാമൂലം നല്‍കിയതിനെ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിഗണിച്ചത്. രാജ്യത്തെ മുന്‍നിര പരിസ്ഥിതി ആഘാത പഠന കമ്പനി എസ് ജി എസ് ഇന്ത്യയാകും പദ്ധതിക്കുവേണ്ടി പുതുതായി പഠനം നടത്തുക.
രണ്ട് ഘട്ടങ്ങളിലായി രണ്ടായിരം കോടി മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതിയാണ് ആറന്മുള. ആറന്മുള, കിടങ്ങന്നൂര്, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളിലെ അഞ്ഞൂറ് ഏക്കറിലാണ് നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ അഞ്ഞൂറ് കോടിയാണ് മുതല്‍ മുടക്ക്. പദ്ധതിക്ക് ആവശ്യമുള്ള ഭൂമിയുടെ ഭൂരിഭാഗവും നിലവില്‍ കമ്പനിയുടെ കൈവശമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി എടുത്തിട്ടുണ്ടെന്നും കമ്പനിയില്‍ ഒരു ഡയറക്ടര്‍ പ്രതിനിധിയെ സര്‍ക്കാര്‍ നിയമിക്കുമെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ശബരിമലയുടെ വികസനത്തിനും മധ്യ തിരുവിതാംകൂര്‍ മേഖലയില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്കും ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിനോദ സഞ്ചാര വികസനത്തിനും ഈ ജില്ലകളിലെ 75 ലക്ഷം ആളുകള്‍ക്കും പദ്ധതി ആവശ്യമാണെന്നാണ് കെ ജി എസിന്റെ അവകാശ വാദം. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് മുന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ഇക്കൊല്ലത്തെ സാമ്പത്തിക കാര്യ സര്‍വേയിലും ഇടം പിടിച്ച ആറന്മുള വിമാനത്താവളം പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കൊല്ലം ആറന്മുള ഉള്‍പ്പെടെ പതിനാല് പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കാനുള്ള തീരുമാനം. പാര്‍ലിമെന്റില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ നവി മുംബൈ, ഗോവയിലെ മോപ, കണ്ണൂര്‍ തുടങ്ങിയ പദ്ധതികള്‍ക്ക് ഒപ്പമാണ് ആറന്മുള പരിഗണിക്കപ്പെടുന്നത്.
അതിനിടെ, കേന്ദ്രം നടപ്പാക്കുന്ന പുതിയ വിമാനത്താവളങ്ങളെ സംബന്ധിച്ചു മെയ് ഒന്നിന് ചേരാനിരുന്ന വ്യോമയാന മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതിയുടെ അവലോകനയോഗം മെയ് അഞ്ചാം തീയതിയിലേക്ക് മാറ്റി. യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധികളായി മുപ്പതിലധികം സെക്രട്ടറിമാരും പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കും. ഈ യോഗവും ആറന്മുള അവലോകനം ചെയ്യും.